മാധ്യമ പ്രവർത്തകരുടെ അറസ്റ്റിൽ ഇന്ന് പ്രസ് ക്ലബ്ബിൽ പ്രതിഷേധം; വിയോജിപ്പും

‘ഹണി ട്രാപ്പ്’ കേസിൽ ചാനൽ സി ഈ ഓ അജിത് കുമാർ ,കെ. ജയചന്ദ്രൻ എന്നിവരുൾപ്പെടെ അഞ്ച് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് – ഏപ്രിൽ ആറിന്- പ്രതിഷേധം നടത്താൻ നീക്കം. അതെ സമയം മാധ്യമ പ്രവർത്തകരുടെ പൊതു സഭയെ ഈ വിഷയത്തിൽ ഒരു സമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനോട് പല അംഗങ്ങൾക്കും വിയോജിപ്പുള്ളതായും സൂചന. വനിതാ മാധ്യമപ്രവർത്തകർ ഇതിനോടകം തന്നെ വിവാദ ചാനലിനെതിരെ പരസ്യമായ നിലപാടാണ് കൈക്കൊണ്ടത്.
സംഭവത്തിന്റെ പേരിൽ നിരപരാധികളെ കൂടി ജയിലിൽ അടച്ചതിനെ കേരളപത്ര പ്രവർത്തക യൂണിയനും എതിർക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ആണ് തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്. അതെ സമയം വിളിച്ചിരിക്കുന്നത് ഒരു ആലോചന യോഗം മാത്രമാണെന്നും മറ്റു കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കുമെന്നുമാണ് ഭാരവാഹികളിൽ ചിലർ നൽകുന്ന സൂചന.
വിവാദ ചാനലിലും ഏറെക്കാലമായി പ്രവർത്തിക്കുന്ന അവരുടെ ഉടമസ്ഥതയിലുള്ള പത്രത്തിലുമായി ധാരാളം മുതിർന്ന മാധ്യമ പ്രവർത്തകർ ഉണ്ട്. കൂടാതെ ഇപ്പോൾ ജയിലിൽ ഉള്ള എം ബി സന്തോഷ് അടക്കമുള്ളവരുടെ മാധ്യമ പ്രവർത്തന ചരിത്രം കളങ്ക രഹിതമാണെന്നും വിലയിരുത്തൽ ഉണ്ട്. മാത്രമല്ല ഒന്നോ രണ്ടോ പേർ ചേർന്നു നടത്തിയ അധമ പ്രവർത്തനത്തിന് മറ്റുള്ളവർ കൂടി ബലിയാടാവുകയാണെന്ന വിലയിരുത്തലും ഉണ്ട്. ഈ പശ്ചാത്തലത്തിൽ മാത്രമാണ് പ്രതിഷേധമെങ്കിൽ സഹകരിക്കുമെന്നും ആരെയും വെള്ള പൂശാനുള്ള ശ്രമങ്ങൾ എതിർക്കപ്പെടുമെന്നും അംഗങ്ങളിൽ പലരും തുറന്നടിച്ചു. ഇക്കാര്യത്തിൽ നിയമം കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം വനിതാ മാധ്യമ പ്രവർത്തകരും. ചാനൽ സി ഈ ഓ അജിത് കുമാർ , കെ. ജയചന്ദ്രൻ, സംഭവത്തിലെ ‘ഹണി’യായ വനിതാ മാധ്യമ പ്രവർത്തക എന്നിവരുടെ അറസ്റ്റ്- നിയമ കാര്യങ്ങളിൽ ക്ലബ്ബ് പ്രതിഷേധിക്കാൻ ഇടയില്ല.
അതിനിടെ ഇന്നലെ വൈകി മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ വിവാദ ചാനൽ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. മംഗളം സി ഈ ഓ അജിത് കുമാർ ,കെ. ജയചന്ദ്രൻ എന്നിവരെ ഒരു ദിവസത്തേക്കും , ഫിറോസ് സാലി മുഹമ്മദ് ,എസ് വി പ്രദീപ് , എം ബി സന്തോഷ് എന്നീവരെ 15 ദിവസത്തേക്കും റിമാൻഡ് ചെയ്തു. പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ. മാധ്യമ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് നാളെ ഓപ്പൺ കോടതിയിൽ വാദം കേൾക്കാമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു .
പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇരു കൂട്ടരുടെയും വാദം നാളെ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ( III ) കോടതിയിൽ നടക്കും.
Journos arrest ; Thiruvananthapuram press club plans to protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here