ജാതീയമായ അടിച്ചമർത്തലുകൾ നിലനിൽക്കുന്നത് അപമാനകരം- പിണറായി

‘ഒരു ഭ്രാന്താലയ’മെന്ന് സ്വാമിവിവേകാനന്ദൻ വിശേഷിപ്പിച്ച കേരളത്തെ ‘ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന’മാക്കി മാറ്റാൻ ഒരു പരിധി വരെയെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ശ്രീനാരായണ ഗുരുവിന്റെ പങ്ക് വളരെ വലുതാണ് എന്ന് ഏവർക്കും ചതയ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് 69 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജാതീയമായ അടിച്ചമർത്തലുകളും അനാചാരങ്ങളും നിലനിൽക്കുന്നു എന്നത് രാജ്യത്തിനൊട്ടാകെ അപമാനമാണ് എന്നും പിണറായി തൻറെ ഫേസ്ബുക് പേജിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പേജിന്റ പൂർണ രൂപം.
ജാതീയതയുടെയും, സാമ്പത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയർത്തുന്നതിൽ നവോത്ഥാന നായകർക്കുള്ള പങ്ക് മുൻപ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതിൽ മുന്നിൽ നിൽക്കുന്ന പേരാണ് ശ്രീനാരായണ ഗുരുവിൻറേത്. ഗുരുവിൻറെ ജയന്തിദിനമാണ് നാളെ. (16. സെപ്റ്റംബർ )
മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന അധസ്ഥിത വർഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കിൽ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ നാരായണ ഗുരു ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്തത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് അദ്ദേഹത്തിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി. അദ്ദേഹം നടത്തിയ അരുവിക്കരയിലെ ഈഴവശിവൻ പ്രതിഷ്ഠയും, കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലാധ്യായങ്ങളാണ്.
‘ഒരു ഭ്രാന്താലയ’മെന്ന് സ്വാമിവിവേകാനന്ദൻ വിശേഷിപ്പിച്ച കേരളത്തെ ‘ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന’മാക്കി മാറ്റാൻ ഒരു പരിധി വരെയെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ശ്രീനാരായണ ഗുരുവിന്റെ പങ്ക് വളരെ വലുതാണ്.
സ്വാതന്ത്ര്യം ലഭിച്ച് 69 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജാതീയമായ അടിച്ചമർത്തലുകളും അനാചാരങ്ങളും നിലനിൽക്കുന്നു എന്നത് രാജ്യത്തിനൊട്ടാകെ അപമാനമാണ്. ‘നമുക്കു ജാതിയില്ല’ എന്ന ഗുരുവിളംബരത്തിന്റെ നൂറാം വർഷത്തിൽ തന്നെയാണ് ‘ഉന’യും, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളും അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേല്പിന് സാക്ഷ്യം വഹിച്ചത് എന്നത് ഏറെ പ്രസക്തമാണ്.
അതു കൊണ്ടു തന്നെ മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ കൂടുതൽ സമത്വസുന്ദരമായ കേരളത്തെയും ഭാരതത്തെയും നിർമിക്കുവാൻ ഗുരുവിൻറെ ചിന്തകളെ മനസ്സിലും ജീവിതത്തിലും ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നതാവട്ടെ ഗുരുദേവജയന്തി.
എല്ലാവർക്കും ചതയദിനാശംസകൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here