ജുനൈദിന്റെ കൊലപാതകം; കത്തി കണ്ടെടുത്തു

ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ട്രയിനിൽവച്ച് ജുനൈദ് എന്ന 16കാരനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്തി. ഹരിയാന റെയിൽവേ പൊലിസ് പ്രതിയായ നരേഷ് കുമാറിന്റെ ഗ്രാമത്തിലെ നദിയിൽനിന്നാണ് കത്തി കണ്ടെത്തിയത്. ബാഗിൽ പൊതിഞ്ഞാണ് കത്തി നദിയിൽ ഉപേക്ഷിച്ചിരുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന തരം കത്തിയാണ് കൊലപ്പെടുത്താനുപയോഗിച്ചത്.
കത്തി കൂടാതെ ആ സമയത്ത് പ്രതി ധരിച്ചിരുന്ന ഷൂസും പോലിസ് കണ്ടെടുത്തു. ഇതു രണ്ടും പരിശോധനക്കയക്കുമെന്ന് എസ്.പി കമൽ ദീപ് ഗോയൽ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മഹാരാഷ്ട്രയിലെ ധൂളിൽ നിന്നാണ് നരേഷ് കുമാറിനെ പോലിസ് പിടികൂടിയത്. ജൂൺ 24ന് ഡൽഹിയിലെ സദർ ബസാറിൽനിന്ന് റംസാൻ ആഘോഷത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങി ഹരിയാനയിലേക്ക് മടങ്ങവെയാണ് ജുനൈദ് ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here