ആത്മാക്കള്‍ക്ക് പാപമോചനം, സ്പിരിറ്റ് ഇന്‍ ജീസസ് ശരിക്കും എന്താണ്??

പേര് പോലെ ‘സ്പിരിറ്റിനെ’ ജീസസിന്റെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്ന സംഘടനയാണോ സ്പിരിറ്റ് ഇന്‍ ജീസസ്? മരണശേഷവും ആത്മാവിനെ വിളിച്ച് വരുത്തി പാപമോചനം നടത്തിക്കൊടുക്കുമെന്നാണ് ‘ഇവരുടെ പരസ്യ വാചകം’ തന്നെ!! എന്തായാലും കഴിഞ്ഞ വര്‍ഷം കേരള കത്തോലിക്ക സഭ ഈ സംഘടനയെ നിരോധിച്ചു. ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ടായിരുന്നു ആ നിരോധനം. ഒരു പരമ്പരാഗത സഭക്കാരും ഇതുവരെ ഇവരുടെ പ്രവര്‍ത്തനങ്ങളെ ഇത് വരെ അംഗീകരിച്ചിട്ടുമില്ല. വളരെ കുറച്ച് പേരാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ പാതയിലുള്ളത്. എന്നിട്ടും സംഘടന പിടിമുറുക്കുന്നതിന് പിന്നിലെ ശക്തി ഇപ്പോഴും ഇരുട്ടില്‍ ‘തെളിഞ്ഞി’രിപ്പുണ്ട്.
യേശുവിന്റെ വെളിപാട് 24 വര്‍ഷം മുമ്പ് ലഭിച്ചതാണ് എന്നാണ് ഇവരുടെ അവകാശവാദം. അങ്ങനെയാണ് സംഘടന പിടിമുറുക്കുന്നതും. മരിച്ച് പോയ ആത്മാക്കളെ ഭൂമിയിലെത്തിച്ച് അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുകയും അവരോട് സംസാരിക്കുകയും ചെയ്യും, സാത്താന്‍മാരെ ആരാധിക്കുന്ന സംഘടനയാണ് ഇതെന്ന ആരോപണം പലവട്ടം ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കുരിശിനെ ആരാധിക്കുന്നവരാണെങ്കിലും ഇവരുടെ ആരാധനാ രീതികള്‍ മറ്റ് സഭകളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്തമാണ്. അന്തിമ വിധി, സ്വര്‍ഗ്ഗം, നരകം എന്നീ കാര്യങ്ങളില്‍ മറ്റ് സഭകളുടെ വിശ്വാസങ്ങളില്‍ നിന്ന് നേര്‍ വിപരീതമാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റേത്. ഒരാളില്‍ നിന്ന് ഒരു ലക്ഷത്തില്‍ രൂപ ഈടാക്കി 45ഓളം പേര്‍ അടങ്ങുന്ന സംഘം ഏഴ് വര്‍ഷമായി രാജ്യാന്തര തീര്‍ത്ഥാടനത്തിന് അയച്ചാണ് വിശ്വാസികളെ കൂട്ടിയത്. അംഗങ്ങള്‍ ഈ സംഘടനയ്ക്ക് കുറവാണ്. എന്നിട്ടും വന്‍ തോതില്‍ വിദേശഫണ്ട് സംഘടനയ്ക്ക് എത്തുന്നുണ്ട്.
സഭാപാരമ്പര്യത്തോട് യോജിക്കാത്ത പ്രബോധനങ്ങളാണ് സംഘടന വിശ്വാസികള്‍ക്ക് നല്‍കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന ആത്മീയ യാത്രകളും വിശ്വാസികളെ അടുപ്പിക്കാനായി ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. അടുത്ത ഒക്ടോബറിലും യാത്രയുണ്ട്. ഇസ്രായേല്‍, പാലസ്തീന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് ആത്മീയയാത്ര.
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ മേധാവി ടോം സക്കറിയയുടെ പാപ്പാത്തിച്ചോലയിലെ കയ്യേറ്റം വെളിച്ചത്ത് വന്നതോടെയാണ് ഈ സംഘടനയും അതിന്റെ പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ നിഴലില്‍ വരുന്നത്. ഫെയ്സ് ബുക്കിലൂടേയും , സംഘടനയും മുഖപത്രമായ ‘ഇതാ നിന്റെ അമ്മ’ എന്ന മാസികയിലൂടെയുമാണ് സംഘടനയുടെ ‘പ്രവര്‍ത്തനം’. ‘സ്പിരിറ്റ് ഇന്‍ ജീസസ് ഒരു അഭിഷേകമാണ്. യേശു ക്രിസ്തുവിന്റെ രണ്ടാം വരവിന് മുമ്പ് ലോകത്തെ നവീകരിക്കാനും രൂപാന്തരപ്പെടുത്താനും ഭൂമിയിലേക്ക് അയക്കപ്പെട്ട അഭിഷേകമാണ് സ്പിരിറ്റ് ഇന്‍ ജീസസ്’ എന്നാണ് മുഖപത്രത്തില്‍ സംഘടനയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആത്മാക്കളെ സുവിശേഷ പ്രബോധനം നടത്തി അവരെ മാനസാന്തരപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ തന്നെ അവകാശപ്പെടുന്നത്.
ക്രിസ്തീയ വിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് കേരള കത്തോലിക്ക സഭ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയെ കഴിഞ്ഞ കൊല്ലം നിരോധിച്ചത്. പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന വിശ്വാസികളെ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന പരാതിയുമായി കെസിബിസിയും എത്തിയിരുന്നു. സ്പിരിറ്റ് ഇന്‍ ജീസസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും കെസിബിസി മുന്നറിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ക്രിസ്തീയ സഭയില്‍ യോഗ്യരായവര്‍ ഇല്ലാത്തതിനാലാണ് ദൈവം തങ്ങളെ ഇതിനായി നിയോഗിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്.
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് ബംഗളൂരു, വേളാങ്കണ്ണി, ചെന്നൈ, ഡല്‍ഹി, മുബൈ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററാണ് ഇതിന്റെ രാജ്യാന്തര കേന്ദ്രം. 1998ല്‍ സൂര്യനെല്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയാണ് ഒന്നരപതിറ്റാണ്ട് കൊണ്ട് ഇത്രയും വളര്‍ന്ന് പന്തലിച്ചിരിക്കുന്നത്.ധ്യാനം ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥാനാ ചടങ്ങുകളുമായാണ് സംഘടന കടന്ന് വന്നത്. 2000ലാണ് ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുന്നത്. കത്തോലിക്ക സഭയില്‍ നിന്ന് പുറത്താക്കിയവരാണ് അന്നേ നേതൃസ്ഥാനങ്ങളില്‍ തിളങ്ങിയത്.
റവന്യൂ അധികൃതര്‍ കഴിഞ്ഞ വ്യാഴാഴ്ച പൊളിച്ച് മാറ്റിയ കുരിശ് അത്ഭുത കുരിശാണന്നാണ് ഇവരുടെ പക്ഷം. ഈ കുരിശിന് ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ടോം സക്കറിയ്ക്കെതിരെ കേസുണ്ട്. കുരിശ് പൊളിച്ച് മാറ്റിയതിന്റെ പിറ്റേദിവസം സംഘടനാ പ്രവര്‍ത്തകര്‍ ഇവിടെ മരക്കുരിശ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പോലീസെത്തി കുരിശ് നീക്കുകയും രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ടോം ചെറിയാന്റെ ഉടമസ്ഥതതയില്‍ തന്നെയുള്ള വാനിലാണ് ഇവര്‍ കുരിശ് സ്ഥാപിക്കാനെത്തിയത്. ഈ വണ്ടിയും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
ആത്മീയ ടൂറിസമാണ് സംഘടനയുടെ കീഴില്‍ ഇവര്‍ നടത്തിവന്നതും. വിശ്വാസികളെ പാര്‍പ്പിച്ചത് ഇവിടെ തന്നെയുള്ള സ്വകാര്യ റിസോര്‍ട്ടില്‍. ഈ റിസോര്‍ട്ട് ടോം ചെറിയാന്റെ സഹോദരന്റെ ഉടമസ്ഥതതയില്‍ ഉള്ളതാണ്, 2010ല്‍ ഈ റിസോര്‍ട്ടിന്റെ വ്യാജ പട്ടയം റദ്ദാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here