ഗൾഫ് വിമാന യാത്രാ നിരക്ക്: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് ഉത്സവ സീസണിൽ വിമാന കമ്പനികൾ കുത്തനെ വർധിപ്പിക്കുന്നത് തടയാൻ ഇടപെടണമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് റംസാൻ വേളയിൽ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികൾ വർധിപ്പിച്ചത്. പെരുന്നാളിന് നാട്ടിൽ വരേണ്ട മലയാളികളായ തൊഴിലാളികളെ നിരക്ക് വർധന ദുരിതത്തിലാക്കിയിട്ടുണ്ട്. ഉത്സവ സീസണും വിദ്യാലയ അവധിയും വരുമ്പോൾ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന സമീപനമാണ് വിമാന കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളം ഗൾഫ് മേഖലയിലെ വിമാനക്കൂലി നിജപ്പെടുത്തണമെന്നും കൂടുതൽ എയർ ഇന്ത്യ ഫ്‌ളൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ മേഖലയിൽ കൂടുതൽ ഫ്‌ളൈറ്റ് ഏർപ്പെടുത്താൻ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുകയും വേണം. ഉത്സവ-സ്‌കൂൾ അവധി സീസണിലെ തിരക്ക് കുറയ്ക്കാൻ വിദേശ വിമാന കമ്പനികൾക്ക് ഹ്രസ്വകാലത്തേക്ക് കൂടുതൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലെ വിമാന നിരക്ക് വർധനയുടെ പ്രശ്‌നം ഏപ്രിൽ മാസത്തിൽ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തൊഴിൽ സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രയാസപ്പെടുന്ന മലയാളികൾക്ക് ഈ നിരക്ക് വർധന വലിയ തിരിച്ചടിയാണ്. സിവിൽ വ്യോമയാന സെക്രട്ടറി കൂടി പങ്കെടുത്ത് എയർലൈൻ മേധാവികളുടെ യോഗം മെയ് 15ന് തിരുവനന്തപുരത്ത് ചേർന്നപ്പോൾ ഈ വിഷയം താൻ ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉഭയകക്ഷി കരാറിൻറെ അടിസ്ഥാനത്തിലാണ് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകുന്നത്. തിരക്കുള്ള സീസണിൽ 15 ദിവസത്തേക്ക് കൂടുതൽ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രാലയം സെക്രട്ടറി ആ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ, നിരക്ക് കുറയ്ക്കുന്നതിന് പകരം അഞ്ചും ആറും ഇരട്ടി വർധിപ്പിക്കുയാണ് വിമാന കമ്പനികൾ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here