മന്നാർഗുഡി ടു പോയസ് ഗാർഡൻ

അധികാരത്തിന്റെ പെൺകരുത്തിലേക്ക് തമിഴക രാഷ്ട്രീയത്തിൽ ഒരാൾകൂടി എത്തുകയാണ്. ജാനകി രാമചന്ദ്രനും സാക്ഷാൽ ജയലളിതയ്ക്കും ശേഷം. ജാനകിയും ജയയും ആൾക്കൂട്ടങ്ങളെ നിർമ്മിച്ച താര സാന്നിധ്യമായിരുന്നു എങ്കിൽ അകത്തളത്തിൽ നിന്നുള്ള പുറംപ്രവേശമാണ് ശശികലയുടേത്. എന്നും ജയയുടെ നിഴലായിരുന്നു ശശികല.അമ്മയുടെ വാക്കിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല,1989 ൽ ഒരുമിച്ച് താമസം തുടങ്ങിയത് മുതൽ.
1953-ൽ വിവേകാനന്ദം-കൃഷ്ണവേണി ദമ്പതികളുടെ മകളായിട്ടാണ് മന്നാർഗുഡിയിൽ ശശികലയുടെ ജനനം.സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ഡിഎംകെ ബന്ധമുണ്ടായിരുന്ന നടരാജനുമായി വിവാഹം.
അടിയന്തരാവസ്ഥക്കാലത്ത് ഭർത്താവിന്റെ ജോലി നഷ്ടമായപ്പോൾ കുടുംബം പുലർത്താൻ ശശി മുന്നിട്ടിറങ്ങി.മന്നാർഗുഡിയിൽ വിനോദ് വീഡിയോ വിഷൻ എന്ന കാസറ്റ് കട തുടങ്ങി. അന്ന് പാർട്ടിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ജയയെ കണ്ടത് പരിപാടികളുടെ ചിത്രീകരണ അനുമതി തേടി. ആ ബന്ധം വളർന്നു.
1991-ൽ ജയ ആദ്യമായി മുഖ്യമന്ത്രി ആയപ്പോൾ പോയസ് ഗാർഡനിലേക്ക് ചുവടുവച്ചു ശശികലയും.വീടിന്റെ ചുമതലകൾ ജയ ശശികലയ്ക്ക് നൽകി. പതുക്കെ പതുക്കെ പാർട്ടിയുമായും ശശികല ബന്ധം സ്ഥാപിച്ചു.പക്ഷേ ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് എത്താൻ താത്പര്യം കാട്ടിയില്ല. ജയയുടെ പിന്നിൽ മാത്രം നിന്നു.
എഐഎഡിഎംകെയുടെ പ്രാഥമിക അംഗത്വവും നിർവാഹക സമിതിയിൽ ക്ഷണിതാവ് സ്ഥാനവും മാത്രം,ജയ മരിക്കുന്നത് വരെ.
ശശികലയുടെ കുടുംബം ആധിപത്യം സ്ഥാപിച്ചു തുടങ്ങിയപ്പോൾ ജയ ഇടങ്ങു.ഇടക്കാലത്ത് പടിയിറക്കം. അഴിമതി കേസിലെ ജയിൽ വാസത്തിന് ശേഷം ജയ ജയിൽമോചിതയായപ്പോൾ ശശികല വീണ്ടുമെത്തി.
2011ലും ജയ ശശികലയോട് പിണങ്ങി. ഭർത്താവ് നടരാജന്റെ ചെയ്തികൾ പരിധി വിട്ടപ്പോൾ ജയ വീണ്ടും പരിഭവം പറഞ്ഞു. അക്കയ്ക്കു വേണ്ടി ഭർത്താവിനെ ഉപേക്ഷിച്ചാണ് ശശികല പിന്നീട് പൊയസ് ഗാർഡന്റെ പടി ചവിട്ടിയത്. മരണം വരെ പിന്നീട് ജയയ്‌ക്കൊപ്പം നിന്നു.
ജയയ്ക്ക് ശേഷം ആരെന്ന ചോദ്യം ഉയർന്നപ്പോൾ ശശികലയിലാണ് പാർട്ടി ഉത്തരം കണ്ടെത്തിയത്. അങ്ങനെ,എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി. ജയ മരിച്ച് ഒരു മാസം തികയുമ്പോൾ. രണ്ടാം മാസം തികയുമ്പോൾ ഇതാ തമിഴകത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് കൂടി.പാർട്ടിയെ ഒരുമിച്ച് നിർത്താൻ ശശികലയ്ക്ക് കഴിയും എന്ന ചിന്തയാണ് തീരുമാനങ്ങൾക്ക് പിന്നിൽ. പക്ഷേ അണികൾക്കത് സ്വീകാര്യമാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്.വിധി വരാനിരിക്കുന്ന അഴിമതി കേസുകളും ശശികലയുടെ ഭാവി നിർണയിക്കും. പൊതുവേദിയിൽ ജനങ്ങളോട് സംസാരിക്കാതെ,പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാതെ ശശികല മുഖ്യമന്ത്രി ആകുകയാണ്.ചിന്നമ്മ എന്ന വിളിപ്പേരിൽ മാത്രം ഒതുങ്ങുമോ ശശികല എന്ന് കാത്തിരുന്ന് കാണാം.
mannargudi to poius garden journey of sasikala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here