ദിലീപ് എന്ന ശരീരഭാഷ; മകളുടെ ആദ്യ പിറന്നാളും

വി.അരവിന്ദ്
എ കെ ശശീന്ദ്രന്റെ പാതിരാ പ്രണയത്തെ മോഷ്ടിച്ച് ഒരു ഓഡിയോ റെക്കോർഡറിലടച്ച് ചാനൽ വഴി സംപ്രേക്ഷം ചെയ്ത ചെയ്ത്തിനേക്കാൾ വലുതെന്തേലും ഇനി വരാനുണ്ടോ എന്ന് ചോദ്യവും ഒരിക്കലും സാധ്യതയില്ല എന്ന ഉത്തരവും മനസ്സിൽ ഉരുവിട്ട് ചിന്ത തിരിച്ചിട്ടില്ല അതാ വരുന്നു മനോരമയുടെ ഒരുഗ്രൻ അശ്ലീലം. എന്തായാലും ഇതിലും വലുതൊന്നും ഇനി അടുത്തകാലത്ത് മലയാളിയ്ക്ക് താങ്ങേണ്ടിവരില്ല. ദിലീപിനെ പോലെ സൂപ്പർ താരപദവിയിലേക്കടുക്കുകയും പിടിവിട്ട് അതുപോലെ താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവിന്റെ അഭിമുഖ സംഭാഷണം ഇമ്മാതിരി ഒരു പായ്ക്കിലാക്കി വിറ്റവർക്ക് വണക്കം. ഏതാനും ദിവസങ്ങൾക്ക് ശേഷം സൂര്യ ചാനലിലും കണ്ടു അത്തരം ഒരെണ്ണം.

ആദ്യ അഭിമുഖത്തിലെ അനേകം അശ്ലീലങ്ങളിൽ ഒന്നിന് മറുപടിയായി മാതൃഭൂമി ഇനിയെന്താണ് കരുതി വച്ചിരിക്കുന്നതെന്നറിയില്ല. നാളിതുവരെ ഒരു പൊട്ടിത്തെറിയായിപ്പോലും തെറി പറയാൻ മാതൃഭൂമി തുനിയാത്തതിനും പെരുത്ത് നന്ദി. അത് പഴയ പാരമ്പര്യം ഓർത്തോ ഓർക്കാതെയോ ആണെങ്കിലും കേശവമേനോൻ ആദിയായി ശ്രേയംസ് അന്ത്യമായി നീണ്ടു കിടക്കുന്നവരുടെ പുണ്യഫലം.

കമ്പപ്പുരയിൽ തീ വീണ ജോർജേട്ടൻ 

dileep g pooram

ഒരു പൂരത്തിന് അടുക്കി നിരത്തിയ കമ്പപ്പുരയിൽ അറിയാതെ തീ വീണ് പൊട്ടിയ പോലെ ജോർജേട്ടൻ പൊടിഞ്ഞപ്പോഴാണ് സംയമനത്തിന്റെ സീമ പൊട്ടിത്തെറിച്ചത്. അങ്കമാലിയേയും, സൈറാബാനുവിനെയും, മെക്‌സിക്കൻ അപാരതയെയും തീയറ്ററുകളിൽ ഹോൾഡ് ചെയ്ത് തിരിച്ചു വലിച്ചാണ് ജോർജേട്ടന്റെ പൂരത്തിന് വേണ്ടി ദിലീപ് തന്റെ അധീനതയിലായ തീയറ്ററുകളെ ഒരുക്കി വച്ചത്.

മലയാള സിനിമയിലെ ഗ്രേറ്റ് ഫാദറിനെയും പുലിയെയും തൊടാൻ ദിലീപിനായില്ല. ഗ്രേറ്റ് ഫാദർ പൃഥ്വിരാജിന്റെ തകർപ്പൻ മാനേജ്‌മെന്റിൽ ഇടിച്ചു കയറിയപ്പോൾ ജോർജേട്ടന്റെ പുക ആദ്യം വെളുപ്പായും പിന്നെ കറുപ്പായും തീയറ്ററുകളിലെ വിള്ളലുകളിലൂടെ പുറത്ത് വന്നു. ജോർജേട്ടന് വേണ്ടി പിടിച്ചുവച്ച ക്ഷമ പിന്നെ അവിടെ ഇരുന്നില്ല.

അഭിമുഖത്തിലെ ശരീരഭാഷ

പ്രമുഖ ഓൺലൈന് വേണ്ടി ദിലീപ് സംസാരിച്ചത് മുഴുവൻ ഒരു ശരാശരി മലയാളിയുടെ ഉളുപ്പില്ലായ്മയുടെ നേർചിത്രമാണ്. ചിലപ്പോൾ വീട്ടിലും മറ്റ് ചിലപ്പോൾ ഒരു കൂട്ടത്തിന് മുമ്പിലും തെറ്റുകൾ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും അത് പരാജയമാണെന്ന് മനസ്സിലാക്കാതെ സ്വയം ഞെളിഞ്ഞിരിക്കുകയും ചെയ്യുന്ന മമ്മൂഞ്ഞുകളില്ലേ…? ഏതാണ്ട് എന്നല്ല അതു തന്നെയായിരുന്നാണ് ദിലീപ് കറുത്ത പെയിന്റിലെ അരണ്ട വെളിച്ചത്തിൽ നടത്തിയ ഭാഷണം.

ചാനൽ ചുവരുകൾക്കുള്ളിൽ എന്ത് കുന്തമാണ്‌ നടക്കുന്നത് ?

ഹണി ട്രാപ്പ് വിവാദത്തിലായ ചാനലിന്റെ ചെയ്തി വനിതാ മാധ്യമപ്രവർത്തകരുടെ ജോലിചെയ്യാനുള്ള അന്തസത്തയിലേക്ക് കടന്നു കയറിയതാണ് എന്ന വാദമുയർത്തി നടന്ന പ്രതിഷേധങ്ങളുടെ ആയിരം ഇരട്ടി പ്രധിഷേധിക്കാനുള്ളത് ദിലീപ് പറഞ്ഞു വച്ചിട്ടുണ്ട്. ചാനലിന്റെ ചുവരുകൾക്കുള്ളിൽ അഹിതവും അവിഹിതവുമായതൊക്കെയാണ് നടക്കുന്നതെന്ന് ആവശ്യത്തിലധികം നിലവാരം കുറഞ്ഞ ദ്വയാർത്ഥ പ്രയോഗത്താൽ നിരത്തിയ ദിലീപിന്റെ ആരോപണങ്ങളെ എന്ത് ശാന്തതയോടെയാണ് കേരളത്തിലെ ആൺ പെൺ ജേർണലിസ്റ്റുകൾ സ്വീകരിച്ചത്. ഇത്രയധികം സ്ത്രീ വിരുദ്ധമായ ഒരു പുരുഷന്റെ നിലവാരം കുറഞ്ഞ ഭാഷണം അടുത്തകാലത്തൊന്നും മലയാളികൾ കേട്ടിട്ടില്ല.

”നമ്മള് ഓപ്പൺ ബുക്ക് ആണ്. നമ്മളിപ്പോ ആരോട് എങ്ങനെ പെരുമാറുന്നു എന്നത് പത്തിരുന്നൂറ്റമ്പത്‌ ആളുകളുടെ മുൻപിൽ നിന്നിട്ടാണ്. മറ്റത് അതല്ല; ഒരു ചാനലിന്റെ അകത്തുള്ള കാര്യങ്ങൾ…. ” വേണുവിനെതിരെയുള്ള പരാമർശങ്ങളുടെ ബാക്കിയെന്നോണം ദിലീപ് പറഞ്ഞു വയ്ക്കുന്ന കടുത്ത സ്ത്രീ വിരുദ്ധത ശ്രദ്ധിക്കുക. ”ഒരു ചാനലിന്റെ അകത്തുള്ള കാര്യങ്ങൾ….” എന്ന് പറഞ്ഞു പോകുമ്പോൾ കൈകൾ കൊണ്ട് ചുവരുകൾ സൂചിപ്പിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുന്നു. ഈ സമയം ദിലീപിന്റെ ചുണ്ടിൽ വിടരുന്ന ചിരിയും അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒരു ചാനലിന്റെ ഉള്ളിൽ എന്താണ് അരുതാത്തത് നടക്കുന്നത് ? ഇരുന്നൂറ്റമ്പത്‌ ആളുകൾക്ക് മുന്നിൽ നടക്കാത്ത എന്തോ ചാനലുകളിൽ ഉണ്ടെന്നും നടക്കുന്നത് കൊള്ളരുതായ്മകൾ ആണെന്നും നിങ്ങൾക്കും അറിയാമല്ലോ എന്നും ദിലീപ് ചോദ്യം ചോദിയ്ക്കാൻ ഇരിക്കുന്ന ആളോട് ചോദിക്കുമ്പോൾ അയാൾ ഒരു ജേർണലിസ്റ്റ് ആണെങ്കിൽ ”എന്ത് കുന്തമാടോ ചാനലിന്റെ ചുവരുകൾക്കുള്ളിൽ നടക്കുന്നത് ?” എന്ന ആത്മാഭിമാനം തുളുമ്പുന്ന ഒരു മറുചോദ്യം കേരളത്തിലെ ഒരു ആൺ-പെൺ മാധ്യമ പ്രവർത്തകരും പ്രതീക്ഷിച്ചില്ലേ ? ‘ഐ ആം എ പ്രൗഡ് വുമൺ ജേർണലിസ്റ്റ്‌ ‘ എന്ന പ്ലക്കാർഡ് സത്യത്തിൽ ഉയർത്തേണ്ടത് ദിലീപിന് നേർക്കല്ലേ ?

നഴ്‌സുമാരുടെ ഭർത്താക്കന്മാർ

ഭാര്യമാരുടെ ശമ്പളത്തിൽ വെള്ളമടിച്ചു ജീവിക്കുന്ന ഭർത്താക്കന്മാരാണ് അമേരിക്കൻ മലയാളികളായ പുരുഷന്മാരിൽ ബഹുഭൂരിപക്ഷമെന്നൊരു അപരാധം പറയാൻ ദിലീപിന്റെ അന്നേരത്തെ പൊതുബോധാവസ്ഥ തയ്യാറായി എന്നതിനേക്കാൾ അതിശയം കോട്ടയം പത്രത്തിന്റെ ഡിജിറ്റൽ വേർഷൻ അത് കത്രികവയ്ക്കാതെ സംപ്രേക്ഷിച്ചു എന്നതാണ്. പാലാ, കോട്ടയം പട്ടണം, നാട്ടകം, ചങ്ങനാശ്ശേരി, തിരുവല്ല, അവിടെ തിരിഞ്ഞ് കുമ്പനാട്, പത്തനംതിട്ട തുടങ്ങി മധ്യതിരുവിതാംകൂറിലും കൊച്ചിയുടെ തിരുവിതാംകൂർ അതിർത്തിയിലുമായി റബ്ബർ പോലെ തന്നെ നീണ്ടു വലിഞ്ഞ് കിടക്കുന്ന അത്യദ്ധ്വാനികളായ നസ്രാണി, ഹിന്ദു വീടുകളിലെ അരപ്പട്ടിണിക്കാരായ യുവതികളാണ് വലിയ ഭാരം ചുമക്കുന്ന നഴ്‌സുമാരായി മാറിയതെന്നും വിദേശങ്ങളിലേക്ക് പലായനം ചെയ്തതെന്നും ഉള്ള ബോധം അഭിമുഖകാരനില്ലെങ്കിലും അവരുടെ വരിസംഖ്യ വാങ്ങിയ മാത്തുക്കുട്ടിച്ചായനുള്ള അനുഭവം കൊളുത്തി പകർന്ന് വച്ചില്ലല്ലോ എന്നതാണ് അതിശയം.

ഓൺലൈൻ വായനയിൽ അമേരിക്കൻ മലയാളികൾ കോട്ടയം റബ്ബർ പത്രത്തിന് നൽകുന്ന റാങ്ക് ഒന്നാമതാണ്. അമേരിക്കൻ മലയാളി എന്നാൽ നഴ്‌സുമാരും, ഭർത്താക്കന്മാരും, അവരുടെ സന്തതികളും ചേർന്നുള്ളതാണെന്നും കൂടി അറിഞ്ഞിരുന്നുവെങ്കിൽ ദിലീപിന്റെ അഭിമുഖത്തിൽ അത്യാവശ്യം വേണ്ടപ്പെട്ടവർക്ക് വേണ്ടി ചിലയിടങ്ങളിൽ ഉപയോഗിച്ച ‘ബീപ്പ്’ ശബ്ദം അഥവാ അശ്ലീലം മറയ്ക്കാൻ ഉപയോഗിക്കുന്ന ചീവീട് ശബ്ദം നഴ്‌സുമാരുടെ കുടുംബത്തെ അവഹേളിച്ച ഭാഗത്തിൽ കൂടി ഇട്ടേന.

‘ഞാനാണ് അവരെ ഹീറോയിനാക്കിയത്’

അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞു നിൽക്കുന്ന അഭിമുഖത്തിൽ ‘ഞാനാണ് അവരെ ഹീറോയിനാക്കിയത്…ഇത്രയും സിനിമ കൊടുത്തത് ‘ എന്നൊരു ഭാഗം ശ്രദ്ധേയമാണ്.

ആ ഭാഗത്തിന്റെ വിശദീകരണം സത്യത്തിൽ ഉണ്ടാവേണ്ടത് ഒരു സിനിമയുടെ ജീവാത്മാവും പരമാത്മാവും എന്ന് പ്രഖ്യാപിതമായ സംവിധായകനിൽ നിന്നാണ്. ഒരു സിനിമയിൽ നായികയെ തീരുമാനിക്കുന്നത് ആരാണ് ? ഇത്രയധികം സിനിമയിൽ ഒരാളെ ഹീറോയിനാക്കാൻ കഴിയും വിധം ഒരു നടന് സ്വാതന്ത്ര്യമുണ്ടെങ്കിൽ സംവിധായകന്റെ സിനിമയിലെ അസ്ഥിത്വം എന്താണ് ? എല്ലാ നടന്മാരും ഇങ്ങിനെ നായികമാരെ തീരുമാനിക്കാറുണ്ടോ ?

അതേ ഭാഗത്തിലെ മറ്റൊരു ഭാഷണം ഇങ്ങിനെ പോകുന്നു. ”ഒരു പെൺകുട്ടിക്ക് അവർ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാൽ ചിലപ്പോ സൂയിസൈഡ് ചെയ്ത് കളയും ചിലപ്പോ വേണെങ്കിൽ മെന്റലി അപ്‌സെറ്റ് ആവാം. കുറേ കാലത്തേക്ക് ചിലപ്പോ മിണ്ടാതായി പോയേക്കാം.” പീഡിപ്പിക്കപ്പെട്ട യുവനായിക നടിയെ അഭിനന്ദിക്കുക എന്ന പ്രകടനത്തിൽ പൊതിഞ്ഞ് ദിലീപ് നടത്തിയ ഈ അപഗ്രഥനം എന്താണ് പറഞ്ഞു വയ്ക്കുന്നത് ? പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി എങ്ങിനെ ആയിത്തീരണം എന്ന പൊതുബോധത്തിൽ നിന്ന് മോചിതനായ ആളെ അല്ല നമ്മൾ ജനപ്രിയൻ എന്ന് വിളിക്കുന്നത് എന്ന് മനസ്സിലാക്കാം.

”സത്യത്തിൽ എന്താ ഉണ്ടായതെന്ന് ഇതിൽ വാദിയായ ആൾക്കും പ്രതിയായ ആൾക്കും മാത്രമേ അറിയാവൂ.”
”എന്റെ സംശയം മുഴുവൻ ഈ ഗൂഡാലോചനയും ക്വട്ടേഷനും എനിക്കെതിരെ തന്നെ ആയിരുന്നില്ലേ ?” പൾസർ സുനി എന്ന കൊടുംകുറ്റവാളി നായിക നടിയെ പീഡിപ്പിച്ച സംഭവത്തെ കുറിച്ച് ദിലീപ് ഉയർത്തുന്ന ഈ ശബ്ദങ്ങൾ നിസാരമായി തള്ളിക്കളയാവുന്നതല്ല. കേരളം മന:സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ സംശയ മുനകൾ ദിലീപിലേക്ക് തിരിഞ്ഞത് മാധ്യമങ്ങളുടെ ഇടപെടൽ കൊണ്ടല്ല. ആദ്യഭാര്യ മഞ്ജു വാര്യരോ പീഡനത്തിന് വിധേയയായ പെൺകുട്ടിയോ ഒരിക്കൽ പോലും ദിലീപിനെ സംശയത്തിൽ നിന്നും അകറ്റി നിർത്തിയില്ല. സിനിമാലോകത്ത് നിന്നും ഒളിഞ്ഞും തെളിഞ്ഞും വന്ന കഥകളെ കൂട്ടിയിണക്കുക മാത്രമാണ് മാധ്യമങ്ങൾ ചെയ്തത്.

ദിലീപിന്റെ മകളുടെ ആദ്യ ജന്മദിനം

dileep meenakshi kavya madhavan

കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയെടുത്ത ചില അഭിമുഖങ്ങളിലെ അശ്ലീലങ്ങൾ പരിശോധിക്കുന്നതിനോനൊപ്പം അതിലെ പിന്നാമ്പുറങ്ങൾ കൂടി അറിയണം. ദിലീപ് എന്ന ശരീരം അഭിനേതാവല്ലാതെ മലയാളിയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് പുറകിലെ തയ്യാറെടുപ്പുകൾ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു രാത്രിയിലെ അഭിമുഖത്തിന് (രാത്രി എന്ന് കരുതാൻ ഇരുണ്ട് പശ്ചാത്തലവും അരണ്ട വെളിച്ചവും അതിന് പറ്റിയ ശരീരഭാഷയും ഒരു കാരണമാണ്. തെറ്റിയെങ്കിൽ ക്ഷമിച്ചേക്കണേ…) രണ്ട് ദിവസം കഴിഞ്ഞുള്ള ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെ ആദ്യ പൊതു ജന്മദിനത്തിലെ പ്രകടനപരമായ പ്രത്യക്ഷപ്പെടലിന് പിന്നിലെ ഇവന്റ് മാനേജ്‌മെന്റ് ജോർജേട്ടന്റെ കട്ടപ്പുകയേക്കാൾ കടുപ്പത്തിൽ കുമിഞ്ഞു പുകഞ്ഞുപോയി. അരണ്ട വെളിച്ചത്തിലെ അഭിമുഖത്തിൽ പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിച്ച ഏതോ ഒരു കാര്യം ജനം അത്രകണ്ട് നമ്പിയിട്ടില്ല എന്ന നടന്റെ പ്രതിസന്ധി ജന്മദിനത്തിലെ ഫോട്ടോ സെഷനിൽ പ്രകടമായി. രണ്ടാം ഭാര്യ കാവ്യാമാധവൻ എന്ന നായിക നടിയ്ക്ക് ഒന്നാം ഭാര്യയിൽ തനിക്കുണ്ടായ മകളുമായി പിണക്കമൊന്നുമില്ലെന്ന ദിലീപിന്റെ അഭിമുഖഭാഗത്തിൽ നായകന് തന്നെ സംശയമുണ്ടോ ? ഇല്ലെങ്കിൽ പിന്നെ കവിളുകൾ ചേർത്ത് വെച്ച കുടുംബചിത്രത്തിന്റെ പിന്നിലെ വൈകാരിക അടിസ്ഥാനമെന്ത് ?

ഒന്നര പതിറ്റാണ്ടോളം സിനിമയിൽ നിന്നും അകന്നു നിന്ന മഞ്ജു വാര്യരുടെ മകൾ കൂടിയായ മീനാക്ഷിയുടെ ആദ്യ പിറന്നാൾ ആഘോഷം ആരുടെയോ ഉപദേശത്തിന്റെ കൂടി ഫലമായിരുന്നു. വികലമായ ഉപദേശങ്ങൾ ആവശ്യത്തിലധികം വിവാദങ്ങൾ ഉണ്ടാക്കുന്ന കാലത്ത് ദിലീപിന്റെ വകയായി കിട്ടിയത് പക്ഷെ ഒരൽപം കടുത്തതാണെന്ന് പറയാതെ വയ്യ.

‘ഐ ആം എ പ്രൗഡ് വുമൺ ജേർണലിസ്റ്റ്‌ ‘ എന്ന പ്ലക്കാർഡ് ഉയരുന്ന സുദിനം വരില്ലേ?

dileep proud women

Actor Dileep’s Anti Women Talks – An Introspection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top