പതിനാല് വർഷം ഒരു ചെറിയ കാലയളവല്ല

ഉയർച്ച താഴ്ചകൾ നിറഞ്ഞ അഭിനയ ജീവിതം. പരിഹാസങ്ങളെയും പരാജയങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് വിജയങ്ങൾ സ്വന്തമാക്കിയ പൃഥ്വി രാജ്, ആരാധകരുടെ പ്രിയ രാജുവായി മാറിയത് ആ അഭിനയ പ്രതിഭകൊണ്ടുതന്നെയാണ്.
2002ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ തുടങ്ങി ഊഴം വരെ എത്തിനിൽക്കുന്നു ആ അഭിനയ ജീവിതം. 14 കൊല്ലംകൊണ്ട് മലയാള സിനിമയിൽ തന്റേതായൊരിടം പൃഥ്വി സ്വന്തമാക്കി, ഒപ്പം അഹങ്കാരി എന്ന് കുറ്റപ്പെടുത്തിയവരുടെ മനസ്സിലും നേടി ഒരിടം.
മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുഗു, ബോളിവുഡ് സിനിമകളിലും പൃഥ്വി അഭിനയമികവ് തെളിയിച്ചു. കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം. മൊഴി, കാവ്യതലൈവൻ മണിരത്നത്തിന്റെ രാവൺ, റാണി മുഖർജിയ്ക്കൊപ്പം അയ്യ, അർജുൻ കപൂറിനൊപ്പം ഔറംഗസേബ്, ഇങ്ങനെ പോകുന്നു ഇതര ഭാഷകളിലെ പൃഥ്വിരാജ് ഹിറ്റ്സ്.
രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും പൃഥ്വിയെ തേടിയെത്തി. 2006 ൽ വാസ്തവത്തിലെ അഭിനയത്തിനും 2012 ൽ സെല്ലുലോയിഡിൽ ജെ സി ഡാനിയൽ എന്ന മലയാള സിനിമയുടെ പിതാവിനെ അനശ്വരമാക്കിയതിനും അയാളും ഞാനും തമ്മിൾ എന്ന ചിത്രത്തിനുമായിരുന്നു പുരസ്കാരങ്ങൾ.
സെല്ലുലോയിഡിലെ അഭിനയത്തിന് മികച്ച തെന്നിന്ത്യൻ നടനുള്ള ഫിലിംഫെയർ അവാർഡും പൃഥ്വിരാജ് നേടി. ടിയാൻ, ഇസ്ര എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.
ഉറുമി, സപ്തമശ്രീ തസ്കര, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ബിജുമേനോൻ-ആസിഫലി ചിത്രം അനുരാഗ കരിക്കിൻ വെള്ളവും പൃഥ്വി, സന്തോഷ് ശിവൻ, ഷാജി നടേശൻ ടീമിന്റെ ഓഗസ്റ്റ് ഫിലിംസ് തന്നെയാണ് നിർമ്മിച്ചത്.
എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, അനാർക്കലി എന്നീ മൂന്ന് ചിത്രങ്ങളിലൂടെ 2015 ൽ ഹാട്രിക് വിജയം നേടി പൃഥി ഇനി സംവിധാന രംഗത്തേക്കും ചുവടുവെക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രത്തിലൂടെയമാണ് പൃഥ്വി സംവിധായകനാകുന്നത്.
നിലവിൽ നടനെന്നതിനൊപ്പം പിന്നണി ഗായകനായും നിർമ്മാതാവായും പൃഥ്വി തിളങ്ങിക്കഴിഞ്ഞു. ആരാധകർ കാത്തിരിക്കുകയാണ് പൃഥ്വി മോഹൻലാൽ ചിത്രത്തിനായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here