പിഴവുകളുടെ തമ്പുരാന്‍
സെന്‍കുമാര്‍ കേസിലെ വിധിയോടെ പിണറായി വിജയന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.ആഭ്യന്തരവകുപ്പ് മന്ത്രി, അഭിനവ ചന്തുവായി മാറി തോല്‍വികള്‍ വീണ്ടും വീണ്ടും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ഭരണമേറ്റെടുത്ത് ഒരു കൊല്ലത്തിനിടയില്‍ പലകുറി പിഴവുകള്‍ ഏറ്റ് പറയേണ്ടിവന്നത് പോലീസ് സേനയുടെ ദുഷ്ചെയ്തികളുടെ പേരിലാണെങ്കില്‍, ഇക്കുറി അത് ഭരണമേറ്റെടുത്ത് മൂന്നാം നാള്‍ നടത്തിയ വീണ്ടുവിചാരമില്ലാത്ത ഒരു പ്രവൃത്തിയുടെ പേരില്‍.
സെന്‍കുമാറിനെ മാറ്റി ബെഹ്റയെ ചുമതലയേല്‍പ്പിച്ച ശേഷം ജിഷാ കേസില്‍ മാത്രമാണ് പോലീസിന് കയ്യടി ലഭിച്ചത്. തുടര്‍ന്നിങ്ങോട്ടുണ്ടായ പോലീസ് നടപടികളോരോന്നും പിണറായി സര്‍ക്കാറിന്റെ ശോഭ കെടുത്തുന്നതായി. ഏറ്റവുമൊടുവില്‍ മഹിജയ്ക്കെതിരെ ഉണ്ടായെന്ന് പറയപ്പെടുന്ന പോലീസ് അതിക്രമത്തെപോലും കൃത്യമായി പ്രതിരോധിക്കാന്‍ ആഭ്യന്തരമന്ത്രിയ്ക്കായില്ല. പോലീസ് സേനയുടെ കെടുകാര്യസ്ഥത ചര്‍ച്ചാ വിഷയമായപ്പോള്‍ ഓരോ സംഭവത്തിന്റെ പേരിലും പിണറായി വിജയന്‍ പിഴവ് ഏറ്റ് പറയേണ്ടിവന്നു. കരുത്തനായ ഒരു മുഖ്യമന്ത്രി എന്ന ഇമേജ് അദ്ദേഹത്തിന് കൈമോശം വരുകയും ചെയ്തിരിക്കുന്നു.
നടിയ്ക്കെതിരെയുണ്ടായ അതിക്രമത്തിലും, നന്ദന്‍കോട്ടെ കൂട്ടകുരുതിയിലും കാലതാമസമില്ലാതെ പ്രതികളെ പിടികൂടുവാന്‍ കേരള പോലീസിന് കഴിഞ്ഞുവെങ്കിലും ഇത്തരം നേട്ടങ്ങള്‍ പിഴവുകള്‍ക്കിടയില്‍ മുങ്ങിപ്പോയി.
ഇതിനൊക്കെ പുറമെയാണ് മൂന്നാറിലെ കുരിശുവിഷയത്തിലുള്‍പ്പെടെ പിണറായിയുടെ വാക്കുകള്‍ പിഴയ്ക്കുന്നത്. ഉപദേശ സംഘത്തിന്റെ തടവിലാണ് താനെന്ന ദുഷ്പേര് പരക്കുന്നത് പിണറായി തിരിച്ചറിയാതിരിക്കുന്നു. അതേസമയം ഓരോ ചെയ്തിയും തെറ്റായ ഉപദേശത്താലാണെന്ന ധാരണ പൊതു സമൂഹത്തില്‍ പരക്കുകയും ചെയ്യുന്നു.
പരാജയപ്പെട്ട ഒരു ആഭ്യന്തരമന്ത്രിയ്ക്ക് കീഴില്‍ ഭരണത്തിന് മങ്ങലേറ്റുകഴിഞ്ഞുവെന്നത് മാത്രമല്ല പിണറായി നേരിടുന്ന വെല്ലുവിളി- മുന്നണിയ്ക്കുള്ളിലെ കലാപങ്ങള്‍, മണിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ തുടര്‍ച്ചായി ഉണ്ടാക്കുന്ന വിവാദങ്ങള്‍, കടുത്ത വരള്‍ച്ച, പാര്‍ട്ടിക്കുള്ളില്‍ വളരുന്ന എതിര്‍പക്ഷം- ഇങ്ങനെ പത്മവ്യൂഹം തീര്‍ത്ത് നില്‍ക്കുന്ന പ്രശ്നങ്ങള്‍, ഈ ദശാസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയുന്നില്ലെങ്കില്‍ അവസാനിക്കുക പിണറായി വിജയന്‍ എന്ന നേതൃത്വം മാത്രമാകില്ല- കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ കൂടിയാകും. സെന്‍കുമാര്‍ കേസിലെ വിധി പിണറായിയ്ക്ക് ഏറ്റു പറയാനുള്ള മറ്റൊരു പിഴവ് മാത്രമാകരുത്. പിഴവുകളുടെ തിരുത്ത് കൂടെയാകണം.
Flaws pinarayi vijayan side
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here