ബീഫ് കടത്ത് ആരോപിച്ച് ട്രെയിനിൽ വയോധികനെ തല്ലിച്ചതച്ചവരെ ജാമ്യത്തിൽ വിട്ടു; വിവാദമായപ്പോൾ ജാമ്യമില്ലാ കുറ്റം ചുമത്തി
ബീഫ് കടത്തിയെന്ന് ആരോപിച്ച് 72 കാരനെ മർദ്ദിച്ചവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയില്ലെന്ന് ആരോപണത്തിന് പിന്നാലെ നടപടിയുമായി താനെ റെയിൽവെ പൊലീസ്. മതവികാരം വ്രണപ്പെടുത്തിയതിനും പിടിച്ചുപറി നടത്തിയതിനും അടക്കം പ്രതികൾക്കെതിരെ അധിക വകുപ്പുകൾ കേസിൽ ചുമത്തി. നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പ്രതികളെ പുതുതായി ചുമത്തിയ വകുപ്പുകളുടെ അടിസ്ഥാനത്തിൽ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് താനെ റെയിൽവെ പൊലീസ് വ്യക്തമാക്കി.
ധുലെ സ്വദേശികളായ ആകാശ് അവാദ്, നിതേഷ് അഹിരെ, ജയേഷ് മൊഹിതെ എന്നിവരാണ് കേസിലെ പ്രതികൾ. പൊലീസ് റിക്രൂട്മെൻ്റ് ഡ്രൈവിനായി മുംബൈയിലേക്ക് പോവുകയായിരുന്ന ഇവർ ട്രെയിനിൽ വച്ചാണ് വയോധികനെ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മർദ്ദിച്ചത്. ഓഗസ്റ്റ് 31 ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ജാമ്യത്തിൽ വിട്ടിരുന്നു.
Read Also: ‘പശു സ്‌നേഹികളെ ആര്‍ക്ക് തടയാനാവും’; ഗോരക്ഷകര്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാന മുഖ്യമന്ത്രി
ധുലെ – സിഎസ്എംടി എക്സ്പ്രസിൽ മുംബൈ കല്യാണിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോയ 72 കാരനാണ് ഓഗസ്റ്റ് 28 ന് നടന്ന ക്രൂര ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്ന 2800 രൂപ പ്രതികൾ അപഹരിച്ചു. എന്നാൽ തൻ്റെ കൈയിലെ പണം നഷ്ടമായത് ഇദ്ദേഹം ആദ്യം തങ്ങളോട് പറഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം വിവാദമായതോടെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷൻ 302, 311 എന്നിവ പ്രകാരം പൊലീസ് പ്രതികൾക്കെതിരെ വീണ്ടും കേസെടുത്തത്. ഇക്കാര്യം താനെ റെയിൽവെ പൊലീസ് സീനിയർ ഇൻസ്പെക്ടർ അർച്ചന ദുസനെ സ്ഥിരീകരിച്ചു.
അതിനിടെ 72 കാരനെ ആക്രമിച്ച സംഭവത്തിൽ നാലാമത്തെ പ്രതിയെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളിൽ 2 പേർ എസ്ആപിഎഫ് കോൺസ്റ്റബിൾമാരുടെ മക്കളാണ്. മൂന്നാമൻ ഒരു കൂലിത്തൊഴിലാളിയുടെ മകനുമാണ്. ഓഗസ്റ്റ് 29 ന് മുംബൈയിൽ നടന്ന പൊലീസ് റിക്രൂട്മെൻ്റിൻ്റെ ഭാഗമായ ഫിസിക്കൽ ടെസ്റ്റിനായി പോവുകയായിരുന്നു മൂന്ന് പേരും.
ആക്രമണത്തിൽ ഭയന്നുപോയ വയോധികൻ പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. എന്നാൽ സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജനരോഷം ശക്തമായി. ഇതോടെയാണ് ഇയാളെ കണ്ടെത്തി പൊലീസ് പരാതി എഴുതി വാങ്ങിയത്. എന്നിട്ടും നിസാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതും വാർത്തയായതോടെയാണ് പൊലീസിൻ്റെ മുഖംമിനുക്കൽ നടപടി.
ട്രെയിനിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് ഇവർ യാത്ര ചെയ്തത്. ഛലിസഗോൺ സ്റ്റേഷനിൽ നിന്ന് കയറിയ വയോധികന് നാസികിൽ എത്തിയപ്പോൾ സീറ്റ് ലഭിച്ചിരുന്നു. അക്രമികളിൽ ഒരാൾ ഇദ്ദേഹത്തോട് സീറ്റ് പങ്കിടാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാൾക്ക് കൂടി ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ വയോധികൻ ഇതിന് തയ്യാറായില്ല. ഇത് വാക്കുതർക്കത്തിലേക്ക് മാറി. പിന്നാലെ പ്രതികൾ തന്നെ ആക്രമിച്ചുവെന്നാണ് വയോധികൻ പൊലീസിനോട് പറഞ്ഞത്.
Story Highlights : Non-bailable charges pressed against 3 men for assaulting man after falsely accusing him of carrying beef.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here