ഗാന്ധിജിയെ അടുത്തറിയാം ഈ ചലച്ചിത്രങ്ങളിലൂടെ!!

രാഷ്ട്രപിതാവിനെക്കുറിച്ച് ഓരോ പുസ്തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരാറുള്ളത് എത്രയെത്ര പുതിയ അറിവുകളാണ്. സ്വാതന്ത്ര്യസമരസേനാനി,മനുഷ്യസ്‌നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണകോണിലൂടെയും നോക്കിക്കാണുന്ന പുസ്തകങ്ങൾ മാത്രമല്ല സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാന്ധിജയന്തി ദിനത്തിൽ ഇതാ എട്ട് ചിത്രങ്ങളെ നമുക്ക് പരിചയപ്പെടാം. നേരിട്ടോ അല്ലാതെയോ ഈ ചിത്രങ്ങൾ പറഞ്ഞുതരുന്നത് ആ മഹാത്മാവിനെക്കുറിച്ചാണ്.
ഗാന്ധി
എട്ട് ഓസ്‌കർ അവാർഡുകൾ അടക്കം 26 പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഗാന്ധി (1982) മഹാത്മാ ഗാന്ധിയുടെ ജീവിതകഥയാണ് പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരവും ബ്രിട്ടീഷുകാരോട് ഗാന്ധിജി സ്വീകരിച്ച അഹിംസാ നിലപാടുകളും ചിത്രം പ്രതിപാദിക്കുന്നു.ബെൻ കിങ്സ്ലിയാണ് ഗാന്ധിയായി വെള്ളിത്തിരയിലെത്തിയത്.
മേക്കിംഗ് ഓഫ് ദ മഹാത്മ
രജത് കപൂർ ഗാന്ധിജിയായി വേഷമിട്ട ഈ ശ്യാം ബെനഗൽ ചിത്രം ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. വംശീയഅധിക്ഷേപവും അതിനെതിരെയുള്ള പ്രവർത്തനങ്ങളും ചിത്രത്തിൽ പ്രധാന പ്രതിപാദ്യമാകുന്നു. മികച്ച നടനുള്ള സിൽവർ ലോട്ടസ് അവാർഡും ഈ ചിത്രത്തിലൂടെ രജത് കപൂറിനെ തേടിയെത്തി.
ഹേ റാം
ഗാന്ധിജിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ചിത്രമാണ് കമൽ ഹാസൻ നായകനായ ഹേ റാം. സാകേത് റാം എന്ന കഥാപാത്രമായാണ് കമൽഹാസൻ അഭിനയിച്ചിരിക്കുന്നത്. ഒരുപറ്റം കലാപകാരികൾ സാകേത് റാമിന്റെ ഭാര്യയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു. അതോടെ ജീവിതം തന്നെ മാറിപ്പോകുന്ന സാകേത് റാം മുസ്ലീംകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിക്കുകയും ഒരു ഹിന്ദു തീവ്രവാദ സംഘത്തിനൊപ്പം ചേരുകയും ചെയ്യുന്നു. തുടർന്നുള്ള അയാളുടെ ജീവിതവും അതിനെ ഗാന്ധിജിയുടെ ജീവിതം എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് സിനിമ പറയുന്നത്. നസറുദ്ദീൻ ഷായാണ് ഗാന്ധിജിയായി വേഷമിട്ടിരിക്കുന്നത്.
ലഗേ രഹോ മുന്നാഭായി
ജനപ്രിയമായ മുന്നാഭായി പരമ്പരയിലെ രണ്ടാമത്തെ ചിത്രമായ ലഗേ രഹോ മുന്നാഭായിയിൽ സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിനു മുന്നിലേക്ക് ഗാന്ധിജിയുടെ ആത്മാവ് എത്തുകയാണ്. ആ പ്രേരണയാൽ കഥാനായകന്റെ ജീവിതഗതിയിലുണ്ടാവുന്ന മാറ്റവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
മേംനേ ഗാന്ധി കോ നഹിം മാരാ
ഊർമ്മിമണ്ഡോദ്കർ,അനുപം ഖേർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. അൽഷിമേഴ്‌സ് ബാധിതനായ അനുപം ഖേർ താനാണ് ഗാന്ധിജിയെ കൊന്നതെന്ന് വിശ്വസിക്കുന്നതും അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗാന്ധി മൈ ഫാദർ
ഗാന്ധിജി എന്ന അച്ഛൻ എന്തായിരുന്നു എന്ന് പറയുന്ന ചിത്രമാണ് ഗാന്ധി മൈ ഫാദർ. ഗാന്ധിജിയും മൂത്തമകൻ ഹരിലാലും തമ്മിലുള്ള ബന്ധമാണ് ചിത്രം പ്രതിപാദിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here