മലയാളി പൂസ്സായ ഓണം; 410 കോടിക്ക് കുടിച്ചു

ഈ ഓണക്കാലത്ത് പതിവ് പോലെ മലയാളി കുടിച്ച് വറ്റിച്ചത് 500 കോടിയോളം രൂപയുടെ മദ്യം.
ഔദ്യോഗിക കണക്കുകൾ അനുസരിച്ച് മുൻ വർഷങ്ങളെ കടത്തിവെട്ടി ഓണനാളുകളിൽ മലയാളി കുടിച്ചത് 410 കോടി രൂപയുടെ മദ്യം. ഈ കണക്കുകൾ അനുസരിച്ചു തന്നെ 16 ശതമാനത്തിന്റെ വർദ്ധനവാണ് മുൻവർഷങ്ങളേക്കാൾ കേരളത്തിൽ ഇക്കുറി ഉണ്ടായത്.
ഉത്രാടദിനത്തിൽ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു.
ഉത്രാട ദിനമായ ചൊവ്വാഴ്ചവരെയുള്ള എട്ടു ദിവസത്തെ കണക്കു പ്രകാരം 409.55 കോടി രൂപയുടെ മദ്യമാണ് സർക്കാർ ഔട്ട്ലെറ്റുകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം 353.08 കോടി രൂപയുടെ മദ്യം മാത്രമേ ഇതേ കാലയളവിൽ വിറ്റിരുന്നുള്ളു.
സെപ്റ്റംബർ ഒന്നുമുതൽ ഉത്രാടദിനംവരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണ്.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ ബിവറേജിസ് ഔട്ട്ലിട്ടാണ് ഇത്തവണയും മദ്യവിൽപനയിൽ മുന്നിലെത്തിയത്. ഇവിടെ ഉത്രാട ദിവസം മാത്രം വിറ്റത് 53.85 ലക്ഷം രൂപയുടെ മദ്യമാണ്.
സെപ്തംബർ ആറു മുതൽ ഒൻപത് വരെയുള്ള നാലു ദിവസം 183 കോടിയുടെ മദ്യവിൽപനയാണ് ബിവറേജസ് കോർപ്പറേഷനിലൂടെയും കൺസ്യൂമർ ഫെഡിലൂടെയും നടന്നത്. മുൻ വർഷം ഇത് 147 കോടി രൂപയായിരുന്നു.
37 കോടി രൂപയാണ് ആദ്യ നാലു ദിവസങ്ങളിലെ ബിവറേജിസ് കോർപ്പറേഷന്റെ ലാഭം.
സെപ്റ്റംബർ ആറിന് 43 കോടി രൂപയുടെ മദ്യം വിറ്റപ്പോൾ ഏഴിന് 47 കോടി രൂപയായി ഉയർന്നു. എട്ടിന് 44 കോടി രൂപയുടേയും ഒൻപതിന് 49 കോടി രൂപയുടേയും മദ്യമാണ് ചെലവായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here