Advertisement

‘അദാനിയുടെ പേരിൽ കമ്യൂണിസ്റ്റുകളെ പരിഹസിക്കുന്ന മോദി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണം’; തോമസ് ഐസക്

10 hours ago
Google News 3 minutes Read
thomas issac

വിഴിഞ്ഞം പോർട്ടിന്റെ കമ്മീഷനിങ്‌ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പരിഹാസമാണെന്ന വിമർശനവുമായി മുൻ ധനമന്ത്രിയും സി പി ഐ എം നേതാവുമായ ഡോ തോമസ് ഐസക്. മന്ത്രി വി എൻ വാസവൻ അദാനിയെ പാർട്ണർ എന്ന് വിളിച്ചത് കമ്യൂണിസ്റ്റുകളിൽ ഉണ്ടായ മാറ്റങ്ങളാണ് സൂചിപ്പിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെയാണ് തോമസ് ഐസക് വിമർശിച്ചിരിക്കുന്നത്.

അദാനിയെ പോലുള്ള അടുപ്പക്കാരായ കമ്പനികളെ ആഗോളതലത്തിൽ വളർത്തിയെടുക്കുന്നതാണ് വികസനമെന്നാണാണ് മോദി കരുതുന്നത്. ബിർളയെ കമ്യൂണിസ്റ്റുപാർട്ടി അതിശക്തമായി എതിർത്തിരുന്ന കാലത്ത് കേരളത്തിൽ 1957 ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ വ്യവസായം തുടങ്ങാനായി മാവൂരിലേക്ക് ക്ഷണിക്കുന്നതിൽ മടികാണിച്ചിരുന്നില്ലെന്നും മോദി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്നുമാണ് തോമസ് ഐസക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാറ്റങ്ങൾ ഉണ്ടാവുന്നതായുള്ള മോദിയുടെ പ്രസംഗത്തിലെ പരാമർശത്തിൽ സി പി ഐ എം നേതാക്കളോ, മന്ത്രിമാരോ പ്രതികരിക്കാതെ മൗനം തുടരുന്നതിനിടയിലാണ് തോമസ് ഐസകിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും പിന്നീട് അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാരായ വി എസിന്റെ കാലത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നടക്കാതെ പോയത് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമാണെന്നും. 2015-ൽ യുഡിഎഫ് സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് നിശിതമായ വിമർശനം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, മുതൽമുടക്കിന്റെ സിംഹപങ്കും വഹിക്കുന്ന കേരളത്തിന് 20 കൊല്ലം കഴിഞ്ഞേ നേരിട്ടുള്ള ലാഭത്തിന്റെ നക്കാപ്പിച്ച കിട്ടൂവെന്നതുകൊണ്ടായിരുന്നുവെന്നും 40 വർഷക്കാലം ഇങ്ങനെ തുച്ഛമായ ലാഭവിഹിതംകൊണ്ട് കേരളം തൃപ്തിയടയേണ്ടി അവസ്ഥയുണ്ടാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും ഐസക് തന്റെ കുറിപ്പിൽ പറയുന്നു.

Read Also: ‘പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം; മുഖ്യമന്ത്രി ചുട്ട മറുപടി നൽകണമായിരുന്നു’; കെ സി വേണുഗോപാൽ

ഡോ തോമസ് ഐസകിന്റെ കുറിപ്പ് ഇങ്ങനെ

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ കോമാളിത്തരത്തേക്കാൾ എനിക്ക് അധികപ്രസംഗമായി തോന്നിയത് കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രി അദാനിയെ പാർട്ണർ എന്നു വിശേഷിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരിഹാസമാണ്.

മോദിക്ക് കേരളത്തിന്റെ ചരിത്രം അറിയില്ല. 1957-ൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. ഇന്ന് അദാനിയെപ്പോലെ അന്ന് ബിർളയെ നഖശിഖാന്തം കമ്മ്യൂണിസ്റ്റുകാർ എതിർത്തിരുന്നു. എന്നാൽ മാവൂർ റയോൺസ് ഫാക്ടറി സ്ഥാപിക്കാൻ ബിർളയെ ക്ഷണിക്കുന്നതിനു മടിച്ചില്ല. ക്ഷണിക്കുക മാത്രമല്ല, അസംസ്‌കൃത വസ്തുക്കളും മറ്റും ലഭ്യമാക്കുന്നതിൽ പ്രത്യേക ഇളവും നൽകി. ചെറിയ വിവാദമല്ല ഇത് രാജ്യത്ത് സൃഷ്ടിച്ചത്. അന്നും ഇന്ന് മോദി ചെയ്തതുപോലെ കമ്മ്യൂണിസ്റ്റുകാരെ പരിഹസിക്കാൻ ഏറെപേർ ഉണ്ടായിരുന്നു.

ഏതാനും ശിങ്കിടി മുതലാളിമാരെ ആഗോള കമ്പനികളായി വളർത്തുന്നതാണ് രാജ്യത്തിന്റെ വികസനത്തിനുള്ള കുറുക്കുവഴിയായി മോദി കാണുന്നത്. രാജ്യത്തെ പൊതുമേഖലയും പൊതുസ്വത്തും ഇവർക്ക് തീറെഴുതുന്നു. വിദേശ രാജ്യങ്ങളിൽ ഇവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു മുൻകൈയെടുക്കുന്നു. ഈ സമീപനത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അദാനി. അത് ഇനിയും തുറന്നുകാണിക്കും.

പക്ഷേ, മേൽപ്പറഞ്ഞ ശിങ്കിടിമുതലാളിത്തം നയമായി അംഗീകരിച്ചുള്ള ഫെഡറൽ സംവിധാനത്തിനുള്ളിലാണ് കേരളം പ്രവർത്തിക്കുന്നത്. ആ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് കേരളത്തിനു നേട്ടമുണ്ടാക്കാൻ എന്താണോ വേണ്ടത് അതു ചെയ്യും. ഫെഡറൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായൊരു ബദൽ വികസനപാത സ്വീകരിക്കുകയും ചെയ്യും.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ ഒരു കാര്യമെടുക്കാം- 1996-ലെ നായനാർ സർക്കാരാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു മുൻകൈയെടുത്തത്. പിന്നീട് വി എസ് സർക്കാരിന്റെ കാലത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നടക്കാതെ പോയത് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമാണ്. 2015-ൽ യുഡിഎഫ് സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് നിശിതമായ വിമർശനം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, മുതൽമുടക്കിന്റെ സിംഹപങ്കും വഹിക്കുന്ന കേരളത്തിന് 20 കൊല്ലം കഴിഞ്ഞേ നേരിട്ടുള്ള ലാഭത്തിന്റെ നക്കാപ്പിച്ച കിട്ടൂ. ഏതാണ്ട് 40 വർഷക്കാലം ഇങ്ങനെ തുച്ഛമായ ലാഭവിഹിതംകൊണ്ട് കേരളം തൃപ്തിയടയണം.

പക്ഷേ, ഇന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ ”വിമർശനങ്ങളെല്ലാം നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങൾ കൈക്കൊണ്ടത്. വികസന കാര്യത്തിൽ രാഷ്ട്രീയ വേർതിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016-ൽ അധികാരത്തിൽ വന്നതിനെത്തുടർന്നുള്ള ഘട്ടത്തിൽ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയത്.”

അതെ. അദാനിയെ വിമർശിക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ ചെറുത്തപ്പോഴും കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു തടസ്സമില്ലാതിരിക്കാൻ ശ്രദ്ധിച്ചു. കരാർ പ്രകാരം 2045-ൽ പൂർത്തീകരിക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ 2028-ൽ പൂർത്തീകരിക്കാനുള്ള ലക്ഷ്യമിട്ടാണ് ഇപ്പോൾ പ്രവർത്തനം. ഇതിൽ അദാനിയുമായി യോജിച്ചു പ്രവർത്തിക്കും. ആ രാഷ്ട്രീയ നിലപാടിനെ പ്രധാനമന്ത്രി പരിഹസിക്കേണ്ടതില്ല.

കേരള വികസനത്തെ എങ്ങനെ തടസ്സപ്പെടുത്താം എന്നുള്ളതാണ് മോദിയുടെയും നാഗ്പൂരിലെ ശിങ്കിടികളുടെയും ഗവേഷണം. കിഫ്ബിയെ തകർക്കാനുള്ള നടപടി തന്നെ ഏറ്റവും നല്ല ഉദാഹരണം. തന്റെ സ്വന്തക്കാരൻ അദാനിയുടെ പോർട്ട് ആയിരുന്നിട്ടുപോലും മൊത്തം ചെലവിന്റെ 10 ശതമാനം വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി നൽകാമെന്നു പറഞ്ഞിരുന്നതിൽ നിന്നുപോലും കേന്ദ്രം അവസാനം പിൻമാറി. അത് തിരിച്ചയ്‌ക്കേണ്ട വായ്പയായിട്ടാണ് കേന്ദ്രം നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ സഹായം വട്ടപ്പൂജ്യം ആണ്. എന്നിട്ടാണ് സ്റ്റേജിൽ നിന്നൊരു കോമാളി മുദ്രാവാക്യം മുഴക്കി കേന്ദ്ര സർക്കാരിനെ അഭിവാദ്യം ചെയ്തത്.

Story Highlights : Thomas Isaac criticizes the Prime Minister’s speech in vizhinjam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here