പിറവം പുഴ വൃത്തിയാക്കി ഒരു കൂട്ടം ചെറുപ്പക്കാർ

മാലിന്യം കൊണ്ട് നിറഞ്ഞ പിറവം പുഴയുടെ ചരിത്രം മാറ്റിയെഴുതി നാൽവർ സംഗം. ദുർഗന്ധം നിറഞ്ഞ് പ്ലാസ്റ്റിക്ക് നിറഞ്ഞൊഴുകിയ പുഴ ഇന്ന് സുന്ദരിയാണ്. തെളിനീരൊഴുകുന്ന സുന്ദരി. ഇതിന് പിന്നിൽ നാലു ചെറുപ്പക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെ വിയർപ്പുണ്ട്.
പിറവം സ്വദേശിയായ പഞ്ചായത് സ്റ്റാന്റിങ്ങ് കമ്മറ്റി അംഗമായ ജിൻസിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് പുഴ വൃത്തിയാക്കിയത്. ‘സേവ് പിറവം റിവർ’ എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്.
പിറവത്ത് പ്രവർത്തിച്ചുവരുന്ന ‘സ്വിമ്മേഴ്‌സ് ക്ലബ്’ എന്ന സംഘടനയുമായി ചേർന്നാണ് ‘സേവ് പിറവം റിവർ’ എന്ന പദ്ധതി രൂപീകരിച്ചത്. ജോസ് കെ മാണിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ജിൻസ്, ജെയിംസ്, ജോമോൻ, ഷാരോൺ, വർഗീസ് എന്നിവരാണ് പുഴ വൃത്തിയാക്കുന്നത്.
ചെറുവള്ളങ്ങളിലായി പുഴയിലറങ്ങിയ ഇവർ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വൻ കൂമ്പാരം തന്നെ ശേഖരിച്ച് ഒരു വലിയ വള്ളത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശ്രമം ഫലം കണ്ടുതുടങ്ങി.
മാലിന്യംകൊണ്ട് മൂടപ്പെട്ടിരുന്ന പുഴയുടെ മുഖം ഇന്ന് അൽപ്പം തെളിഞ്ഞിരിക്കുന്നു. പിറവം പുഴയിലെ മാലിന്യം മുഴുവൻ നീക്കാൻ മുന്നിട്ടിറങ്ങിയ ഈ സംഘത്തെ സഹായിക്കാൻ സ്‌കൂളുകളിലെ എൻസിസി കേഡറ്റ് സംഘങ്ങളും എത്തുന്നുണ്ട്.
പത്ത് ലക്ഷത്തോളം പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന, നിരവധി ജലസേചന പദ്ധതികളുടെ ഭാഗമായ പിറവം പുഴ കണ്ടാൽ അറയ്ക്കുന്ന വിധത്തിൽ മലിനമായിരുന്നു. ജനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ വസ്തുക്കളും, അറവ് മാലിന്യങ്ങളും, പ്ലാസ്റ്റിക്കും പുഴയിൽ കെട്ടികിടന്ന് പിറവം പുഴയുടെ ഭംഗി മുഴുവൻ കവർന്നെടുത്തിരുന്നു. ഏറെ നാളായി അത്തരത്തിൽ ഒരു ‘പ്ലാസ്റ്റിക്’ ജലാശയമായിരുന്ന പുഴയാണ് ഈ ചെറുപ്പക്കാർ വൃത്തിയാക്കി അതിന്റെ നഷ്ടപ്പെട്ട പകിട്ടും ഭംഗിയും തിരിച്ച് നൽകുന്നത്.
young men cleaned piravom river, jalakalapam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here