പച്ചക്കറികൾക്ക് പൊള്ളുന്ന വില; ചില വാർത്തകൾ ആസൂത്രിതമെന്ന് മന്ത്രി

അരിയ്ക്കും പാലിനും വിലകൂടിയതിന് പിറകെ പച്ചക്കറി വിലയും കുതിച്ചുയരുന്നു. പച്ചക്കറികൾക്ക് മാത്രമല്ല, പഴ വർഗങ്ങൾ, ഇറച്ചി, വെളിച്ചെണ്ണ എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്.
30 രൂപയുണ്ടായിരുന്ന ബീൻസിന് ഇന്ന് 80 രൂപയാണ്. ഉരുളക്കിഴങ്ങ് 40രൂപ, തേങ്ങ കിലോ 40 രൂപ, പയർ 60 രൂപ എന്നിങ്ങനെയാണ് പൊതു വിപണിയിലെ പച്ചക്കറി വില. 20 രൂപയുണ്ടായിരുന്ന വെണ്ടയുടെ വില 70 രൂപയിലെത്തി. ഹോർട്ടി കോർപ്പിലെ പച്ചക്കറികളുടെ വിലയ്ക്കും കുറവില്ല. അമരയ്ക്ക് 70 രൂപ, വെണ്ട 65 രൂപ, പയർ 55 രൂപ, ബീൻസ് 65, തേങ്ങ കിലോ 40 രൂപ.
പച്ചക്കറി വില വർധനവ് തടയാൻ സർക്കാർ വേണ്ട ഇടപെടൽ നടത്തുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ ഓഫീസ് അറിയിച്ചു. ഫെബ്രുവരി 16 ന് ശേഷം ഹോർട്ടികോർപ്പിന്റെയും വിഎഫ്പിസികെയുടേയും യോഗം വിളിച്ച് ചേർക്കും. എന്നാൽ അടിയന്തര ഇടപെടൽ നടത്തിയാലും വില പിടിച്ചു നിർത്താൻ ദിവസങ്ങൾ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ വിദേശ പര്യടനത്തിലുള്ള കൃഷി മന്ത്രി തിരിച്ചെത്തിയാലുടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എന്നാൽ ആന്ധ്ര അടക്കം കേരളത്തിലേക്ക് പച്ചക്കറികളെത്തുന്ന പ്രദേശങ്ങൾ കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ വിലക്കയറ്റം പൂർണ്ണമായി പരിഹരിക്കാനാകില്ലെന്നും കൃഷി മന്ത്രിയുടെ ഓഫീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here