ഇതായിരുന്നു ജോർജ് മൈക്കലിന്റെ ലാസ്റ്റ് ക്രിസ്തുമസ്

ആൻഡ്രൂ റിഡ്ഗ്ലിയുമായി ചേർന്ന് ‘വാം’ എന്ന സംഗീത ബാൻഡ് രൂപീകരിച്ചതോടെയാണ് ജോർജ് മൈക്കൽ എന്ന ഗായകനെ ലോകം അറിയുന്നത്.
ഗായകൻ മാത്രമല്ല, മറിച്ച് ഗാനരചയിതാവും, റെക്കോർഡ് പ്രൊഡ്യൂസറും കൂടിയാണ് ജോർജ് മൈക്കൽ. പോസ്റ്റ് ഡിസ്‌കോ ഡാൻസ് പോപ് ശൈലിയായിരുന്നു ജോർജിന്റേത്. ലാസ്റ്റ് ക്രിസ്മസ് എന്ന ഗാനമാണ് ജോർജിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ലാസ്റ്റ് ക്രിസ്തുമസ് എന്ന ഗാനം ഹിറ്റായപ്പോൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല തന്റെ ഭൂമിയിലെ അവസാന ദിവസവും ഒരു ക്രിസ്മസ് ദിനത്തിലായിരിക്കുമെന്ന്. ഈ ഡിസംബർ 3 ന് പാട്ടിറങ്ങി 32 വർഷം തികഞ്ഞിരുന്നു. 32 ആം വാർഷികം കഴിഞ്ഞ് കൃത്യം 22ാം ദിവസമാണ് (ഡിസംബർ 25) ജോർജ്ജ് മരിക്കുന്നത്.
മൈക്കൽ ജാക്‌സണെ കൂടാതെ ഒരു പോപ് രാജാവുണ്ടെങ്കിൽ അത് ജോർജ് മൈക്കലായിരുന്നു. തൊണ്ണൂറുകളിൽ സംഗീത ലോകം അടക്കിവാണ ഇദ്ദേഹത്തിന്റെ ആദ്യ സിംഗിൾ ആൽബം ഇറങ്ങിയത് 1987 ൽ ആയിരുന്നു. ഫെയ്ത് എന്ന ഈ ആൽബത്തിന്റെ 20 മില്ല്യണിൽ പരം കോപ്പികളാണ് വിറ്റഴിഞ്ഞത്.
ബിൽബോർഡ് ഹോട്ട് 100 പട്ടികയിൽ ജോർജിന്റെ എട്ട് നമ്പർ വൺ സിംഗിളുകളാണ് ഇടം പിടിച്ചിട്ടുള്ളത്. ലിസൺ വിത്തൗട്ട് പ്രജ്യൂഡിസ്, സോങ്ങ്‌സ് ഫ്രം ദി ലാസ്റ്റ് സെഞ്ചുറി, പേഷ്യൻസ്, ഓൾഡർ എന്നിവയായിരുന്നു അദ്ദേഹത്തെ മികച്ച ആൽബങ്ങൾ.
19 ആം വയസ്സിൽ തന്നെ താൻ ബൈസെക്ഷ്വലാണെന്ന് സുഹൃത്ത് ആൻഡ്രുവിനോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് താൻ സ്വവർഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞുവെന്ന് 2009 ൽ മൈക്കൽ തന്നെ പറഞ്ഞിട്ടുണ്ട്. സ്വവർഗാനുരാഗിയായതിൽ തനിക്ക് യാതൊരു പ്രശ്‌നവും അനുഭവപ്പെട്ടിട്ടില്ലെന്ന് ‘ദി അഡ്വൊക്കേറ്റിന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. 2005 ൽ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ‘ എ ഡിഫറന്റ് സ്റ്റോറി’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയിട്ടുണ്ട്.
മയക്കുമരുന്ന് കൈവശം വെച്ചതിന് നിരവധി തവണ അദ്ദേഹത്തെ പോലീസ് പിടിക്കുകയും, ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
1991 ൽ മൈക്കൽ ‘ബേർ’ എന്ന പേരിൽ തന്റെ ആത്മകഥ പുറത്തിറക്കി. 200 പേജിൽ കൂടുതൽ വരുന്ന ഈ പുസ്തകത്തിൽ മൈക്കൽ തന്റെ പ്രണയത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നെഴുതിയിട്ടുണ്ട്. ‘ലാസ്റ്റ് ക്രിസ്തുമസ്’, ‘വേക്ക് മീ അപ് ബിഫോർ യൂ ഗോ-ഗോ’, ‘കെയർലെസ് വിസ്പർ’, ‘ഫ്രീഡം 90’ എന്നിവയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകൾ.
about pop legend george micheal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here