Advertisement

മകളുടെ രോഗം കെട്ടുകഥ, ആ ജോസിന് നിങ്ങളും അയച്ചോ പണം??

April 19, 2017
Google News 1 minute Read
fake

കുറച്ച് ദിവസം മുന്പ് ബസ്സിൽ നിന്ന് പരിചയപ്പെട്ട ഒരു വയോധികന്റെ അവസ്ഥയെ വെളിപ്പെടുത്തി ഒരു മാധ്യമപ്രവർത്തകൻ ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റ് എല്ലാവരുടേയും കണ്ണ് നനയിച്ചു. അർബുദം ബാധിച്ച മകളെ രക്ഷിക്കാനായുള്ള ജോസ് എന്ന ആ അച്ഛന്റെ നെട്ടോട്ടം നെഞ്ചുരുകിയാണ് എല്ലാവരും വായിച്ചത്. പോസ്റ്റിനൊപ്പം വന്ന ബാങ്ക് ഡീറ്റെയിൽസിലേക്ക് തന്നാലാകുന്ന പണം കൈമാറിയവരിൽ ചിലരെങ്കിലും ഇപ്പോൾ ഇത് വായിക്കുന്നുണ്ടാകാം. എന്നാൽ അറിഞ്ഞോളൂ ആ ജോസ് കബളിപ്പിക്കുകയായിരുന്നു. ആ പത്രപ്രവർത്തനെ മാത്രമല്ല, കരളലിഞ്ഞ് പണം കൈമാറിയ ആ നല്ല മനസുകളേയും!!!
നമ്മളിൽ അവശേഷിച്ച നന്മയെ ചൂഷണം ചെയ്ത ഒന്നാന്തരം തട്ടിപ്പാണ് ആ നടന്നതെന്ന് വൈകിയ വേളയിലെങ്കിലും ഇപ്പോൾ തിരിച്ചറിയുകയാണ്. സത്യത്തിൽ അയാളുടെ നാടകത്തിൽ പത്രപ്രവർത്തകൻ വീണു പോകുകയായിരുന്നു. ആരാണ് ഒരു അച്ഛന്റെ കണ്ണീരിൽ വീണ് പോകാത്തത്??? കഥ, അതറിയണമെങ്കിൽ പത്രപ്രവ്]ത്തകന്റ ആദ്യത്തെ പോസ്റ്റ് വായിക്കണം.

സുഹൃത്തുക്കളേ……
എന്നെ വേദനിപ്പിച്ച ഒരനുഭവം ഞാൻ രേഖപ്പെടുത്തുകയാണ്. വായിക്കാതിരിക്കരുത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് സംഭവം. കൊട്ടാരക്കരയെത്തിയപ്പോൾ എന്റെ അടുത്ത സീറ്റിലായി ഒരാൾ വന്നിരുന്നു. വരുന്ന ഫോൺ വിളിക്കെല്ലാം മകളുടെ രോഗ വിവരമാണ് മറുപടിയായി പറയുന്നത്. മകൾക്ക് ആദ്യ ഓപ്പറേഷനിൽ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. ഇപ്പോൾ ഐസിയുവിലാണ്. നാളെ വീണ്ടും ഓപ്പറേഷൻ നടത്തണം. ജീവൻ നിലനിർത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എനിക്ക് ഒരു മകളേയുള്ളൂ അച്ചായന് അറിയാമല്ലോ. അവൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ ജീവിച്ചിരിക്കില്ല. ചെയ്ത സഹായങ്ങൾക്കൊപ്പം പ്രാർഥനയും വേണം. ഇതിനിടയിൽ അദ്ദേഹം അടൂരിലേയ്ക്ക് ടിക്കറ്റെന്ന് പറഞ്ഞ് കണ്ടക്ടർക്ക് നേരെ പണം നീട്ടി. എന്നാൽ അതിന് മുൻപായി ആ ടിക്കറ്റ് തുക ഞാൻ കണ്ടക്ടർക്ക് കൈമാറി. പരിചയമില്ലാത്ത എനിക്കെന്തിന് ടിക്കറ്റെടുത്തതെന്ന് അദ്ദേഹത്തിന്റെ ചോദ്യം. ഞാനുമൊരു അച്ഛനാണ് എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം വിശദമായി പിന്നീട് സംസാരിച്ചു. കൊട്ടാരക്കര സ്വദേശി ജോസ്. 14 വയസുള്ള ഏക മകൾ ബിൻസി വെല്ലൂർ ആശുപത്രിയിലാണുള്ളത്. ചെറുപ്രായത്തിൽ ബ്രെയിൻ ട്യൂമർ തളർത്തി. ഭാര്യ രജനിയെ ആശുപത്രിയിലിരുത്തി ജോസ് അടൂരിൽ വന്നത് ഒരാൾ നൽകാമെന്നേറ്റ 5000 രൂപ വാങ്ങാനാണ്. അടുത്ത ദിവസത്തെ ഓപ്പറേഷന് ഇനിയും വേണം ഇരുപത്തി രണ്ടായിരം രൂപ. ഒരു വഴിയുമില്ല സാറെ എന്ന് പറഞ്ഞ് ഒറ്റ കരച്ചിൽ. മുഴുവൻ തുകയും നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചെറിയ സഹായം നൽകിയ ശേഷം എന്റെ അവസ്ഥ അറിയിച്ചു. അദ്ദേഹത്തിന്റെ മുന്നിൽ മകളെ രക്ഷിക്കാൻ ബാക്കിയുള്ളത് മണിക്കൂറുകൾ മാത്രം. ഇതിനിടയിൽ കഴിഞ്ഞ ദിവസം വാടക വീടൊഴിയേണ്ടി വന്നു. നിങ്ങൾ നൽകുന്ന 100 രൂപ പോലും അദ്ദേഹത്തിന് വലിയ സഹായമാകും. ബിൻ സിയുടെ ചികിൽസാർഥം മാതാവ് രജനിയുടെ പേരിൽ എസ്ബിഐ കുണ്ടറ ശാഖയിൽ 67351197919 എന്ന നമ്പരിൽ എസ് ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. SBTR 0001007 എന്നതാണ് കോഡ്. ….8289956175 എന്ന നമ്പരിൽ വിളിച്ചാൽ ജോസിനെ കിട്ടും. ചിലരുടെ നല്ല മനസിനെക്കുറിച്ച് ഞാൻ ആ പിതാവിനോട് പറഞ്ഞിട്ടുണ്ട്. നിറഞ്ഞ കണ്ണുകളോടെ അടൂരിൽ ഇറങ്ങി എന്നെ കൈ വീശിക്കാണിച്ച് മറഞ്ഞ ജോസിന്റെ മുഖമാണ് മനസ് നിറയെ… നമ്മുടെ കരുതൽ കുടുംബത്തിനുണ്ടാകണം.

ഇത് വായിച്ചാൽ ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നുമോ? തന്നാലാകുന്ന സഹായം ചെയ്യണം എന്നല്ലാതെ!! അത് തന്നെയാണ് ഇവിടെ വിനയായതും. സോഷ്യൽ മീഡിയ ഈ പോസ്റ്റ് ഏറ്റെടുത്തു.
12 മണിക്കൂറുകൾകൊണ്ട് ഒരു വലിയ തുകതന്നെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയെന്നുറപ്പ്. അത് തെളിയിച്ച്, കുട്ടിയുടെ ഓപ്പറേഷൻ കഴിഞ്ഞെന്നും പൈസ തികഞ്ഞെന്നും ഇനി പണം വേണ്ടെന്ന് അദ്ദേഹം അറിയിച്ചു എന്നെല്ലാമുള്ള അപ്ഡേറ്റുകൾ വന്നു. മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒത്തിരി പേർ പോസ്റ്റിൽ കണ്ട നന്പറിൽ വിളിച്ചാണ് ബാക്കിയുള്ളവരെ ശസ്ത്രക്രിയാ വിശദാംശങ്ങൾ അറിയിച്ചത്.

ഇന്നലെ പങ്കിട്ട അരുണിൻറെ സ്റ്റാറ്റസിൽ പറഞ്ഞ പെൺകുട്ടിയുടെ സർജറി കഴിഞ്ഞു. നല്ല പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ചികിത്സക്ക് നിലവിൽ ആവശ്യമായ തുക കുട്ടിയുടെ അച്ഛൻ ജോസിൻറെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. പലവഴി പ്രതീക്ഷക്കപ്പുറത്തെ സഹായം കിട്ടി. ഇനി പണം അയക്കേണ്ടതില്ലെന്ന് ജോസ് പറഞ്ഞെന്ന് അരുൺ അറിയിക്കുന്നു.
ഇത്തരത്തിലാണ് അപ്ഡേറ്റുകൾ പരന്നത്. പലയിടത്തുനിന്നായി പണം അയച്ചവർക്ക് വളരെ ആശ്വാസം പകർന്നാണ് ഈ വാർത്തകളത്രയും പുറത്ത് വന്നത്. സഹായിക്കാൻ കഴിയാഞ്ഞവരും മനസുകൊണ്ടെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടാകും.

പോസ്റ്റിലെ വിവരങ്ങൾ കണ്ട് നേരിട്ട് കണ്ട് സഹായം ചെയ്യാൻ ചെന്നവരാണ് വാർത്തയുടെ പിന്നാന്പുറം ലോകത്തെ അറിയിച്ചത്. സമാനമായ കളവ് നിരവധി പ്രാവശ്യം ചെയ്ത് പയറ്റിതെളിഞ്ഞ ആളായിരുന്നു ഈ ജോസ്.ജയിൽ വാസവും അനുഭവിച്ച ആളാണ്. സംഭവം അറിഞ്ഞതോടെ പോലീസും നാട്ടുകാരും അയാളുടെ വീട് വളഞ്ഞിരിക്കുകയാണ്. അനുകന്പയും സഹതാപവും ആയുധമാക്കിയ ക്രിമിനലായിരുന്നു ജോസ് എന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത് പത്രപ്രവർത്തകന്റെ തന്നെ ഈ പോസ്റ്റിലൂടെയാണ്.

ചില പ്രാദേശിക സുഹൃത്തുക്കൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വാർത്ത പൂർണമായും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. ജോസ് എന്ന് എന്നോട് പരിചയപ്പെടുത്തിയ ആൾ സമാന തട്ടിപ്പ് പല തവണ ചെയ്തിട്ടുള്ളതായി തെളിഞ്ഞിരിക്കുന്നു. ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഇയാളുടെ ചൊവ്വള്ളൂരിലെ വീട് പൊലീസും നാട്ടുകാരും വളഞ്ഞിരിക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത സുഹ്യത്തുക്കൾ പുതിയ പോസ്റ്റും ഷെയർ ചെയ്യുക. ഇതുപോലുള്ള തട്ടിപ്പുകളിൽ പ്രിയ സുഹൃത്തുക്കൾ വഞ്ചിതരാകരുതെന്ന് വ്യസന സമേതം അഭ്യർഥിക്കുന്നു. നല്ല മനസോടെ ഞാൻ ഷെയർ ചെയ്ത മെസേജിന് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് കരുതിയതല്ല. സുഹൃത്തുക്കൾ എന്നോട് ക്ഷമിക്കുമെന്ന വിശ്വാസത്തോടെ…..

ഇനി ഇത്തരം ഒരു വാർത്ത കണ്ടാൽ, പണം അയക്കാൻ എല്ലാവരും ഒന്നു സംശയിക്കും.സഹായം അർഹിക്കുന്ന പലരും നഷ്ടങ്ങളിലേക്ക് ചെന്നുപെടാനാണ് ജോസിന്റെ ഈ നാടകം സഹായിച്ചതെന്നത് അത്യധികം ഖേദകരം.

Journalist fooled by fraud |

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here