Advertisement

ആയിരം വട്ടം തൂക്കിലേറ്റണം ഈ തെമ്മാടികളെ

May 5, 2017
Google News 1 minute Read
nirbhaya

പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ മേൽ വീഴുന്ന ഓരോ നിഴലും വിറയ്ക്കുന്ന നാളയെ, സ്വപ്‌നം കാണുന്നവർക്കുള്ള പ്രതീക്ഷയാണ് സുപ്രീം കോടതി വിധി. ഈ വിധിയ്ക്ക്, അവരുടെ വധശിക്ഷയ്ക്ക് അവളെ മടക്കിക്കൊണ്ടുവരാനാകില്ല. എന്നാൽ അവളെ പോലെ ആയിരം നിർഭയമാർ ഇനിയും ഉണ്ടാകാതിരിക്കാൻ ഈ വിധി സഹായിക്കും തീർച്ച.

2012 ഡിസംബർ 16ന് ആറ് പേർ ചേർന്ന് പിച്ചിക്കീറിയത് അവളുടെ മാനത്തെ ആയിരുന്നില്ല. രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് വിശ്വിസിക്കുന്ന സ്ത്രീ സുരക്ഷയുടെ പൊള്ളത്തരങ്ങളെ ആയിരുന്നു. ഇന്ത്യയിൽ സ്ത്രീ സുരക്ഷ മിഥ്യമാത്രമാണെന്ന തിരിച്ചറിവാണ് നിർഭയ ലോകത്തിന് സ്വന്തം മരണത്തിലൂടെ കാണിച്ചുതന്നത്. എന്നിട്ടും നാല് വർഷവും അഞ്ച് മാസവും വേണ്ടി വന്നു അവൾക്ക് നീതി ലഭിക്കാൻ.

പുരുഷ മനസ്സിന്റെ വൈകൃതങ്ങൾ

ഇന്ത്യൻ ചരിത്രത്തിൽ പെൺപോരാട്ടങ്ങളിൽ നിർഭയ വേറിട്ടൊരു അധ്യായമാണ്. അവളറിയാതെ അവൾ ഏറ്റെടുത്ത ദൗത്യത്തിന്റെ ആഴം ചെറുതല്ല. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സുഹൃത്തിനൊപ്പം (ഒറ്റയ്ക്കല്ലെന്ന് ഓർക്കണം) സഞ്ചരിച്ച പെൺകുട്ടി ബസ്സിനുള്ളിൽ 40 മിനുട്ടോളം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അവൾ ഉറക്കെ കരഞ്ഞിരിക്കാം. ചിലപ്പോൾ ഒന്ന് കരയാൻ പോലും കഴിഞ്ഞിട്ടുണ്ടാകില്ല. ശരീരത്തിന് ആവശ്യമായ സുഖം ലഭിച്ചിട്ടും പിന്നെയും, കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ തലയ്ക്കടിയ്ക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് അവളുടെ ഗർഭപാത്രത്തിലേക്ക് കുത്തിയിറക്കിയവർക്ക് ലഭിച്ചത് എന്ത് തൃപ്തിയാണ്. അവരുടെ ഏതവയവത്തിനാണ് ആ കാഴ്ചയിൽ സംതൃപ്തി ലഭിച്ചത്.

nirbhayaമനുഷ്യന്റെ, വിശിഷ്യ പുരുഷന്റെ അക്രമാസക്തവും വൈകൃതവുമായ മനസ്സ് മണിച്ചിത്രപ്പൂട്ട് തുറന്ന് പുറത്ത് വരുന്നത് അവനിലും ശാരീരിക ശക്തി കുറഞ്ഞ, ഒറ്റയ്ക്ക് വീണ് കിട്ടുന്നവർക്ക് മുന്നിലാണ്. അത് ചിലപ്പോൾ ഒരുമാസം പോലും പ്രായമില്ലാത്ത ആൺകുഞ്ഞോ പെൺകുഞ്ഞോ ആകാം. ചിലപ്പോൾ നിർഭയമാരാകാം. മറ്റ് ചിലപ്പോൾ മരണം കാത്തിരിക്കുന്ന വയോവൃദ്ധരാകാം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന, സ്വന്തം മക്കളുടെയോ അമ്മയുടെയോ മുന്നിൽപോലും പെട്ടിത്തെറിക്കാവുന്ന മാനസിക വൈകൃതവുമായി നടക്കുന്ന ഒരുപറ്റം പേർ ചുറ്റുമുണ്ടെന്ന് ഉൾക്കൊള്ളുകയായിരുന്നു ആ രാത്രി മുതൽ…

മണിക്കൂറുകളുടെ കണക്കുകൾ നൽകുന്ന ഇളവുകൾ

13 ദിവസം ആശുപത്രിക്കിടക്കയിൽ അവൾ മരണത്തോട് മല്ലടിച്ചു. വേദന കടിച്ചിറക്കുമ്പോഴും തന്റെ ജീവൻ തിരിച്ചികിട്ടുമോ എന്ന് അവൾ പേപ്പറിലെഴുതി ചോദിച്ചു. ആന്തരികാവയവങ്ങളിൽ മുഴുവൻ അണുബാധയേറ്റ അവൾ ഒടുവിൽ സിങ്കപ്പൂരിലെ ആശുപത്രിയിൽ വച്ച് ഡിസംബർ 29ന് ലോകത്തോട് വിടപറഞ്ഞു. അവളുടെ മരണത്തിൽ ആറ് പ്രതികളെന്ന് പോലീസ് കണ്ടെത്തി. അവളെ മരണത്തോളം എത്തിച്ചത് ആ ആറ് പേരിൽ ഏറ്റവും ഇളയവനായ കോടതി ‘മൈനർ’ എന്ന് വിശേഷിപ്പിച്ചവനായിരുന്നു. മറ്റ് അഞ്ച് പേർക്കും (പവൻ ഗുപ്ത, മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് താക്കൂർ, റാം സിംഗ്) വധ ശിക്ഷ വിധിച്ച കോടതി മൈനറെന്ന് കണ്ട് അയാളെ മൂന്ന് വർഷത്തെ തടവിന് വിധിച്ചു.

Protest against the release of juvenile convict in Nirbhaya caseകുറ്റകൃത്യം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്തതിനാലാണ് വധശിക്ഷയിൽനിന്ന് ആ കൊലയാളിയെ കോടതി മാറ്റി നിർത്തിയത്. എന്നാൽ അവളെ മൃതപ്രായയാക്കിയതിൽ മുഖ്യപങ്കുവഹിച്ച, പ്രായത്തിൽ മണിക്കൂറുകളുടെ മാത്രം ഔദാര്യത്തിൽ ‘മൈനറായ’ ആ കുട്ടിക്കുറ്റവാളിയെ വെറുതെവിട്ട നടപടി സമൂഹത്തിൽ നൽകിയത് മറ്റൊരു സന്ദേശമായിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് നിയമത്തിൽ ഇളവ് നൽകുമ്പോൾ അത് ഏത് തരം നിയമത്തിലൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന ചർച്ചയും ഇതോടെ ഉയർന്നു വന്നു. നിലവിലെ നിയമം വധശിക്ഷയോ അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കൂടുതൽശിക്ഷയോ നൽകുന്നതിന് അനുവദിക്കുന്നില്ലെന്നും മാറ്റങ്ങൾ ഉണ്ടാകണമെന്നും ആവശ്യങ്ങളുയർന്നു.

സദാചാര സമൂഹം സ്ത്രീയ്‌ക്കെതിരോ… ?

അവൾ അന്ത്യശ്വാസം വലിക്കുമ്പോഴും ചിലർക്കിടയിൽ ഉയർന്ന മുറുമുറുപ്പുകൾ മറക്കാനാവില്ലല്ലോ… പാതിരാത്രിയിൽ അവൾ എന്തിന് പുറത്തിറങ്ങി ? എന്തിന് ഒരു പുരുഷ സുഹൃത്തിനൊപ്പം പോയി ?
ഉയർന്ന ചോദ്യങ്ങൾ വെറും ചോദ്യങ്ങളായിരുന്നില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റംകൂടിയാണ്. സ്ത്രീകളുടെ വസ്ത്രങ്ങളെ കുറിച്ച് ചേഷ്ഠകളെ കുറിച്ച്, അവളുടെ സ്വഭാവത്തെ കുറിച്ച്, തൊഴിലിനെ കുറിച്ച്, അടങ്ങിയൊതുങ്ങി വീട്ടിലിരിക്കേണ്ടതിനെ കുറിച്ച് എല്ലാം വാചാലരായി. അവളുടെ വസ്ത്രമല്ല, അവന്റെ നോട്ടമാണ്, അവന്റെ വൈകൃതങ്ങളാണ് പൊട്ടിത്തെറിക്കുന്നതെന്ന് ഉറക്കെ പറയാൻ പതിനായിരങ്ങൾ ഡൽഹിയിൽ ഒത്തുകൂടി… തലസ്ഥാന നഗരി വിറയ്്ക്കുന്ന പ്രതിഷേധങ്ങൾ ഉയർന്നു. പ്ലക്കാർഡുകളും മെഴുകുതിരികളുമായി, അവർ നിരന്നു…. പ്രതിഷേധകരെ പിരിച്ചുവിടാൻ ജലപീരങ്കി വരെ പ്രയോഗിക്കേണ്ടി വന്നു.

rape


തൂക്കുകയറിലും മീതെ ശിക്ഷയുണ്ടോ…?

നിർഭയ അനുഭവിച്ച വേദനകൾക്ക്, അവൾക്ക് നഷ്ടമായ സ്വപ്‌നങ്ങൾക്ക്, അവളുടെ അച്ഛനമ്മമാർ ഇത്രയും നാൾ അനുഭവിച്ച മാനസിക വ്യധകൾക്ക് പകരം തൂക്കുകയറിൽ കിടന്നാടുന്ന ആ മുഖങ്ങൾ കണ്ടാൽ മതിയാകുമോ… 40 മിനുട്ട് ജീവൻ പിടയുന്ന വേദന അനുഭവിച്ച്, പിന്നെയും 16 ദിവസം അബോധാവസ്ഥയിൽ കിടന്ന ആ പെൺകുട്ടി അനുഭവിച്ച പീഡനത്തിന് പകരം ഒരു നിമിഷംകൊണ്ട് വേദനയില്ലാത്ത മരണം നൽകി അവരെ പറഞ്ഞ് വിട്ടാൽ മതിയാകുമോ… വധശിക്ഷയ്ക്ക് മുകളിൽ നമ്മുടെ ഭരണഘടന മറ്റൊരു ശിക്ഷ വിധിയ്ക്കുന്നില്ലെന്നിരിക്കെ മറ്റെന്ത് ശിക്ഷയാണ് ആ സമാനതകളില്ലാതത്ത പൈശാചികത അഴിച്ചുവിട്ട അവർക്ക് ചേരുന്നത് ?

nirbhaya


നിർഭയ ഫണ്ടിന് എന്തുപറ്റി…?

2013 ൽ യുപിഎ സർക്കാർ കൊണ്ടുവന്ന നിർഭയ ഫണ്ടിന് എന്തുപറ്റി …
സ്ത്രീ സുരക്ഷയ്ക്കായി ചെലവഴിയ്ക്കാനുള്ളതായിരുന്നു നിർഭയ ഫണ്ട്. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്ന വിവിധ പദ്ധതികൾ്കകായി മാറ്റി വച്ചത്. യുപിഎയ്ക്ക് പിറകെ എൻഡിഎയും ഇതിലേക്ക് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ നാളിതുവരെയും ഒരു പദ്ധതി പോലും നടപ്പിലാക്കാൻ സർക്കാരിന് ആയിട്ടില്ല. നിർഭയ കേരളം പദ്ധതിയും പറഞ്ഞുകേട്ടിരുന്നെങ്കിലും ഇപ്പോൾ അനക്കമില്ല. എന്നാലർ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ കാര്യത്തിലോ നിറഞ്ഞുകുമിയുന്ന നിർഭയ ഹോമുകളുടെ എണ്ണത്തിലോ യാതൊരു കുറവുമില്ല. കൊട്ടിയൂർ കേസും വാളയാറിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതും കുണ്ടറ പീഡനവുമെല്ലാം പുതിയ പുതിയ നിർഭയയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.

ഇനി എത്ര നിർഭയ പിറക്കണം…?

സർക്കാരുകളുടെയും സമൂഹത്തിന്റെയും കണ്ണ് തുറക്കാൻ ഇനി എത്ര നിർഭയമാർ പിറക്കേണ്ടിയിരിക്കുന്നു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. നമ്മുടെ പടിവാതിൽക്കൽ പെരുമ്പാവൂരിൽ ജിഷ കൊലചെയ്യപ്പെട്ടു. പിന്നെയും പെൺകുട്ടികൾ.

Jishaസ്ത്രീകൾക്ക് നേരെ ഉയരുന്ന കൈകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അവർ മരണത്തിൽ കുറഞ്ഞൊന്നും അർഹിക്കുന്നില്ലെന്നും സമൂഹത്തിന്റെ ഉള്ളിൽ തട്ടാൻ ഇന്നത്തെ വിധി സഹായകമാകുമെന്ന് പ്രത്യാശിക്കാം…
പെണ്ണിന്  ധൈര്യത്തോടെ ഇറങ്ങി നടക്കാൻ ചുരുങ്ങിയത് അവൾ ജനിച്ച നാട്ടിലെങ്കിലും കഴിയുന്ന അവസ്ഥയിലേക്ക് ലോകം മാറുമെന്ന് പ്രത്യാശിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here