എഴുത്തച്ഛൻ പുരസ്കാരം സി രാധാകൃഷ്ണന്

ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. ഒന്നര ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിനു നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. നോവലിസ്റ്റ്, കഥാകാരൻ, സംവിധായകൻ, അധ്യാപകൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രാധാകൃഷ്ണൻ പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് ജനിച്ചത്.
എല്ലാ മായ്ക്കുന്ന കടൽ, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, പുഴ മുതൽ പുഴ വരെ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠസമിതിയുടെ മൂർത്തീദേവി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം, വയലാർ അവാർഡ്, പത്മപ്രഭാ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകീരങ്ങളും ലഭിച്ചു.