ഭൂമി പോക്കുവരവ്‍ ചെയ്ത് കൊടുത്തില്ല, കര്‍ഷകന്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങി മരിച്ചു

suicide

കോഴിക്കോട് പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്തത് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി കാരണമാണെന്ന് ബന്ധുക്കള്‍. ഇന്നലെ രാത്രി ഒമ്പതേകാലോടെയാണ് ജോയ് യുടെ മൃതദേഹം വില്ലേജ് ഓഫീസിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭൂനികുതി അടയ്ക്കാന്‍ ചെന്ന ജോയിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നികുതി വാങ്ങാന്‍ തയ്യാറായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ്  ഭൂമി പോക്കുവരവ് ചെയ്ത് നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും ജോയ് നല്‍കാന്‍ തയ്യാറായിരുന്നില്ല. അതിനുശേഷം ഇദ്ദേഹത്തിന്റെ വസ്തുവിന്റെ ഭൂനികുതി ഓരോ കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കാതെ ഇരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വില്ലേജ് അസിസ്റ്റന്റിനെതിരെ കേസ് എടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കളക്ടര്‍ വരാതെ മൃതദേഹം ഇവിടെ നിന്ന് മാറ്റാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ബന്ധുക്കള്‍.

വര്‍ഷങ്ങളായി ജോയി ഭൂനികുതി അടച്ചു വന്നിരുന്ന ഭൂമിയുടെ നികുതി തന്നെയാണ് കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഉദ്യോഗസ്ഥര്‍ സ്വീകരിക്കാതെ ഇരുന്നത്. ഇതില്‍ ജോയ് കടുത്ത മനോവിഷമത്തിലായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാരണം കാണിച്ച് ഇതേ വില്ലേജ് ഓഫീസിനു മുന്നില്‍ രണ്ട് തവണ നിരാഹാര സമരം നടത്തിയ ആളാണ് ജോയ്. കര്‍ഷകന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെ ചക്കിട്ടപ്പാറയില്‍ കോണ്‍ഗ്രസ്സിന്റെ ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്.

farmer suicides in village office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top