Advertisement

പെന്‍സില്‍ മുനകളില്‍ അത്ഭുതലോകമൊരുക്കി മനോജ്

January 17, 2017
1 minute Read

നെയ്യാറ്റിന്‍കര സ്വദേശി മനോജിലെ കലാകാരന്റെ കലാവിരുതുകള്‍ പെന്‍സില്‍ മുനകളിലാണ്. പെന്‍സില്‍ മുനകളില്‍ എന്ത് കലയാണ് എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് മനോജ് ചിരിച്ച് കൊണ്ട് തന്റെ കയ്യിലെ ആ പെന്‍സിലുകള്‍ എടുത്തു തരും. അങ്ങോട്ട് ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ കാണാം, ഇന്ത്യയുടെ ഭൂപടവും, ഒരു മുഴം കയറില്‍ ജീവനൊടുക്കിയ ജിഷ്ണുവിന്റെ പ്രതീകവുമെല്ലാം…


പെന്‍സില്‍ മുനകളാണ് മനോജിന്റെ ക്യാന്‍വാസും, മോള്‍ഡുമെല്ലാം. ശ്രദ്ധയും,ക്ഷമയും കഷ്ടപ്പാടും ഒരു പോലെ വേണ്ട ഈ ‘മൈക്രോ കല’ മനോജിന്റെ മനസില്‍ കയറിക്കൂടിയത് ഒരു വര്‍ഷം മുമ്പാണ്. ഈച്ച എന്ന സിനിമ കണ്ടതോടെയായിരുന്നു ഇത്. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വെറ്റിനറി സയന്‍സ് വിദ്യാര്‍ത്ഥിയായ മനോജ് സര്‍ജ്ജിക്കല്‍ ബ്ലയിഡുമായി ഈ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു.


ആദ്യം നിര്‍മ്മിച്ചത് ഒരു ഹാര്‍ട്ടിന്റെ രൂപം. ആദ്യത്തെ പ്രാവശ്യം തലകറങ്ങി വീഴുകപോലും ചെയ്തു. അതൊന്നും മനോജിനെ പിന്നോട്ട് വലിച്ചില്ല. ഇപ്പോള്‍ നാല്‍പതോളം പെന്‍സില്‍ ശില്‍പങ്ങള്‍ മനോജ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ ഇന്ത്യയുടെ ഭുപടവും, അക്കങ്ങളും, ഇംഗ്ലീഷ് അക്ഷരമാലയുമാണ് ഏറ്റവും ബുദ്ധിമുട്ടി പൂര്‍ത്തിയാക്കിയതെന്ന് മനോജ് പറയുന്നു. ഇന്ത്യയുടെ ഭൂപടം ചെയ്തപ്പോള്‍ ആറ് തവണയാണ് പെന്‍സിലിന്റെ മുന ഒടിഞ്ഞ് പോയത്. ഒരാഴ്ചയെടുത്താണ് അത് പൂര്‍ത്തിയാക്കിയത്.


10ബി, 6 ബി പെന്‍സിലുകളിലാണ് മനോജ് ശില്‍പങ്ങള്‍ ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം കല്‍പ്പറ്റയില്‍ നടന്ന എക്സിബിഷനിലും , പുകസയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിലും മനോജിന്റെ കുഞ്ഞ് ശില്‍പങ്ങള്‍ കാണികളെ അതിശയിപ്പിച്ചു. എംഎ ബേബി അടക്കമുള്ള പ്രമുഖര്‍ അന്ന് മനോജിനെ അഭിനന്ദിച്ചിരുന്നു. ഇതിനേക്കാളേറെ മനോജ് വിലമതിക്കുന്ന ഒരു അംഗീകാരമുണ്ട്, റഷ്യക്കാരനായ സാലാവത് ഫിദായിയുടെ. ഇത്തരം മൈക്രോ ആര്‍ട്ടിലെ ഇന്ന് ലോകത്ത് അറിയപ്പെടുന്ന കലാകാന്മാരില്‍ പ്രമുഖനാണ് ഫിദായ്. മനോജ് തന്റെ വര്‍ക്കുകളുടെ ചിത്രങ്ങള്‍ ഫിദായുമായി പങ്ക് വച്ചിരുന്നു. മനോജിന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച ഫിദായ് തന്റെ ബുക്കിന്റെ കോപ്പി മനോജിന് അയച്ച് കൊടുക്കുകയും ചെയ്തു.

ഇനി മനോജിന്റെ മറ്റൊരു ലക്ഷ്യത്തിലേക്കുള്ള പാതയിലാണ്. തന്റെ ഈ കലാരൂപങ്ങള്‍ക്ക് വ്യാവസായികമായി ഒരു മാര്‍ക്കറ്റ് ഉണ്ടാക്കുക.  തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ കൂടുതല്‍ ആള്‍ക്കാരിലേക്ക് ഇനി ഇത് വര്‍ദ്ധിപ്പിക്കുകയാണ് മനോജിന്റെ ലക്ഷ്യം. ഗിഫ്റ്റായോ സ്വന്തമായോ ഈ ശില്‍പം വേണ്ടവര്‍ക്ക് ഇത് എത്തിച്ച് കൊടുക്കുമെന്ന് മനോജ് പറയുന്നു.  എന്താണ് വേണ്ടതെന്ന് കൃത്യമായി പറയുകയോ ഫോട്ടോ അയയ്ക്കുകയോ ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അത് ഗിഫ്റ്റായി കൊറിയര്‍ ചെയ്ത് കൊടക്കുമെന്നും മനോജ് പറയുന്നു.

മനോജിന്റെ ശില്‍പകലയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top