നിര്‍ധനയായ യുവതിയ്ക്ക് വൃക്ക പകുത്ത് നല്‍കി വികാരി, ഇത് സഹാനുഭൂതിയുടെ നല്ല സമരിയക്കാരന്‍

ഈ ക്രിസ്തുമസ് ഹയറുന്നീസ ഒരിക്കലും മറക്കില്ല, കാരണം തന്റെ ശരീരത്തില്‍ എന്നന്നേക്കുമായി പണിമുടക്കിയ വൃക്കയ്ക്ക് പകരമായി ഒരു വൃക്ക ലഭിക്കുന്നു, അതും ഒരു ക്രിസ്തീയ പുരോഹിതനില്‍ നിന്ന്!! ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ്മ പുതുക്കുന്ന ഈ ക്രിസ്തുമസ് മാസത്തില്‍ തന്നെയാണ് ഈ നല്ല ഇടയന്‍ അവയവദാനം എന്ന മഹാദാനത്തിന്റെ മഹത്തായ സന്ദേശം സ്വന്തം ജീവിതം വഴി സമൂഹത്തിന് കാണിച്ച് കൊടുക്കുന്നത്.
ജാതിയുടെ പേരില്‍ നേരിട്ടും അല്ലാതെയും ഒളിയമ്പുകള്‍ എയ്ത് കൂട്ടുന്ന ഇന്നത്തെ സമൂഹം എന്നെന്നും ഓര്‍ക്കേണ്ട ഒന്നു കൂടിയാണ് ഈ മഹാദാനത്തിന്റെ കഥ.
മീനങ്ങാടി ചീങ്ങേരി സെന്റ് മേരീസ് യാക്കോബാ സുറിയാനി പള്ളി വികാരിയായ ഫാദര്‍ ഷിബു കുറ്റി പറിച്ചേലാണ് ഈ ഹൃദയവിശാലതയുടെ ആള്‍രൂപം. ഇരുവൃക്കകളും തകരാറിലായ ഹൈയറുന്നീസ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലാണ്. ഒന്നര വര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന ഹയറുന്നീസയ്ക്ക് ഉള്ളത് വാഹനാപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവും മൂന്നുവയസ്സുകാരിയായ മകളുമാണ്. ചികിത്സാ ചെലവുകളും, ജീവിത ചെലവുകളും പരസ്പരം കൂട്ടിമുട്ടാതെ വന്നപ്പോഴൊക്കെ ചികിത്സകള്‍ക്ക് ഒഴിവ് പറഞ്ഞു. അധികം വൈകാതെ ഹയറുന്നീസയുടെ ഇരുവൃക്കകളും പൂര്‍ണ്ണമായും തകരാറിലായി. വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ സാമ്പത്തികമായി പിന്നോക്കവസ്ഥയിലായിരുന്ന ഹയറുന്നീസ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുയായിരുന്നു. അപ്പോഴാണ് ദൈവദൂതനെ പോലെ ഫാദര്‍ ഷിബു എത്തുന്നത്. വൃക്ക ഹയറുന്നീസയുടെ രക്ത ഗ്രൂപ്പുമായി യോജിച്ചതോടെ കാര്യങ്ങള്‍ വീണ്ടും എളുപ്പമായി. മാത്രമല്ല, പലയിടത്തുന്നായി സംഘടിപ്പിച്ച അഞ്ച് ലക്ഷത്തോളം രൂപയും ഫാദര്‍ ഹയറുന്നീസയുടെ കുടുംബത്തിന് നല്‍കി.
എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് ആദ്യമായി ഹയറുന്നീസ ഫാദര്‍ ഷിബുവിനെ കണ്ടു. വാക്കുകളേക്കാറെ അന്ന് കണ്ണീര്‍ സംസാരിച്ചു. ഇന്ന് ഫാദറിന്റെ വൃക്ക ഹയറുന്നീസയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങും.
ഫാ.ഡേവിസ് ചിറമ്മല്‍ ചെയര്‍മാനായ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വഴിയാണ് ഫാദര്‍ ഷിബു ഹയറുന്നീസയുടെ അവസ്ഥയെ കുറിച്ച് അറിയുന്നത്. ഒക്ടോബര്‍ രണ്ടിന് ഫാദര്‍ ചിറമ്മേല്‍ ഫാദര്‍ ഷിബുവിന്റെ പള്ളിയിലെ പെരുന്നാളിനെത്തിയപ്പോഴാണ് വൃക്ക ദാനം ചെയ്യാനുള്ള സന്നദ്ധത ഫാദര്‍ ഷിബു വ്യക്തമാക്കിയത്.
ആ തീരുമാനം ക്രിസ്തുമസ് മാസത്തില്‍ തന്നെ ലക്ഷ്യം കണ്ടതിലെ സന്തോഷത്തിലാണ് ഫാദര്‍ ഷിബു.
father shibu, kidney, organ donation, lakeshore hospital kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here