ഞെട്ടിക്കുന്ന ചിത്രങ്ങൾ; ട്രാക്കിലെ വിസർജ്യങ്ങളിൽ വീണ ഐസ് കട്ടകൾ പിന്നീട് പോയതെങ്ങോട്ട് ?

കേരളമാകെ പകർച്ചപ്പനി പടരുകയാണ്. തലസ്ഥാനം ഡെങ്കിപനിയുടെ കൂടി തലസ്ഥാനമായി മാറി. എവിടെ നിന്നാണ് നമുക്കീ മാറാരോഗങ്ങളുടെ കൂമ്പാരം എത്തുന്നത് ? ആരാണ് നമ്മുടെ ഉള്ളിലേക്ക് മാരക രോഗാണുക്കളെ കടത്തി വിടുന്നത് ? ഈ കാഴ്ചകൾ നമ്മളെ ഞെട്ടിക്കും. നമ്മളറിയാതെ നമ്മുടെ ഉള്ളിലേക്ക് ഈ മാരക രോഗാണുക്കൾ എത്തുന്നതെങ്ങനെ എന്നറിഞ്ഞാൽ നമുക്ക് ഭയമേറും.
ഇന്ത്യയുടെ പൊതുഗതാഗത സംവിധാനത്തിൽ പകരം വയ്ക്കാനില്ലാത്ത റെയിൽവേ സ്റ്റേഷനുകൾ എങ്ങനെയാണു അണുവാഹകരാകുന്നത് എന്നതിന് ഈ ദൃശ്യങ്ങൾ ധാരാളം. ചിത്രങ്ങൾ സത്യം പറയുമ്പോൾ വിശ്വസിച്ചാലും ഇല്ലങ്കിലും ഈ അനുഭവ കുറിപ്പ് കൂടി ചേർത്ത് വായിക്കാം.
ഒരു ഫേസ് ബുക്ക് പോസ്റ്റിൽ രാജേഷ് എന്നൊരു ചെറുപ്പക്കാരന്റേതായി വന്ന കുറിപ്പും ചിത്രങ്ങളുമാണ്. ലൈസ്സൻസി വിവരങ്ങൾ സഹിതമാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു ഈ കുറിപ്പും ചിത്രങ്ങളും ചേർക്കുന്നു. എന്നാൽ ഇത് ഞങ്ങളുടെ നേരിട്ടുള്ള റിപ്പോർട്ട് അല്ലാത്തതിനാൽ ലൈസന്സി വിവരങ്ങൾ മറയ്ക്കുന്നു.
” ഇവിടെ പറയുന്ന കാര്യങ്ങൾ ഞാൻ നേരിൽ കണ്ടതാണ്. ഒരു വിവാഹചടങ്ങിനുശേഷം കോഴിക്കോട്ടേക്ക് ജനശതാബ്ദി കാത്തു ആലുവ സ്‌റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്ഫോമിൽ കുടുംബസമേതം നിൽക്കുകയായിരുന്നു. ഇടക്കെപ്പോഴോ ട്രാക്കിലേക്ക് നോക്കുമ്പോൾ രണ്ടു ചെറുപ്പക്കാർ ഒരു നനഞ്ഞ കീറച്ചാക്കിൽ ഭാരമുള്ള എന്തോ വസ്തു ട്രാക്കിന് കുറുകെ വലിച്ചുകൊണ്ടുവരുന്നത് കണ്ടു. ഇത്തിരി കഴിഞ്ഞു ചാക്കുകെട്ടു റെയിലിൽ ഇടിച്ചു പൊട്ടിക്കാനുള്ള ശ്രമമായി. നാലഞ്ചു പ്രാവശ്യം ശ്രമിച്ചപ്പോൾ ഉള്ളിലുണ്ടായിരുന്ന ഐസുകട്ട രണ്ടായി പൊട്ടി പാളത്തിൽ വീണു. പാളത്തിലാണെങ്കിൽ സർവ്വ സാധാരണമായിക്കാണുന്ന ഉണങ്ങിയതും ഉണങ്ങാൻ തുടങ്ങിയതും അന്ന് രാവിലെ ആരൊക്കെയോ നിക്ഷേപിച്ചുപോയതുമായ ഉച്ഛിഷ്ടവും അമേധ്യവും ചിതറിക്കിടന്നിരുന്നു.
യാത്രക്കാർ എല്ലാവരും ഇവരെന്താണ് ചെയ്യാൻ പോകുന്നതെന്ന് ആകാംഷയോടെ നോക്കുന്നുണ്ട്. ഇതിനിടെ രണ്ടു തുണ്ടം ഐസ്കട്ടകളും അവരെടുത്തു പ്ലാറ്ഫോമിലേക്കും തുടർന്ന് അവിടെ വെള്ളവും ശീതളപാനീയങ്ങളും വിൽക്കുന്ന കിയോസ്കിനുള്ളിലേക്കും എടുത്തുവച്ചു.
ട്രെയിൻ കാത്തുനിന്നിരുന്ന യാത്രക്കാർ പിറുപിറുക്കുണ്ടായിരുന്നു. ഇതിനിടയിൽ എന്റെ ഭാര്യ മൊബൈലിൽ സംഭവത്തിന്റെ കുറച്ചു ചിത്രങ്ങളും എടുത്തു. എന്തിനാണ് ഐസ് എന്ന് ചോദിച്ചപ്പോൾ കടക്കാർ പറഞ്ഞു പാനീയങ്ങൾ തണുപ്പിക്കാൻ ബക്കറ്റിൽ ഇടനാണെന്നു. വൃത്തിഹീനമായ രീതിയിൽ കൊണ്ടുവന്ന ഐസ് ഭക്ഷ്യവസ്തുക്കളിൽ ഉയപയോഗിക്കുന്നതിനെതിരെ പരാതി കൊടുക്കുമെന്ന് പറഞ്ഞ എന്നോട് അവർ വളരെ ലാഘവത്തിൽ പറഞ്ഞു കൊടുത്തോളാൻ. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടയിലാകട്ടെ തണ്ണിമത്തൻ ആപ്പിൾ എന്നിവയുടെ ജ്യൂസ് നിറച്ച ബക്കറ്റുകൾ തണുക്കാൻ റെഡിയായി ഇരിപ്പുണ്ടായിരുന്നു. കടുത്ത ചൂടിൽ ഒരു തണുത്ത വെള്ളം കുടിക്കാൻ തോന്നിയാൽ അമേധ്യം കലർന്ന ഐസ് ചേർത്താവുമോ തരിക. ആർക്കറിയാം. ഫോട്ടോയും ഇതോടൊപ്പം അയക്കുന്നു ഇത് പരമാവധി ഷെയർ ചെയുക; എല്ലാവരും കാണട്ടെ.”
റെയിൽവേ സ്റേഷനുകളിലെയും ട്രെയിനിന് ഉള്ളിലെയും വൃത്തിഹീനമായ അന്തരീക്ഷത്തെ കുറിച്ചും ഭക്ഷണത്തിന്റെ അനാരോഗ്യാവസ്ഥയെ കുറിച്ചും ധാരാളം പരാതികൾ ഉയരുന്നുണ്ട് . ഇക്കാര്യത്തിൽ അടിയന്തിരമായി ശ്രദ്ധിക്കേണ്ടവർ ഇക്കൂട്ടർക്ക് ഒത്താശകൾ ചെയ്യുന്നുണ്ടെന്ന് കരുതേണ്ടി വരും. ” പരാതി കൊടുക്കുമെന്ന് പറഞ്ഞ എന്നോട് അവർ വളരെ ലാഘവത്തിൽ പറഞ്ഞു കൊടുത്തോളാൻ…” എന്ന ഭാഗം ശ്രദ്ധിക്കുക. ഉദ്യോഗ തലത്തിൽ ഇക്കൂട്ടർക്ക് സംരക്ഷണം കിട്ടുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണത്.
ഇത്തരം വിഷയങ്ങൾ കണ്ടാൽ ഒരു കുറഞ്ഞ അളവിലെങ്കിലും പ്രതികരിക്കണം. ബന്ധപ്പെട്ടവരെ അറിയിക്കണം. വാർത്തകൾ പുറത്തു വരണം . അല്ലങ്കിൽ പനി കവരുന്ന ജീവനുകളുടെ എണ്ണവും കണക്കും തിട്ടപ്പെടുത്തി നമുക്ക് സർക്കാരിനെയും പഴിച്ച് സമയം കളയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here