കൊടിമരത്തിൽ മെർക്കുറി ഒഴിക്കുന്നത് അന്ധവിശ്വാസമെന്ന് സൂചന

ശബരിമല സന്നിധാനത്തെ സ്വർണ്ണക്കൊടിമരം മെർക്കുറി ഒഴിച്ച് നശിപ്പിച്ച സംഭവത്തിൽ പോലീസ് പ്രാഥമിക നിഗമനത്തിലെത്തി. കൊടിമരം സ്ഥാപിക്കുമ്പോൾ മെർക്കുറി ഒഴിക്കുന്നത് ആന്ധ്രാപ്രദേശിലെ ആചാരമാണെന്ന് സൂചന ലഭിച്ചതായി ഐ ജി മനോജ് എബ്രഹാം.
കൊടിമരം സ്ഥാപിക്കുമ്പോൾ ആചാരത്തിന്റെ ഭാഗമായി മെർക്കുറിയും നവധാന്യവും ഒപ്പം ഇടാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ പിടിയിലായവരെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികളായ ഇന്റലിജൻസും റോയും സംഭവത്തിൽ അന്വേഷണം നടത്തും.
സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. പിടിയിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here