സ്ത്രീപീഡനവും കോവളം എംഎൽഎമാരും; ഇന്ന് വിൻസന്റ് അന്ന് നീലലോഹിതദാസൻ നാടാർ

കോവളം നിയമസഭാ മണ്ഡലത്തിൽനിന്ന് ജയിച്ച് എത്തുന്ന എംഎൽഎമാർ സ്ത്രീ പീഡനത്തിൽ ആരോപണം നേരിടുന്നതും വിചാരണചെയ്യപ്പെടുന്നതും ഇതാദ്യമായല്ല. ഇന്ന് യുഡിഎഫിന്റെ എം വിൻസന്റ് ആണ് വീട്ടമ്മയെ പീഡിപ്പിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്നതെങ്കിൽ മുമ്പ് ഇത് ജനതാദളിന്റെ നീലലോഹിതദാസൻ നാടാർക്ക് നേരെയായിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് വിൻസന്റിനെതിരെ കേസെടുത്തിരിക്കുന്നതെങ്കിൽ 1999ൽ നാടാർക്കെതിരെ പരാതി നൽകിയത് അന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറിയായിരുന്ന ഇന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആയിരുന്നു. നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു അന്വേഷണം നേരിടുന്ന സമയത്ത് നാടാർ. ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് നളിനി നെറ്റോ നൽകിയ പരാതി. 1991 ഡിസംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ നാടാർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പട്ടു.
1977, 1987, 1991, 1996, 2001 എന്നീ കാലഘട്ടത്തിൽ കോവള മണ്ഡലത്തിൽനിന്ന് ജയിച്ചാണ് നാടാർ നിയമസഭയിലെത്തുന്നത്. അന്ന് കേസന്വേഷിച്ച് ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പിന്നീട് നീലലോഹിതദാസൻ നാടാരെ തിരുവനന്തപുരം അതിവേഗ കോടതി വെറുതെ വിടുകായിരുന്നു.
നളിനി നെറ്റോ പരാതി നൽകുക മാത്രമാണ് ചെയ്തതെങ്കിൽ വിൻസെന്റ് എംഎൽഎ ആത്മഹത്യാ പ്രേരണാ കുറ്റം കൂടി ചുമത്താവുന്ന ആരോപണമാണ് നേരിടുന്നത്. വിൻസന്റ് എംഎൽഎ വീട്ടമ്മയോട് ഫോണിൽവിളിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വീട്ടമ്മ ആത്മഹ്യക്ക് ശ്രമിക്കുകയായിരുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here