മന്ത്രിയെ കുരുക്കിയത് മാധ്യമപ്രവർത്തക ?

24 ന്യൂസ് എക്സ്ക്ലൂസീവ്
മന്ത്രി എ കെ ശശീന്ദ്രനെ ഫോൺ കോളിൽ കുടുക്കിയ ‘അഗതിയായ അജ്ഞാത പരാതിക്കാരി’ ഒരു ജേർണലിസ്റ്റ് ആണെന്ന് സൂചന. ഇപ്പോൾ അവധിയിൽ പ്രവേശിച്ച വനിതാ ജേർണലിസ്റ്റ് എന്ത് പരാതിയുമായാണ് മന്ത്രിയെ സമീപിച്ചതെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. അതെ സമയം തന്നെ മന്ത്രി നിർബന്ധപൂർവ്വം വശത്താക്കിയതായും അധികാര ദുർവിനിയോഗം നടത്തിയതായും ആരും തന്നെ പോലീസിൽ പരാതി ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിൽ ഇതിനു പിന്നിലെ ‘ഹണി ട്രാപ്പ്’ സത്യമാകും തിരയുക.
ഇത് ‘ഹണി ട്രാപ്പ്’ അല്ലെങ്കിൽ പരാതിക്കാരി പ്രത്യക്ഷപ്പെടണം
വാർത്തയ്ക്കു വേണ്ടി വാർത്ത സൃഷ്ടിക്കുന്ന ‘ഹണി ട്രാപ്പ്’ ആണ് പുതിയ വാർത്താ ചാനൽ ചെയ്തതെന്ന് ഇതിനോടകം മാധ്യമലോകത്ത് തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു. ഇടതു മന്ത്രിസഭയിലെ മൂന്നു മന്ത്രിമാരെ ഒരേ സമയം കുടുക്കിയ ‘ഹണി ട്രാപ്പ്’ ആണ് ചാനൽ നടത്തിയത്. അതിൽ ഒരാളെ വീഴ്ത്തി. മറ്റു രണ്ടു പേരുകൾ കൂടി ഉടൻ പുറത്തുവിടുമെന്ന് ചാനൽ തന്നെ പറയുകയും ചെയ്തു. എന്നാൽ വിചാരിച്ചത് പോലെ എ കെ ശശീന്ദ്രന്റെ കാര്യത്തിൽ ജനരോഷം ഉണ്ടാവാതിരിക്കുകയും ചാനലിന്റെ പത്രപ്രവർത്തന രീതിയോട് വൻതോതിൽ എതിർപ്പ് ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ മറ്റു വാർത്തകൾ പുറത്തു വിടാൻ കഴിയാതെ ചാനൽ കുടുങ്ങുകയായിരുന്നു.
ഊർജ്ജിത അന്വേഷണം
‘ഹണി ട്രാപ്പ്’ ധാർമികമായും സാങ്കേതികമായും നിയമാനുസൃതം അല്ല. ബ്ളാക്ക് മെയിൽ എന്ന ഗണത്തിൽ പെടാവുന്ന കുറ്റകൃത്യം ആണത്. അതെ സമയം ‘ഹണി ട്രാപ്പ്’ വഴി ഏതെങ്കിലും അഴിമതി പുറത്തു കൊണ്ട് വന്നാൽ ആ അഴിമതി നിയമത്തിനു മുന്നിൽ എത്തിക്കാൻ നടത്തിയ നാടകമായി എങ്കിലും അത് ന്യായീകരിക്കപ്പെടാം. എന്നാൽ എ കെ ശശീന്ദ്രന്റെ കാര്യത്തിൽ അതുണ്ടായില്ല. അത് കൊണ്ട് തന്നെ പോലീസ് ഇക്കാര്യം ഗൗരവമായി അന്വേഷിക്കുകയാണ്. ആദ്യ ഘട്ടം മുതൽ തന്നെ ഇതിൽ ഉൾപ്പെട്ട വനിതാ ജേർണലിസ്റ്റിലേക്കാണ് അന്വേഷണം നീളുന്നത്. ആ ജേർണലിസ്റ്റ് ഇതേ ചാനലിലെ തന്നെ ജീവനക്കാരി ആണെന്നാണ് സൂചന.
a k saseendran phone call a honey trap ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here