Advertisement

ജനത്തിന് സർക്കാറിനെ വിലയിരുത്താമെന്ന് മുഖ്യമന്ത്രി

June 5, 2017
Google News 1 minute Read
സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം സമാപിച്ചു

ജനങ്ങളുടെ മുന്നിൽ സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ജനത്തിന് സർക്കാറിനെ വിലയിരുത്താനും അഭിപ്രായ നിർദേശങ്ങൾ നൽകാനുമുള്ള അവസരമാണ് ഒന്നാം വാർഷികത്തിൽ സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷിക പരിപാടികളുടെ സമാപന പൊതുസമ്മേളനം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാറിന്റെ ഒരു വർഷത്തെ പുരോഗതി റിപ്പോർട്ട് സിനിമാ സംവിധായകൻ രഞ്ജിത്തിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ldf (2)

നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പേ സർക്കാർ വ്യക്തമാക്കിയതാണ്. പ്രകടന പത്രികയിൽ അതിപ്രധാനമായ 35 കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഒരു വർഷം കൊണ്ട് അവയിൽ മിക്ക കാര്യങ്ങൾക്കും തുടക്കം കുറിക്കാനായെന്നും ചിലതിൽ നല്ല പുരോഗതി നേടാനായെന്നും വിലയിരുത്തുന്നവർക്ക് മനസ്സിലാകും. ഇത് ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി അതി നിശിതമായി വിമർശിക്കുന്നവരും ഒരു വർഷം കൊണ്ട് സർക്കാർ പൊതുവെ കാര്യങ്ങൾ നിർവഹിച്ചിരിക്കുന്നു എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് ശ്രദ്ധിക്കപ്പെട്ടു. മിക്ക മാധ്യമങ്ങളുടെയും പിന്തുണ ലഭിച്ചു. ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ ഇത് സർക്കാറിന് കരുത്ത് പകരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രകടന പത്രികയിൽ പറഞ്ഞ ഓരോ ഇനത്തിലും ഒരു വർഷം കൊണ്ട് എന്ത് ചെയ്തു എന്ന വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായങ്ങളും വിലയിരുത്തലുകളും ജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ചെയ്ത കാര്യങ്ങളിലും ബാക്കിയുള്ളവയിലും ജനത്തിന്റെ ഇടപെടലാണ് ഇനി വേണ്ടത്. അതുകൂടി പരിഗണിച്ചാണ് ഇനി സർക്കാറിന്റെ മുന്നോട്ടുള്ള പ്രവർത്തനം. വർഷം തോറും സർക്കാറിനെ വിലയിരുത്താൻ ജനത്തിന് അവസരം നൽകും എന്നതും സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ജനക്ഷേമ കര്യത്തിൽ മുൻതൂക്കം നിൽക്കുന്നത് കേരള സർക്കാറാണെന്ന കാര്യം ദേശീയതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു. സാധാരണക്കാരൻ ഏറ്റവുമധികം വിഷമം അനുഭവിക്കുന്ന രാജ്യമായിട്ടും സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രം ശ്രമിക്കുന്നില്ലെന്ന വിമർശനമുണ്ട്. അതിസമ്പന്നരുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നത്. ഇവിടെയാണ് കേരള സർക്കാർ വേറിട്ടു നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളവത്ക്കരണ കാലത്തെ സമ്പന്ന വർഗത്തിനുള്ള ഭരണമല്ല സർക്കാർ നടത്തുന്നത്. ജനങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന ചുമതലയാണ് സർക്കാറിനുള്ളത്. തൊഴിലാളികൾ, കർഷകർ, അവശത അനുഭവിക്കുന്നവർ, ആദിവാസികൾ, സ്ത്രീസമൂഹം, പട്ടികജാതിക്കാർ ഇവരുടെ പ്രശ്‌നങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. എല്ലാ വിഭാഗങ്ങൾക്കും കാലാനുസൃതമായ പുരോഗതി ഉണ്ടാകണം. സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി അധസ്ഥിത വിഭാഗങ്ങൾക്ക് സുരക്ഷിതമായ വീട് നിർമിച്ചു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലന്വേഷകരായ എല്ലാവർക്കും തൊഴിൽ നൽകാൻ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. ബാക്കിയുള്ളവ അടുത്താകും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തകർന്നടിഞ്ഞ പരമ്പരാഗത വ്യവസായങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികൾ എടുത്തുകഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു. ഈ വർഷം ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് നൽകിയ കൈത്തറി യൂനിഫോം അടുത്ത വർഷം മുതൽ യു.പി. വിദ്യാർഥികൾക്ക് കൂടി നൽകാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സമയബന്ധിതമായി അർഹരായ എല്ലാവർക്കും പട്ടയം

ldf (3)

ദീർഘകാലമായി വസിക്കുന്ന സ്വന്തം ഭൂമിയിലും കൃഷിയിടത്തിലും അവകാശമില്ലാത്ത ആയിരക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഇവരിൽ അർഹരായ എല്ലാവർക്കും സമയബന്ധിതമായി പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ട് വർഷത്തിനകം ധാരാളം ആളുകൾക്ക് പട്ടയം നൽകാനാകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ത്വരിതഗതിയിൽ ഇവ പൂർണതയിലെത്തിക്കും.

ഭക്ഷണ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട

ഓരോരുത്തർക്കും ഇഷ്ടപ്പെട്ട രീതിയുള്ള ഭക്ഷണം കഴിക്കുന്നതിനും താത്പര്യമുള്ള വസ്ത്രധാരണത്തിനും കേരളത്തിൽ അവകാശമുണ്ടാകുമെന്നും അക്കാര്യത്തിൽ ആർക്കും ഒരാശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയച്ചുവയോടെ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ ഒരു ശക്തിയെയും അനുവദിക്കില്ല. മതനിരപേക്ഷതയുടെ സംരക്ഷണത്തിന് ശക്തമായ നിലപാട് സ്വീകരിക്കും. ഭക്ഷണത്തിലും വസ്ത്രത്തിലും ജീവിത ശൈലിയിലും ഇടപെടുന്ന വർഗീയതയെ അനുവദിക്കില്ല. മതനിരപേക്ഷതയ്ക്ക് വിലകൽപിക്കുന്ന, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ഇന്നലെ വരെ ജീവിച്ച രീതിയിൽ തുടരാൻ എല്ലാവർക്കും ഇവിടെ അവകാശമുണ്ടാകും.

അഴിമതിക്കാരോട് ദാക്ഷിണ്യമില്ല

ldf (5)

സർക്കാർ സംവിധാനത്തിൽ മേൽതട്ടിലെ അഴിമതി ഇല്ലാതായെന്നും എന്നാൽ സിവിൽ സർവീസിൽ ചിലർ ഇപ്പോഴും അത് തുടരുന്നുവെന്നും അത്തരക്കാരോട് സർക്കാറിന് ഒരു ദാക്ഷിണ്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സർവീസിൽ അധിക പേരും നല്ലവരാണ്. എന്നാൽ വഴിതെറ്റിപോയ ചിലരുണ്ട്. കിട്ടുന്ന ശമ്പളം പോരാ, ആഗോളവത്കരണ കാലത്ത് കൂടുതൽ മോടിയോടെ ജീവിക്കാൻ വേറെ പണം വേണമെന്നതാണ് അവരുടെ മനോഭാവം. അതിന് വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു. ഇത് ശീലമാക്കിയവർ പൂർണമായും നിർത്തണം. ഇല്ലെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കും. ഇ-ഗവേണൻസ് നടപ്പാക്കാൻ പോകുകയാണ്. എല്ലാ മുതിർന്ന ഓഫീസർമാർക്കും മന്ത്രിമാർക്കും ഫയലുകളുടെ സ്ഥിതി അറിയാനാകും. അതിവേഗം തീരുമാനമെടുക്കുന്നതിന് സിവിൽ സർവീസിനെ ശക്തിപ്പെടുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.
പത്മശ്രീ ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മീനാക്ഷി ഗുരുക്കൾ എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ച് ഉപഹാരങ്ങൾ നൽകി. കോഴിക്കോടിന്റെ കൊച്ചുഗായിക ശ്രേയ ജയദീപിനും മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.

റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, സംവിധായകൻ രഞ്ജിത്ത് എന്നിവർ ആശംസ അർപ്പിച്ചു. തൊഴിൽ, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ സ്വാഗതവും ജില്ലാ കളക്ടർ യു.വി. ജോസ് നന്ദിയും പറഞ്ഞു. എം.എൽ.എമാരായ എ. പ്രദീപ് കുമാർ, എ.കെ ശശീന്ദ്രൻ, ഇ.കെ. വിജയൻ, പി.ടി.എ റഹിം, വി.കെ.സി മമ്മദ് കോയ, പുരുഷൻ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വിവര പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ ഡോ.കെ. അമ്പാടി, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ പി. ബാലകിരൺ എന്നിവർ സന്നിഹിതരായിരുന്നു. സമാപന സമ്മേളനത്തിന് ശേഷം ഗാനസന്ധ്യ അരങ്ങേറി.
വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 20 മുതൽ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മെയ് 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിച്ചത്.

മഴയിലും വൻ ജനപങ്കാളിത്തം

കോഴിക്കോട് നടന്ന സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മഴയിലും വൻ ജനപങ്കാളിത്തം. മലബാർ ക്രിസ്ത്യൻ കോളജിൽ സമ്മേളനത്തിനായി ഒരുക്കിയ പ്രത്യേക പന്തൽ ജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. മഴയിൽ കുട ചൂടിയാണ് കുറേ പേർ ചടങ്ങ് വീക്ഷിച്ചത്. സമ്മേളന സ്ഥലത്ത് റമദാൻ നോമ്പു തുറയ്ക്കായി സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൈത്തറി മുണ്ട് നൽകിയാണ് സമ്മേളനത്തിനെത്തിയ അതിഥികളെ സ്വീകരിച്ചത്. സർക്കാറിന്റെ ഒരു വർഷത്തെ നേട്ടങ്ങൾ ഹ്രസ്വമായി അവതരിപ്പിച്ച ഡോക്യുമെൻററി സമ്മേളനം തുടങ്ങുന്നതിന് മുമ്പായി പ്രദർശിപ്പിച്ചു.

സമാപന സമ്മേളനത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പ് സംഘടിപ്പിച്ച വികസന ചിത്ര പ്രദർശനം ശ്രദ്ധേയമായി. സംസ്ഥാന സർക്കാർ ഒരു വർഷം കൊണ്ട് ജില്ലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചായിരുന്നു പ്രദർശനം.

 

LDF Government 1st anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here