അംഗൻവാടിയ്ക്ക് സമീപം ബിവറേജസ് ഔട്ട്ലറ്റ്; പ്രതിഷേധവുമായി നാട്ടുകാർ

എറണാകുളം പൊന്നുരുന്നി ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ പ്രതിഷേധം. നഗരസഭയുടെ പോലും അനുമതി ഇല്ലാതെ ജനവാസകേന്ദ്രമായ പൊന്നുരുന്നിയിലേക്ക് വൈറ്റിലയിലെ ബിവറേജസ് ഔട്ട്ലറ്റ് മാറ്റിയെന്നാരോപിച്ചാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ പ്രതിഷേധം. ഔട്ട്ലറ്റിനെതിരെ സംയുക്ത സമരസമിതിയുടെ പ്രക്ഷോഭം 2ആം ദിവസവും തുടരുകയാണ്.
വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർഫെഡിന്റെ ചില്ലറ വിൽപ്പനശാല കഴിഞ്ഞ ദിവസങ്ങളിലാണ് ജനവാസമേഖലയായ പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിച്ചത്. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി.
അതീവ രഹസ്യമായാണ് കൺസ്യൂമർഫെഡ് മദ്യശാല പൊന്നുരുന്നിയിലേക്ക് മാറ്റി സ്ഥാപിച്ചത്. വാർഡ് കൗൺസിലറോട്പോലും ആലോചിക്കാതെയാണ് ഇത് നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സമീപത്ത് അംഗൻവാടി അടക്കം പ്രവർത്തിക്കുന്നത് കൺസ്യൂമർഫെഡ് പരിഗണിച്ചില്ല. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി സംയുക്ത സമരത്തിന് ഇറങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here