മാണിയ്ക്കൊപ്പം ചേരുന്നത് അഴിമതിയിലെ ഇരട്ടമുഖമെന്ന് കോടിയേരി

” മാണി ഗ്രൂപ്പുമായി സഹകരിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന അഴിമതിയുടെ കാര്യത്തിലുള്ള ബിജെപിയുടെ ഇരട്ടമുഖമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ”
ഇത് കോടിയേരിയുടെ വാക്കുകൾതന്നെയാണ്. എന്നാൽ പറഞ്ഞിരിക്കുന്നത് 2015 നവംബറിലാണെന്ന് മാത്രം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നവംബറിൽ കോടിയേരി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
യഥാർത്ഥത്തിൽ ആർക്കാണ് ഇരട്ടമുഖം ?
അഴിമതി ആരോപിതനായ കെഎം മാണി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സഭയിൽ അക്രമാസക്തരാകുകയും സ്പീക്കറുടെ ഡയസിൽ കയറി കസേര തകർത്തതിന് സസ്പെൻഷൻ വരെ ലഭിക്കുകയും ചെയ്ത അതേ സിപിഎം നേതാക്കൾ തന്നെ കെഎം മാണിയെ കോട്ടയത്ത് പിന്താങ്ങി. അവർക്ക് അധികാരത്തിലെത്താൻ അവസരം നൽകിയിരിക്കുന്നു. എന്നാൽ മാണി അടിമുടി ബാർക്കോഴ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കെ മാണിയെ അഴിമതി വീരനെന്ന് വിളിച്ച സിപിഎം നേതാക്കൾ ഇതിനെ കുറിച്ച് യാതൊന്നും പറയുന്നില്ല.
Read Also : മാണി-സിപിഎം ചങ്ങാത്തം; ആഞ്ഞടിച്ച് വീക്ഷണവും ജനയുഗവും
മാണി ഗ്രൂപ്പുമായി സഹകരിക്കാൻ തയ്യാറെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ അന്ന് കോടിയേരി ആഞ്ഞടിച്ചിരുന്നു. വി മുരളീധരന്റെ പ്രസ്താവന അഴിമതിയുടെ കാര്യത്തിലുള്ള ബിജെപിയുടെ ഇരട്ടമുഖമാണ് വെളിച്ചത്തുകൊണ്ടുവരുന്നത് എന്നായിരുന്നു അന്ന് കോടിയേരിയുടെ പ്രതികരണം. അപ്പോൾ ഇന്ന് സിപിഎമ്മിനുള്ളതും അതേ ഇരട്ടമുഖം തന്നെയല്ലേ…
ബഡ്ജറ്റ് വിറ്റ് കോടികളുടെ കോഴ വാങ്ങി എന്നാണ് അന്ന് മാണിയെ കോടിയേരി വിശേഷിപ്പിച്ചിരുന്നത്. മാണിയെ ശിക്ഷിക്കുന്നതിന് പകരം നിയമസഭയിലിരുത്തു കയാണ് ഉമ്മൻചാണ്ടി എന്നും കോടിയേരി ആഞ്ഞടിച്ചിരുന്നു. എന്നാൽ ഇന്ന് കോട്ടയത്ത് അധികാരത്തിലിരിക്കാൻ കേരള കോൺഗ്രസിനെ പിന്താങ്ങുകയാണ്.
” മാണിയുമായി ബിജെപി കേന്ദ്രനേതൃത്വത്തിന് രഹസ്യധാരണയുണ്ട്. ബാർ കോഴക്കേസിൽ യുവമോർച്ച ചെയ്ത സമരം വെറും നാടകം മാത്രമായിരിക്കും. അല്ലെങ്കിൽ ബിജെപി മോർച്ചയോട് മാപ്പുപറയണം. “
ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് അന്ന് വ്യക്തമാക്കിയ കോടിയേരി ഇന്ന് ആർക്കാണ് രഹസ്യധാരണയെന്ന് വ്യക്തമാക്കേണ്ടതല്ലേ…
പോസ്റ്റിന്റെ പൂർണ്ണ രൂപം
മാണി ഗ്രൂപ്പുമായി സഹകരിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന അഴിമതിയുടെ കാര്യത്തിലുള്ള ബിജെപിയുടെ ഇരട്ടമുഖമാണ് വെളിച്ചത്തൂകൊണ്ടുവരുന്നത്.
സ്ഥാനമാനങ്ങള്‍ക്ക് ഏത് അഴിമതിക്കാരനുമായും ചേരുമെന്നാണ് ബിജെപി പറയുന്നത്. മാണിയുമായി ബിജെപി കേന്ദ്രനേതൃത്വത്തിന് രഹസ്യധാരണയുണ്ട്. അഴിമതി ആരോപണം നേരിടുമ്പോഴും ജിഎസ്ടി ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി മാണിയെ നിയമിച്ചത് ഇതിനാലാണ്. രാജിവയ്ക്കുംവരെ മാണിയെ ആ സ്ഥാനത്ത് നിലനിര്‍ത്തി. അരുണ്‍ ജെയ്റ്റ്ലി കേരളത്തിലെത്തി മാണിയുടെ പുസ്തകം പ്രകാശനം ചെയ്തതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. ബാര്‍ കോഴക്കേസില്‍ യുവമോർച്ച ചെയ്ത സമരം വെറും നാടകം മാത്രമായിരിക്കും. അല്ലെങ്കിൽ ബിജെപി മോർച്ചയോട് മാപ്പുപറയണം.
സോളാര്‍ സമരത്തിലും ബിജെപി നേതൃത്വം ഒളിച്ചോടുകയായിരുന്നു. സോളാര്‍ കമീഷനുമുന്നില്‍ തെളിവുനല്കാന് ബിജെപി നേതാവ് തയ്യാറാവാത്തത് അതുകൊണ്ടാണ്. ത്രിപുരയിൽ കോൺഗ്രസും ബി ജെ പിയും കൈകോർക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ കേരളത്തിലെ ബി ജെ പി നീക്കങ്ങളിൽ അസ്വഭാവികതയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here