‘കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്; പൊട്ടിക്കരഞ്ഞു പോകുന്ന അവസ്ഥ’

പെൺകുട്ടികളുടെ സ്വകാര്യത പകർത്താൻ പാകത്തിന് സ്ഥാപിച്ച കാമറകൾ , പെൺകുട്ടികളെ കുറിച്ച് അപവാദങ്ങൾ മെനയുന്ന പ്രിൻസിപ്പാൾ , ദളിത് വിദ്യാർത്ഥിയെ കാന്റീനിൽ എച്ചിൽ വാരിക്കുന്ന ക്രൂരത, വിദ്യാർത്ഥികളുടെ തന്നെ ഒരു ചെറുസംഘത്തിന്റെ സമാന്തര മാനേജ്മെന്റ് , കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം ചെയ്യുന്ന പ്രിൻസിപ്പാൾ…
ഇപ്പോഴത്തെ ലോ അക്കാദമിയുടെ കഥകൾ ഒരു തട്ടുപൊളിപ്പൻ ഒരു മെഗാസീരിയലിനെ വെല്ലും.
ഒരുകാലത്തു നിയമവിദ്യാഭ്യാസത്തിൽ മികവിന്റെ പര്യായമായിരുന്ന തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിലവിലെ വിദ്യാർഥികളുടെ പരാതിയിലേറെയും കഴമ്പുള്ളതെന്ന് സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തി. പ്രിൻസിപ്പാൾ ആയി ലക്ഷ്മി നായർ ചുമതല ഏറ്റ ശേഷമുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ ഏറെയും ഉണ്ടായതെന്നും സമിതി കണ്ടെത്തി.
‘കുളിക്കടവിലെ ചാരക്കണ്ണുകൾ’
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ ഹനിക്കുന്നരീതിയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു.
കുട്ടികളുടെ മുറികളിൽ നിന്നും കുളിമുറികളിലേക്കു നീളുന്ന കോറിഡോറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകള്‍ കുളിച്ചു മടങ്ങുന്ന കുട്ടികളെയും അവരുടെ സ്വകാര്യതയെയും ഒപ്പിയെടുക്കാൻ പാകത്തിനുള്ളതാണെന്ന കുട്ടികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തി.
ബാത്ത് റൂമില്‍നിന്നും മടങ്ങിവരുന്ന വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്ന തരത്തിലാണ് അവ സ്ഥാപിച്ചിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങൾക്കും , മര്യാദകൾക്കും , ചട്ടങ്ങള്‍ക്കും വിരുദ്ധമാണിത്. ഒരുതരത്തിൽ പറഞ്ഞാൽ കുളിക്കടവിലിരുന്നു ഒളിഞ്ഞു നോക്കുന്നവന്റെ മാനസികാവസ്ഥയിലേക്ക് കോളേജ് ഭരിക്കുന്ന പ്രിൻസിപ്പാൾ തരാം താഴുകയാണ്.
” തടവറ ഭേദമായിരിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് “
”തടവറയ്ക്ക് തുല്യമാണ് ലോ അക്കാദമിയിലെ ഹോസ്റ്റല്‍” വിദ്യാർത്ഥിനികളിലൊരാൾ നിരാശയോടെയാണ് കമ്മിറ്റിയോട് സംസാരിച്ചത്. ഹോസ്റ്റൽ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണെന്നും കുട്ടികളെ പുറത്ത് വിടുന്നില്ലെന്നും ഒക്കെ ആരോപണങ്ങള്‍ നീളുന്നു.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ലക്ഷ്മി നായർ
അതെ സമയം ഹോസ്റ്റലിന്റെ സുരക്ഷാ കാര്യത്തിലെ ലക്ഷ്മി നായരുടെ ഭാഗം ന്യായീകരിക്കാവുന്നതാണെന്നു കമ്മിറ്റി വിലയിരുത്തി. ” ദൂരസ്ഥലങ്ങളില്‍ നിന്നൊക്കെ എത്തി എന്നെ വിശ്വസിച്ചു ഏല്‍പ്പിക്കുന്ന പെണ്‍കുട്ടികളുടെ സുരക്ഷ തീര്‍ച്ചയായും ഞാന്‍ നോക്കേണ്ടതാണ്, ഒരു ലേഡീസ് ഹോസ്റ്റലിനുവേണ്ട ആവശ്യ നിയന്ത്രണങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. അതു പാലിക്കുന്നവര്‍ക്കു മാത്രമേ ഇവിടെ താമസിക്കാന്‍ പറ്റൂ, കോളേജ് ഹോസ്റ്റലില്‍ തന്നെ താമസിക്കണം എന്നൊരു നിര്‍ബന്ധവും നിബന്ധനയും ഇല്ല എന്നോര്‍ക്കണം.” ലക്ഷ്മി നായർ കമ്മിറ്റിയോട് വിശദീകരിച്ചു.
“അവര്‍ക്കു വേണമെങ്കില്‍ പുറത്തുള്ള ഹോസ്റ്റലില്‍ താമസിക്കാമല്ലോ. ആകെ 100 പേര്‍ക്കു മാത്രമേ ഇവിടെ താമസസൗകര്യമുള്ളൂ എന്നതാണ് സത്യം. അതു കൊണ്ടു തന്നെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നവര്‍ക്കാണ് ഈ ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നത്.” ഹോസ്റ്റൽ ചുമതലയുള്ള ലക്ഷ്മി നായർ തന്റെ ഭാഗം വ്യക്തമാക്കുന്നു.
ഭാവി മരുമകളുടെ ശരിക്കും ഭാവി തുലാസിൽ
പ്രിൻസിപ്പാൾ ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടുകയും , അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തു
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്കി എന്ന ഗുരുതരമായ ആരോപണം സത്യമാണെന്നു പരിശോധനകളിൽ വ്യക്തമായതായി സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തി. പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് 10 വരെയായി. അതെ സമയം ഭാവി മരുമകള്‍ അനുരാധനായര്ക്ക് ഇല്ലാത്ത ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും ഹാജരില്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു വിദ്യാർത്ഥികൾ കോൺഡോനേഷനിൽ കുടുങ്ങി വർഷം നഷ്ടപ്പെടുമ്പോൾ അനുരാധ അതിനെല്ലാം അതീതയാവുന്നു എന്ന് സമിതി കണ്ടെത്തി. അനുരാധയുടെ പരീക്ഷാ ഫലം റദ്ദു ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
‘ചെറിയ കട’ തലശ്ശേരി ബിരിയാണി വിളമ്പാനും വിദ്യാർഥികൾ
ലോ അക്കാദമി ലോ കോളേജ് ക്യാമ്പസില്‍ ‘ചെറിയകട’ എന്ന പേരില്‍ ബീവറേജസ് ഔട്ട്ലെറ്റിന് അഭിമുഖമായി ഒരു ഹോട്ടല്‍ കോളേജ് അധികൃതര്‍ നടത്തുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നു.
കോളേജ് നടത്തുന്ന ചെറിയകട എന്ന ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ബിരിയാണി വിളമ്പിക്കുകയും മേശ തുടപ്പിക്കുകയും ചെയ്യുന്നു. ഇതിന് ഇരയായ ഒരു ദളിത് വിദ്യാര്‍ത്ഥി പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ്സെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ കാര്‍ ഡ്രൈവ് ചെയ്യിക്കുന്നതും നിത്യ സംഭവമാണ്. ഇത്തരം ജോലിചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ഇന്റേണല്‍ മാര്‍ക്ക് കൂട്ടി നല്കുന്നു. തുടങ്ങി പരാതികളുടെ പ്രവാഹമായിരുന്നു. ഇക്കാര്യങ്ങളിൽ ഭാഗികമായ തെളിവുകൾ മാത്രമേ സമിതിക്ക് കണ്ടെത്താൻ ആയുള്ളൂ. അതെ സമയം ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസ് , മറ്റു ഏജൻസികളുടെ അന്വേഷണം നിലനിൽക്കുന്നതിനാൽ സിൻഡിക്കേറ്റ് അക്കാര്യങ്ങളിൽ ശുപാർശകൾ നൽകിയില്ല.
കേട്ടാലറയ്ക്കുന്ന തെറി; പാചകത്തിന്റെ ഭംഗി വാചകത്തിനില്ല
വിദ്യാർത്ഥികളോടുള്ള പ്രിൻസിപ്പാൾ ലക്ഷ്മി നായരുടെ ഭാഷ പ്രയോഗം , ശൈലി , പെരുമാറ്റം എന്നിവ സംബന്ധിച്ച് കുട്ടികളും രക്ഷകർത്താക്കളും ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ അവർ സമർപ്പിച്ച ഓഡിയോ റെക്കോഡിംങ് പര്യാപ്തമായിരുന്നു
മാതാപിതാക്കളെ കോളേജില്‍ വിളിപ്പിക്കുമ്പോള്‍ മണിക്കൂറുകളോളം അവരെ ഓഫീസ് വരാന്തയില്‍ നിറുത്തുകയും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് അപമാനിക്കുകയും ചെയ്യുന്നു. ഭാഷ, ജാതി, ദേശം, നിറം എന്നതിന്റെ പേരിലുള്ള അപമാനിക്കലും പീഡനവും നടക്കാറുണ്ട്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രോഗികളാകുമ്പോള്‍ രോഗത്തിന്റെ പേരുപറഞ്ഞ് അവരെ അപമാനിക്കുന്നു. ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കുന്നില്ല. ഇങ്ങനെ വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങളിലേറെയും വിശ്വസിക്കേണ്ടി വന്നുവെന്ന് സമിതിയിൽ അഭിപ്രായം ഉയർന്നു. വിദ്യാര്‍ത്ഥികളുടെ അന്തസ്, വ്യക്തിത്വം ഇവ കാത്തുസൂക്ഷിക്കപ്പെടുന്നില്ല എന്നും സമിതി വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here