സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ‘മോഡി’റ്റൈസേഷന്‍

Demonetisation

500ന്റെയും 1000ത്തിന്റെയും ഇന്ത്യൻ രൂപ അസാധുവാക്കിയ കേന്ദ്രഭരണകൂട നടപടി വിദേശ ഇന്ത്യക്കാരിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. മിക്ക ആളുകളുടെ കൈയിലും ഇത്തരം നോട്ടുകൾ കാണും. നാട്ടിൽ നിന്ന് വിമാനം കയറുമ്പോൾ കീശയിൽ ബാക്കിയായവ ആകാം. അതല്ലെങ്കിൽ, നാട്ടിലേക്ക് പോകുമ്പോൾ ഉപയോഗിക്കാൻ, മണി എക്‌സ്‌ചേഞ്ചിൽ നിന്ന് മാറ്റിയെടുത്തതാകാം. നാട്ടിൽ നിന്ന് വിമാനം കയറുന്നതിന് മുമ്പ് നിത്യചെലവിന് കുടുംബത്തെ ഏൽപിക്കാൻ ബേങ്കിൽ നിന്ന് പിൻവലിച്ച പണത്തിന്റെ കുറച്ചു ഭാഗമാകാം. എന്തായാലും ഒരു കാര്യം ഉറപ്പ്. അത് കള്ളപ്പണമല്ല.

അടുത്തൊന്നും നാട്ടിൽ പോകാൻ കഴിയാത്തവർ ഹതഭാഗ്യർ. നോട്ട് എന്നന്നേക്കും അസാധുവായി. മണി എക്‌സ്‌ചേഞ്ചുകൾ ഇവ സ്വീകരിക്കുന്നില്ല. മാറ്റിയെടുക്കാൻ നാട്ടിൽ പോകുന്നത് പ്രായോഗികമല്ല. ഏതാണ്ട് 20കോടി രൂപ ഇത്തരത്തിൽ പാഴായിപോകുന്നു. ഭവനനിർമാണത്തിനോ കല്യാണത്തിനോ നാട്ടിൽ സ്വരൂപിച്ച പണം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയവർ വേറെ.

മറ്റൊന്ന്, നാട്ടിൽ ഉറ്റവർ നേരിടുന്ന ദുരിതങ്ങൾ കാരണമുള്ള മാനസിക വിഷമങ്ങളാണ്. കേരളത്തിലെ 30 ശതമാനം കുടുംബങ്ങൾ ഗൾഫ് പണത്തെ ആശ്രയിക്കുന്നവരാണ്. ദൈനംദിന കാര്യങ്ങൾ നോക്കുന്നത് സ്ത്രീകൾ. ഇവർ നോട്ട് മാറ്റിയെടുക്കാൻ ദിവസവും ബാങ്കിനു മുന്നിൽ വരിയായി നിൽക്കേണ്ടിവരുന്നു. പതിവുചര്യകൾ അവതാളത്തിൽ. പ്രതിസന്ധികാരണം നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചവരുമുണ്ട്. പച്ചക്കറി കടകളിലോ മീൻ ചന്തയിലോ ‘പ്ലാസ്റ്റിക്’ പണം സ്വീകരിക്കുകയില്ല. അത്‌കൊണ്ട് അവധി ദിനങ്ങൾ മുഴുവൻ ‘രാജ്യസ്‌നേഹത്തിന്’ വിനിയോഗിക്കേണ്ടിവരും.

ഇന്ത്യയിലേക്ക് പോകുന്നവർ, ഡോളറോ ദിർഹമോ ആണ് കരുതേണ്ടത് എന്ന് വിദേശ നയതന്ത്ര പ്രതിനിധികൾ അവരുടെ പ്രജകളെ ഉണർത്തിച്ചത് കാരണം ഇന്ത്യക്കാർക്ക് തലയുയർത്തിപ്പിടിച്ച് നടക്കാൻ കഴിയുന്നില്ല. ഇന്ത്യൻ രൂപയിലുള്ള വിശ്വാസം ഏവർക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഡോളർ കൊണ്ടുപോയാൽ, ഏത് ഇന്ത്യൻ രൂപയും മണി മണിപോലെ ലഭ്യമാകുന്നുവെന്നാണ് നാട്ടിൽ നിന്നുള്ള വിവരം.

പണ്ട്, യു എ ഇയിലടക്കം ഇന്ത്യൻ രൂപയായിരുന്നു പ്രചാരത്തിൽ. പണ്ട് എന്നു പറഞ്ഞാൽ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത്. ഒമാൻ, കെനിയ, മൗറീഷ്യസ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നായിരുന്നു കറൻസി എത്തിയിരുന്നത്. ഇന്നും അറബികളിൽ പലരും കറൻസിയെ രൂപ എന്നാണ് പറയാറുള്ളത്.
കുവൈത്തിലും മറ്റും അറുപതുകൾ വരെ ഇന്ത്യൻ രൂപയായിരുന്നു പ്രചാരത്തിൽ. ഡോളറിനേക്കാൾ ശക്തിയുണ്ടായിരുന്നു ഇന്ത്യൻ രൂപക്ക്. ശ്വാസയോഗ്യവുമായിരുന്നു. സ്വർണത്തേക്കാൾ മൂല്യം എന്ന് പഴമക്കാർ പറയുന്നു. ലോകത്തെവിടെയും ഉൽപന്നങ്ങൾ വാങ്ങാൻ അറബികൾ ഇന്ത്യൻരൂപയാണ് ഉപയോഗിച്ചത്. എണ്ണ കണ്ടെത്തിയിട്ടും രൂപയുടെ പ്രഭാവം കുറഞ്ഞിരുന്നില്ല. ഇന്ത്യൻ റിസർവ് ബാങ്ക് 1966 വരെ ഗൾഫ് റുപീ അച്ചടിച്ചിരുന്നു. ആഗോളവത്കരണം ആരംഭിച്ചപ്പോഴാണ് അതിന് മാറ്റം വന്നത്. പതുക്കെ, ഡോളർ മധ്യപൗരസ്ത്യ ദേശത്തെയും കീഴടക്കി.

ഇന്ത്യയിലേക്ക് പോകുന്നവർ, ഡോളറോ ദിർഹമോ ആണ് കരുതേണ്ടത് എന്ന് വിദേശ നയതന്ത്ര പ്രതിനിധികൾ അവരുടെ പ്രജകളെ ഉണർത്തിച്ചത് കാരണം ഇന്ത്യക്കാർക്ക് തലയുയർത്തിപ്പിടിച്ച് നടക്കാൻ കഴിയുന്നില്ല.

കേന്ദ്ര തീരുമാനം രാജ്യാന്തര തലത്തിൽ, സാമ്പത്തിക തലത്തിലും വൈകാരികതലത്തിലും രൂപയുടെ മൂല്യം തകർക്കാനിടയാക്കിയിട്ടുണ്ട്. അടുത്തകാലത്തൊന്നും മടങ്ങിവരവ് ഉണ്ടാകില്ല. ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വില 18.56ൽ എത്തി നിൽക്കുന്നു. എന്നിട്ടും രൂപ ആരും വാങ്ങിക്കൂട്ടുന്നില്ല. രൂപയിൽ നിക്ഷേപം നടത്തുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും തുഗ്ലക്കിയൻ പരിഷ്‌കാരങ്ങൾ തുടരുമെന്നും ഇന്ത്യ വലിയ കുഴിയിൽ പതിക്കുമെന്നും ഭയക്കുന്നുണ്ട് പലരും.

യാതൊരു മുന്നൊരുക്കവുമില്ലാതെ, പ്രത്യാഘാതങ്ങൾ ആലോചിക്കാതെ, സുപ്രധാനമായ തീരുമാനം കൈകൊണ്ടുവെന്നാണ് വിദേശീയരുടെയും അഭിപ്രായം. കള്ളപ്പണത്തിനെതിരെ എന്ന് പറഞ്ഞ് കൈയടി നേടാൻ ശ്രമിച്ചുവെങ്കിലും ദയനീയ പരാജയമാണ് സംഭവിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നു. ഇതിനിടെ, ഗൾഫിലെ ഹവാല ഇടപാടുകാർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. നാട്ടിൽ 10,000 രൂപ ലഭിക്കാൻ ഏതാണ്ട് 550 ദിർഹമാണ് നൽകേണ്ടിയിരു ന്നത്.

നാട്ടിൽ അസാധുവായ നോട്ടുകൾ മതിയെങ്കിൽ 300 ദിർഹം നൽകിയാൽ മതിയെന്നാണ് വാഗ്ദാനം. ബാങ്കിൽപോയി വരിനിന്ന് മാറ്റിയെടുക്കാൻ സൗകര്യമുള്ളവർ ഈ സാഹചര്യം ഉപയോഗപ്പെടുത്തിയെന്ന് കേൾക്കുന്നു.
കള്ളപ്പണം ഏറെയും വസ്തു ഇടപാടുകൾക്കാണ് ഉപയോഗിക്കുന്നതെന്ന് അറിയാത്തവരല്ല, ഭരണാധികാരികൾ. പക്ഷേ, വൻകിട റിയൽ എസ്റ്റേറ്റുകാരെ തൊടാൻ ഏവർക്കും ഭയമാണ്. വിദേശ ബാങ്കുകളിൽ നിക്ഷേപം നടത്തിയവർ സ്വന്തക്കാരുമാണ്. അവരെ കുടുക്കാൻ കഴിയില്ല. അപ്പോൾ, കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും ചെയ്യണമെന്ന് ഭരണകൂടത്തിന് തോന്നിക്കാണും. പക്ഷേ, സാധാരണക്കാർ വലിയ വിലകൊടുക്കേണ്ടിവരും.

ഇന്ത്യയിലെ സഹകരണ ബാങ്കുകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള കേന്ദ്രതീരുമാനവും ജനങ്ങളിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിലുള്ളത് സാധാരണക്കാരുടെ നിക്ഷേപമാണ്. കേരളത്തിലാണെങ്കിൽ ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലുമാണ്. അവിടെ പണം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ, ആ പണം ഗൾഫ് മലയാളികളുടെയും വിയർപ്പും ചോരയുമാണ്.

പാക്കിസ്ഥാനിൽ കള്ളനോട്ട് അച്ചടിച്ച് ഗൾഫ് വഴി ഇന്ത്യയിലെത്തുന്നുവെന്ന് നിഗമനവും അസാധു തീരുമാനത്തിന് പിന്നിലുണ്ടെന്ന് കേൾക്കുന്നു. എന്നാൽ, അതിനെ നശിപ്പിക്കാൻ എന്തെല്ലാം വഴികളുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കാര്യക്ഷമമല്ലെങ്കിൽ ഇന്റർപോളിനെ ഏൽപിക്കാമായിരുന്നു. കള്ളനോട്ട് നിർമാണത്തിനും വിതരണത്തിനുമെതിരെ ഫലപ്രദമായി അവർ പ്രവർത്തിച്ചിട്ടുണ്ട്.

‘മുതലയെ കൊല്ലാൻ കുളം വറ്റിച്ചപോലെയായി അസാധുവാക്കൽ തീരുമാനമെന്ന് സീതാറം യെച്ചൂരി പറഞ്ഞതാണ് ശരി. മീനുകളൊക്കെ ചത്തു മുതലകൾ കരയിലും കയറി. ഇന്ത്യയിലെ സഹകരണ ബാങ്കുകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള കേന്ദ്രതീരുമാനവും ജനങ്ങളിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിലുള്ളത് സാധാരണക്കാരുടെ നിക്ഷേപമാണ്. കേരളത്തിലാണെങ്കിൽ ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലുമാണ്. അവിടെ പണം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ, ആ പണം ഗൾഫ് മലയാളികളുടെയും വിയർപ്പും ചോരയുമാണ്.

പലിശ ആഗ്രഹിക്കാത്തവർപോലും, സഹകരണ ബാങ്കുകളുടെ നിലനിൽപിനായി ചില്ലറ നിക്ഷേപങ്ങൾ നടത്താറുണ്ട്. അത് കൊണ്ടുതന്നെ പല സഹകരണ ബാങ്ക് അധികൃതരും ഗൾഫ് മലയാളികളുമായി നേരിട്ട് ബന്ധം പുലർത്തുന്നു. പുതുതലമുറ ബാങ്കുകളെക്കാൾ ഉത്തരവാദിത്വം സഹകരണമേഖല പ്രകടിപ്പിക്കുന്നത് കൊണ്ടാണ്. മൊത്തത്തിൽ വലിയ ആശയക്കുഴപ്പമാണ് എല്ലായിടത്തും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനപ്പുറം, നാട്ടിലേക്ക് പോകുന്നവർ ഡോളറോ ദിർഹമോ മാത്രം കൈയിൽ കരുതുകയാണ്. സ്വന്തം കറൻസിയിൽ വിശ്വാസമില്ലാതായിഎന്നർഥം.

moditisation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top