സംഘപരിവാറിൽനിന്ന് രാജ്ഭവനിലേക്ക്; പ്രതീക്ഷയും ആശങ്കയും

ബിജെപിയുമായും ആർഎസ്എസുമായും ഏറെ അടുപ്പമുള്ള രാംനാഥ് കോവിന്ദാണ് ഇനി ഇന്ത്യയുടെ രാജ്യതലവൻ. ബിജെപി ദളിത് മോർച്ചയുടെ മുൻ പ്രസിഡന്റും ഓൾ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു കോവിന്ദ്. ബിജെപി ദേശീയ വക്താവായി പ്രവർത്തിച്ചിരുന്ന കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതിന് പിന്നിൽ ബിജെപിയുടെ മുഖം മിനുക്കലാണെന്ന് ശക്തമായ ആക്ഷേപം ഉയരുന്നതിനിടെയാണ് ഈ വമ്പൻ വിജയം.
രോഹിത് വെമുല വിഷയവും, ഉന പ്രതിഷേധവുമടക്കം ഗോ സംരക്ഷകരുടെ വിളയാട്ടവുമെല്ലാം നിറം കെടുത്തിയ സവർണ്ണ ബിജെപിയുടെ ദളിത് പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് ദളിതനായ കോവിന്ദിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലൂടെ ബിജെപി മുന്നിൽ കണ്ടിരുന്നത്. രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ഇത് ഏറെ കുറേ വിജയിച്ചതിന്റെ ലക്ഷണം കൂടിയാണ് കോവിന്ദിന്റെ വിജയം.
ബീഹാറിൽനിന്നുള്ള രണ്ട് സ്ഥാനാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറടക്കം പിന്തുണച്ചത് കോവിന്ദിനെയായിരുന്നു. ബിജെപി ദളിത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ വെട്ടിലായ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഒടുവിൽ മീരാകുമാറിനെ തെരഞ്ഞെടുക്കേണ്ടി വന്നു. അതും ബി എസ് പി അടക്കമുള്ളവർ രാഷ്ട്രപതി സ്ഥാനാർത്ഥി ദളിത് അല്ലെങ്കിൽ വോട്ട് കോവിന്ദിന് നൽകുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം. ബിജെപിയുടെ ദളിത് കാർഡ് വിജയിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു ഈ നീക്കങ്ങളിലൂടെ.
ഉത്തർപ്രദേശിൽ നിന്നു 1994 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോവിന്ദിന്റെ രാഷ്ട്രീയ പ്രവേശനം. മുതിർന്ന അഭിഭാഷകൻ കൂടിയായ കോവിന്ദ്, ഡൽഹി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും 16 വർഷത്തോളം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
കാൺപൂർ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ കോവിന്ദ്, ഡൽഹിയിലേക്കാണ് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി പോയത്. രണ്ടു തവണ സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയം കോവിന്ദിനൊപ്പമായിരുന്നു. എന്നാൽ വിജയിച്ചെങ്കിലും ഐഎഎസ് ലഭിച്ചില്ല. അതുകൊണ്ട് തന്നെ സിവിൽ സർവീസ് വേണ്ടെന്ന് വെച്ച് കോവിന്ദ് നിയമ മേഖലയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
കോവിന്ദ് രാഷ്ട്രപതിയാകുന്നതോടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷകൾ പങ്കുവയ്ക്കുമ്പോൾതന്നെ, കോവിന്ദിന്റെ മുൻ പ്രസ്താവനകൾ ഏറെ ആശങ്ക നൽകുന്നു. പിന്നോക്ക വിഭാഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും നൽകുന്ന സംവരണാനുകൂല്യങ്ങളെ എതിർത്ത് രാം നാഥ് കോവിന്ദ് നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. ഇസ്ലാം, ക്രിസ്ത്യൻ തുടങ്ങിയ മതങ്ങൾ ഇന്ത്യയ്ക്ക് അന്യമാണെന്നും, അവർക്ക് നൽകുന്ന സംവരണം ഒഴിവാക്കണമെന്നുമുള്ള കോവിന്ദിന്റെ നിലപാട് പുതിയ രാഷ്ട്രപതിയ്ക്ക് മേൽ പ്രതീക്ഷകൾക്കപ്പുറം ആശങ്ക ബാക്കിയാക്കുന്നു…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here