സുഗതകുമാരിയ്ക്ക് പിണറായിയുടെ മറുപടി

ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ പരാമർശം നടത്തിയ സുഗതകുമാരിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അന്യസംസ്ഥാന തൊഴിലാളികളെ നമ്മളിലൊരാളായി കാണണമെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

തൊഴിൽ തേടി വിദേശങ്ങളിൽ പോകുന്ന മലയാളികളുടെ എണ്ണത്തിനു ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്ത് ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം. ഗൾഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങൾ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടു വിട്ട് കേരളത്തിൽ ജോലിക്കെത്തുന്നവരുടെയും സ്ഥിതി സമാനമാണ് എന്ന് നമ്മൾ മനസിലാക്കണമെന്നും പിണറായി പറയുന്നു.

അവരെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയർ കാണിക്കണമെന്നും വ്യത്യസ്ത നാടുകളിൽ നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്‌ക്കാരമാണ് ചരിത്രപരമായി കേരളത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

2013ൽ Gulati Institute of Finance and Taxation (GIFT) നടത്തിയ പഠനപ്രകാരം 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഈ എണ്ണം ദിനം തോറും വർധിക്കുകയുമാണ്. ഇവരിൽ പലരുടെയും ജീവിതം തീർത്തും ദുരിതപൂർണമാണ്. വൃത്തിയുള്ള താമസസൗകര്യമോ, തൊഴിൽആരോഗ്യ പരിരക്ഷയോ ഭൂരിഭാഗത്തിനും ലഭ്യമല്ല. ഇവർക്ക് മെച്ചപ്പെട്ട ജീവിതസൗകര്യവും ആരോഗ്യവും ഉറപ്പുവരുത്തുക എന്നത് സംസ്ഥാനത്തിന്റെ സാമൂഹികകടമ കൂടിയാണെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

തൊഴിൽ തേടി വിദേശങ്ങളിൽ പോകുന്ന മലയാളികളുടെ എണ്ണത്തിനു ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്ത് ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം. ഗൾഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങൾ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടു വിട്ട് കേരളത്തിൽ ജോലിക്കെത്തുന്നവരുടെയും സ്ഥിതി സമാനമാണ് എന്ന് നമ്മൾ മനസിലാക്കണം. അവരെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയർ കാണിക്കണം. വ്യത്യസ്ത നാടുകളിൽ നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്ക്കാരമാണ് ചരിത്രപരമായി കേരളത്തിനുള്ളത്.

2013-ൽ Gulati Institute of Finance and Taxation (GIFT) നടത്തിയ പഠനപ്രകാരം 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഈ എണ്ണം ദിനം തോറും വർധിക്കുകയുമാണ്. ഇവരിൽ പലരുടെയും ജീവിതം തീർത്തും ദുരിതപൂർണമാണ്. വൃത്തിയുള്ള താമസസൗകര്യമോ, തൊഴിൽ-ആരോഗ്യ പരിരക്ഷയോ ഭൂരിഭാഗത്തിനും ലഭ്യമല്ല. തൊഴിലുടമകളുടെ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നവരുമാണിവർ. ഇവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് കേരള സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നതു കൊണ്ടു തന്നെ പല തരത്തിലുള്ള സാംക്രമികരോഗങ്ങൾ ഇവർക്കിടയിൽ പടർന്നുപിടിക്കാറുണ്ട്. ഇത് നമ്മുടെ പൊതുജനആരോഗ്യസംവിധാനത്തിനും ഭീഷണിയാകാറുണ്ട്. അതുകൊണ്ടു തന്നെ ഇവർക്ക് മെച്ചപ്പെട്ട ജീവിതസൗകര്യവും ആരോഗ്യവും ഉറപ്പുവരുത്തുക എന്നത് സംസ്ഥാനത്തിന്റെ സാമൂഹികകടമ കൂടിയാണ്.

ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസും സ്മാർട് കാർഡുകളും ലഭ്യമാക്കുന്ന ‘ആവാസ്’, താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള ‘അപ്നാ ഘർ’ എന്നീ പദ്ധതികൾ കേന്ദ്രസഹായത്തോടെ നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഈ പദ്ധതികൾ വലിയ പങ്കു വഹിക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top