ഹൈക്കോടതിയുടെ ചോദ്യവും അത് തന്നെ ; മാധ്യമപ്രവർത്തകരെ എന്തും പറയാമോ ?

ട്വന്റിഫോർ ന്യൂസ് ചോദിച്ച അതെ ചോദ്യം ഇന്ന് മറ്റൊരു തരത്തിൽ ഹൈക്കോടതിയും ആവർത്തിച്ചു. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എന്താ അവകാശങ്ങളും അന്തസ്സും നാണവും മാനവും ഇല്ലേ ? ആർക്കും എന്തും പറയാമോ ? മൂന്നാറിലെ തൊഴിലാളി സ്ത്രീകള്‍ക്കെതിരെ മന്ത്രി എം.എം. മണി പ്രസ്താവന നടത്തി എന്ന വിഷയത്തിൽ അക്കാര്യം ഗൗരവതരമെന്ന് കോടതി നീരീക്ഷിച്ചു. മണിയുടെ പ്രസംഗത്തിന്റെ സി.ഡി. ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ ഡിജിപി, സ്ഥലം എസ് പി എന്നിവര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ എം.എം. മണി നടത്തിയ പരാമര്‍ശം സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരെയാണ് മണി വിമര്‍ശിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം. അതോടെ കോടതി വീണ്ടും രൂക്ഷമായി മണിയുടെ പ്രസംഗത്തെ വിമർശിച്ചു. മാധ്യമ പ്രവര്‍ത്തകരെ എന്തും പറയാമോ എന്നായിരുന്നു കോടതിയുടെ ആദ്യ പ്രതികരണം.

http://twentyfournews.com/2017/04/24/media-distorted-mm-mani-speech/

മാധ്യമപ്രവർത്തകർക്ക് സമരമൊന്നും ചെയ്യാനില്ലേ ?

കോടതിയുടെ ചോദ്യം വാസ്തവത്തിൽ സ്വയം വിമർശനമായി മാധ്യമ പ്രവർത്തകർ പരിശോധിക്കണം. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ സമരം ചെയ്യേണ്ടിയിരുന്നത് മാധ്യമ പ്രവർത്തകർ തന്നെയല്ലേ ? അതിനു പകരം പ്രസംഗത്തെ എഡിറ്റിങ് ടേബിളിൽ വൈകൃതപ്പെടുത്തി ഭാഷ പോലും നേരെ മനസിലാകാത്ത സാധാരക്കാരിൽ സാധാരണക്കാരായ തൊഴിലാളി സ്ത്രീകളുടെ വികാരം ഇളക്കി വിടാൻ പ്രയോഗിച്ച കുതന്ത്രത്തെ പരിഹസിക്കുകയല്ലേ സത്യത്തിൽ കോടതി ചെയ്തത് ? മാധ്യമ പ്രവർത്തകർക്കെന്താ അവകാശങ്ങളില്ലേ എന്ന മാന്യമായ ചോദ്യം മാത്രം ചോദിച്ചതിന് കോടതിയോട് മാധ്യമ പ്രവർത്തകർ നന്ദി പറയണം.

കോടതിക്ക് എന്നല്ല പൊതു മനസ്സുകളിൽ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്. മാധ്യമ പ്രവർത്തകരെ അടച്ചാക്ഷേപിച്ച് മന്ത്രി എം എം മണി നടത്തിയ പ്രസ്താവനയ്ക്കെതിരെ കേരളത്തിലെ ജേർണലിസ്റ്റുകളുടെ യൂണിയൻ സമരം ചെയ്യാത്തതെന്ത് ? കുറഞ്ഞ പക്ഷം പതിവ് പോലെ ഒരു കരിങ്കൊടി ജാഥ ? വായ് മൂടി കെട്ടിയുള്ള മൗനജാഥ ? നിങ്ങൾ അഹോരാത്രം വാർത്തകൾ നൽകുന്ന പത്രങ്ങളോ ചാനലുകളോ ഒരു എഡിറ്റോറിയൽ എങ്കിലും മണിയെ വിമർശിച്ച് നൽകിയോ ? ഒന്നുമില്ല … പത്രക്കാർക്കെന്താ മണിയേയും പിണറായിയേയും പേടിയാണോ ? അതോ എം എം മണിയുടെ ആരോപണങ്ങൾ സത്യമാണോ ?

കോടതിയ്ക്കുള്ള സ്നേഹം പോലും അവനവനോടില്ലേ ?

മറ്റൊരു കേസ് പരിഗണിക്കേ യാദൃശ്ചികമായാണ് കോടതി മാധ്യമ പ്രവർത്തകരുടെ അവകാശത്തെ കുറിച്ച് പരാമർശിച്ചത്. കേസ് നൽകിയത് ഒരു ജോര്‍ജ്ജ് വട്ടക്കുഴി. മാധ്യമ പ്രവർത്തകരല്ലേ കോടതിയെ സമീപിക്കേണ്ടിയിരുന്നത്. മാധ്യമപ്രവർത്തകരുടെ അവകാശങ്ങളോട് ഇത്രയും അനുകൂല നിലപാടെടുത്ത കോടതി അതിനേക്കാൾ ഫലപ്രദമായ നടപടി മന്ത്രി മണിക്കെതിരെ കൈക്കൊള്ളുമായിരുന്നില്ലേ ? അങ്ങനെ സ്വന്തം നാണവും അഭിമാനവും കാത്തു സൂക്ഷിക്കേണ്ടിയിരുന്ന പത്രപ്രവർത്തകർ അതിനു തയ്യാറാകാതെ പ്രസംഗത്തെ ദിശമാറ്റി പെൺകൂട്ടായ്മയെ മുന്നിൽ നിർത്തിച്ചു കളിച്ച കളി പത്ര ഭാഷയിൽ പറഞ്ഞാൽ അത്യന്തം ദുരൂഹവും ലജ്ജാകരവും തന്നെ.

High court on minister  M M Mani speech

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top