തെലങ്കാന മുഖ്യമന്ത്രിയുടെ കുളിമുറി വരെ ബുള്ളറ്റ് പ്രൂഫ്; സുരക്ഷാ മുൻനിർത്തിയെന്ന് വിശദീകരണം

ആഡംബര ജീവിതത്തിന് സർക്കാർ പണം ദൂർത്തടിക്കുന്നുവെന്ന ആരോപണം നേരിടുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ വീട്ടിലെ കുളിമുറി ബുള്ളറ്റ് പ്രൂഫ്.
അഞ്ച് കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് മേഴ്‌സിഡസ് ബെൻസ്, ബുളളറ്റ് പ്രൂഫ് ടൊയോട്ട ലാന്റ് ക്രൂയിസർ പ്രാഡോ എന്നിങ്ങനെയുള്ള ശേഖരത്തിലേക്കാണ് ഇപ്പോൾ ബുള്ളറ്റ് പ്രൂഫ് കുളിമുറിയും.
തന്റെ സുരക്ഷ ശക്തമാക്കുക എന്ന പേരിൽ Zplus കാറ്റഗറി സുരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്ന് ചന്ദ്രശേഖര റാവുവിനെതിരെ ആരോപണം നിലനിൽക്കെയാണ് പുതിയ സുരക്ഷാ മാർഗ്ഗങ്ങൾ.
ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച ബെഗംപെറ്റിലെ വീട്ടിലാണ് കുളിമുറി ബുള്ളറ്റ് പ്രൂഫ് ജനലുകളും വെന്റിലേറ്ററുകളും കൊണ്ട് നിർമ്മിച്ചിരിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടുത്തെ കിടപ്പുറികളിലെ ജനലുകളിൽ ഉപയോഗിച്ചിരിക്കുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന ഗ്ലാസുകൾ. വീടിനകത്തേക്ക് കാണാൻ പോലും സാധിക്കാത്ത വിധത്തിൽ കൂറ്റൻ ചുറ്റുമതിലുകളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സുരക്ഷാ സേനയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ആ നടപടികൾ എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നവംബർ 24 ന് മുഖ്യമന്ത്രി ഈ വീട്ടിലേക്ക് താമസം മാറും.
50ഓളം സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ ഓഫീസുകൂടിയായ വീട്ടിൽ ചന്ദ്രശേഖര റാവുവിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ ആയുധ ധാരികളായ ഉദ്യോഗസ്ഥരും ഉണ്ട്.
അതേസമയം മുഖ്യമന്ത്രിക്കായി ഒരുക്കിയ ഈ വീട് ഔദ്യോഗിക ഭവനമാണെന്നാണ് തെലങ്കാനയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വീടിനായി ചിലവഴിക്കുന്ന അധികതുകയെ കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കർശന സുരക്ഷ ഉള്ളതിനാൽ മന്ത്രിയുടെ വീട്ടിലെത്തുന്നവരുടെ ഫോണുകൾ ,വാച്ചുകൾ, തുടങ്ങിയ ലോഹ ഉൽപ്പന്നങ്ങൾ എല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ സന്ദർശകരെ അകത്തേക്ക് കയറ്റിവിടുകയുള്ളൂ.
Bulletproof Bathroom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here