ഓർക്കണം സാംകുട്ടിമാരെ; കേരളത്തിലെ വില്ലേജ് ഓഫീസുകൾ ശവപ്പറമ്പാകാതിരിക്കാൻ

samkutty (1)

സാംകുട്ടിയെ ഓർമ്മയില്ലേ.. ഇല്ലെങ്കിൽ ഓർക്കണം. കരമടയ്ക്കാൻ വില്ലേജോഫീസിൽ കയറിയിറങ്ങുന്നവർ നിർബന്ധമായും ഓർക്കണം. കയ്യിൽ പെട്രോളുമായെത്തി, വില്ലേജ് ഓഫീസ് തീയിട്ട് നശിപ്പിച്ച സാം കുട്ടി ഭ്രാന്തനായിരുന്നില്ല. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ആത്മഹത്യ അല്ലാതെ മറ്റൊന്നും മുന്നിലില്ലാതിരുന്ന സാംകുട്ടി കണ്ടെത്തിയ രക്ഷാമാർഗ്ഗമായിരുന്നു അത്.

സാംകുട്ടിമാർ ആത്മഹത്യ ചെയ്യാൻ തുടങ്ങിയിരിക്കുന്നു…

സ്വന്തം സ്ഥലത്തിന്റെ കരമടയ്ക്കുന്നതിന് വില്ലേജ് ഓഫീസിൽ കയറിയിറങ്ങി മടുത്ത് കോഴിക്കോട് ഇന്നലെ രാത്രിയാണ് കർഷകൻ ജോയി അതേ വില്ലേജ് ഓഫീസിന് മുന്നിൽ തൂങ്ങി മരിച്ചത്. സ്വന്തം ഭൂമി പുറം പോക്കാണെന്ന് ആരോപിച്ചാണ് വില്ലേജ് ഓഫീസർ കരമടയ്ക്കാൻ അനുവദിക്കാതിരുന്നത്. എന്നാൽ കരമടയ്ക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് വില്ലേജ് ഓഫീസറായിരുന്ന സിരീഷ് ആവശ്യപ്പെട്ടിരുന്നതായി ജോയിയുടെ ഭാര്യ പറയുന്നു.

ജോയിയുടെ സമാനമായ അവസ്ഥയിലൂടെതന്നെയാണ് സാം കുട്ടിയും കടന്നുപോയത്.

കൃത്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും നെയ്യാറ്റിങ്കര താലൂക്കിൽ വെള്ളറട വില്ലേജിൽ സർവേ നമ്പർ 708/1/2061 പ്രകാരവും 1991 ലെ 624 നമ്പർ ആധാര പ്രകാരവും 10207 നമ്പർ പട്ടയപ്രകാരവും അപ്പൻ യോഹന്നാനിൽ നിന്ന് കുടുംബപരമായി സാം കുട്ടിയ്ക്ക് ലഭിച്ച 18 സെന്റ് ഭൂമി സർക്കാർ വകയായി.
റീ സർവേയിൽ അധികാരികൾക്ക് സംഭവിച്ച കൈപ്പിഴയാണ് ഇതിന് കാരണം. ന്നുമുതൽ സാംകുട്ടിക്കു ഈ സ്ഥലതിന്മേൽ നികുതിയടക്കാൻ സാധിക്കതെയായി. ഈ തെറ്റായ നടപടി തിരുത്തികിട്ടാൻ സർക്കാർ ഓഫീസുകളുടെ വരാന്തകൾ കയറിയിറങ്ങിയ സാം കുട്ടിയുടെ യുദ്ധം അവസാനിച്ചത് വില്ലേജ് ഓഫീസ് തീയിട്ട് നശിപ്പിക്കുന്നതിലാണ്.

sajeevan


സജീവൻ

ഈ സംഭവത്തിൽ ഇപ്പോഴും സാംകുട്ടിയ്ക്ക് നേരെ കേസ് നിലനിൽക്കുന്നുണ്ടെന്ന് മകൻ സജീവൻ ട്വന്റിഫോർന്യൂസിനോട് പറഞ്ഞു. സാം കുട്ടിയുടെ യഥാർത്ഥ അവസ്ഥ കണ്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നേരിട്ട് ഇടപെട്ട് ഭൂമിയുടെ കരമടയ്ക്കാൻ വേണ്ട നടപടികൾ ചെയ്തു തന്നിരുന്നുവെന്നും സജീവൻ പറഞ്ഞു.

എന്നാൽ ഇന്നും കേരളത്തിലങ്ങോളമിങ്ങോളം നിരവധി സാംകുട്ടിമാർ വില്ലേജ് ഓഫീസിൽ കയറിയിറങ്ങുന്നുണ്ട്. ചിലർ ജോയിയെ പോലെ ജീവിതംതന്നെ മടുത്ത് ഒരു മുഴം കയറിൽ അവസാനിപ്പിക്കുന്നു. അപ്പോഴും തീരുന്നില്ല, സാം കുട്ടിമാരുടെ പ്രശ്‌നങ്ങൾ. ഭൂമി വെട്ടിപ്പിടിച്ച് ആധിപത്യം സ്ഥാപിക്കുന്നവർ, സ്വന്തം ഭൂമി തന്റേതെന്ന് തെളിയിക്കാൻ പെടാപാടുപെടുന്നവർ, ഒരു തുണ്ട് ഭൂമിയ്ക്കായി കുടിൽകെട്ടി സമരം ചെയ്യുന്നവർ, ഒന്നുമില്ലാതെ കടത്തിണ്ണ വീടാക്കുന്നവർ… കേരളത്തിന്റെ വൈവിധ്യം ഇതാണ്.

സർക്കാർ ഓഫീസിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ് കയ്യടി തേടിയ മുഖ്യമന്ത്രി പിണറായി വിജയൻ സാംകുട്ടിമാരെ കുറിച്ച് അറിയണം. അവർക്ക് വേണ്ടി ശാശ്വത പരിഹാരമുണ്ടാകണം. ഇല്ലെങ്കിൽ നാളെ അവർ മറ്റൊരു ജോയിയാകും….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top