സിനിമാ ലോകത്തിന് നഷ്ടമായത് ശക്തനായ സ്വഭാവനടനെ

ഓംപുരിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് സ്വഭാവ നടന് എന്ന ഗണത്തിലെ ശക്തമായ സാന്നിധ്യം. നാടകരംഗത്തുകൂടി സിനിമാ രംഗത്തേക്ക് എത്തിയ ഓംപുരിയുടെ ശബ്ദത്തിലും നോട്ടത്തിലും, അഭിനയത്തിന്റെ ഒരു തരിമ്പ് പോലും ഇതുവരെ മുഴച്ചുനിന്നിട്ടില്ല. അഭിനയം, ജീവിതവും അനുഭവവുമാക്കി മാറ്റി ഓംപുരി സ്ക്രീനില്‍ തെളിഞ്ഞപ്പോഴൊക്കെ പ്രേക്ഷകരില്‍ അത് നിസ്സഹായതയുടേയും സങ്കടത്തിന്റേയും വെറുപ്പിന്റെയും പകയുടേയും പുതു കഥകള്‍ നെയ്തു.
അഭിനയത്തോടൊപ്പം സാമൂഹിക പ്രശ്നങ്ങളിലെ ഇദ്ദേഹത്തിന്റെ നിലപാടുകളും സമൂഹം ചര്‍ച്ച ചെയ്തിട്ടുണ്ട്. എതിര്‍ക്കേണ്ടവയെ നിശിതമായി എതിര്‍ക്കുകയും സ്വീകരിക്കേണ്ടവയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു എന്ന് ഉറക്കെ പറയാനും ആര്‍ജ്ജവം കാണിച്ച നടനായിരുന്നു ഓംപുരി.
ഇസ്ലാം മതം സ്വീകരിച്ചു എന്ന വാര്‍ത്തിയിലൂടെ അടുത്തിടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഇദ്ദേഹം. മാര്‍ച്ച് മാസത്തില്‍ ഒരു ഉര്‍ദു ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് ഈ വിവാദം ഉണ്ടായത്. ലോകത്തെ വലിയമതം ഇസ്ലാമാണെന്നും അതിനില്ലാതെ നിലനില്‍പ്പില്ലെന്നും ലോകമെങ്ങും ഇസ്ലാം സ്വീകരിക്കണമെന്നുമാണ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഓംപുരി പറഞ്ഞത്. അടുത്തിടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ സംസാരിച്ചും വിവാദങ്ങളില്‍ പെട്ടിരുന്നു ഓംപുരി.എന്നാല്‍ പിന്നീട് പ്രസ്താവന മാറ്റിപ്പറഞ്ഞ അദ്ദേഹം മരിച്ച സൈനികരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ സിനിമകളില്‍ മാത്രം ഒതുങ്ങി നിന്ന ഒരു നടനല്ല ഇദ്ദേഹം. അമേരിക്കന്‍ ,ബ്രിട്ടീഷ് സിനിമകളിലും ഇദ്ദേഹം നടനായി തിളങ്ങി. എട്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗാന്ധിഎന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംവത്സരങ്ങള്‍, പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള സിനിമകളിലൂടെ മലയാളികളും ഈ നടനെ അടുത്തു കണ്ടു.
1982, 84 വർഷങ്ങളിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 1999ൽ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ompuri, bollywood, film, actor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here