ആരെയും നോവിക്കേണ്ടെന്ന് കരുതിയാണ് ഉദ്ഘാടനം മാറ്റിയതെന്ന് മെട്രോ എംഡി

eliyas george

ആരെയും നോവിക്കേണ്ടെന്ന് കരുതിയാണ് മെട്രോയുടെ സോളര്‍ എനര്‍ജി പ്രൊജക്റ്റ് ഉദ്ഘാടന ചടങ്ങ് മാറ്റിയതെന്ന് മെട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ്. ഇന്ന് ആലുവാ സ്റ്റേഷനില്‍ നടക്കാനിരുന്ന മെട്രോ സോളാര്‍ എനര്‍ജി പ്രോജറ്റിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായി ഉപേക്ഷിച്ചത്. മെട്രോയുടെ സുരക്ഷാ കാര്യങ്ങളും മറ്റും നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനാണ് പിണറായി വിജയന്‍ എത്തിയത്. ഒപ്പം ഉദ്ഘാടന ചടങ്ങും തീരുമാനിച്ചിരുന്നു. എന്നാല്‍ ആലുവ എംഎല്‍എ ആയ അന്‍വര്‍ സാദത്തിനെ ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന് കാണിച്ച് രാവിലെ മുതല്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പത്രങ്ങളിലൂടെയാണ് ചടങ്ങ് സംബന്ധിച്ച വിവരം അറിഞ്ഞതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണവും. മുഖ്യമന്ത്രി സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പായി തന്നെ ഇത് വിവാദമായിരുന്നു.  ഇതിനെ തുടര്‍ന്നാണ് ചടങ്ങ് ആരംഭിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പായി ഇത് ഉപേക്ഷിച്ചത്.

ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചതിനെ സ്വാഗതം ചെയ്യുന്നതായി അന്‍വര്‍ സാദത്ത് എംഎല്‍എയും പ്രതികരിച്ചു. തീരമാനത്തെ തുടര്‍ന്ന് ആലുവ സ്റ്റേഷനില്‍ ഉദ്ഘാടനത്തിനായി സജ്ജീകരിച്ചിരുന്ന ഒരുക്കങ്ങളെല്ലാം നിമിഷ നേരങ്ങള്‍കൊണ്ട് അധികൃതര്‍ മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top