ഇന്ദ്രാണി മുഖർജിയടക്കം 200 തടവുകാർക്കെതിരെ കേസ്

ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖർജിയടക്കം 200 തടവുകാർക്കെതിരെ കേസ്. മുംബൈ ബൈക്കുള ജയിലിൽ സഹതടവുകാരിയുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പങ്കെടുത്തതിനാണ് കേസ്.
ജയിൽ സംഘർഷമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ മർദിക്കുകയും ജയിലിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതിനാണ് കേസ്. 45കാരിയായ മഞ്ജുര ഷെട്ടിയെ ജയിൽ അധികൃതർ മർദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ജയിലിൽ മറ്റ് തടവുകാർ പ്രതിഷേധം ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് ജയിലിലെ സഹതടവുകാരിയായ മഞ്ജുര ജെ ജെ ആശുപത്രിയിൽ മരിച്ചത്. സംഭവത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 200 ഓളം തടവുകാർ സംഘടിച്ച് ജയിലിന്റെ ടെറസിൽ കയറി പ്രതിഷേധിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു. ജയിലിൽ 251 വനിതാ തടവുകാരാണ് ഉള്ളത്. മഞ്ജുരയുടെ മരണത്തെ തുടർന്ന് ആറ് പൊലീസുകാർക്കെതിരെ കേസെടുക്കുകയും ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here