Advertisement

മറഞ്ഞത് ഉറച്ച നിലപാടുകളെ കുറിക്ക് കൊള്ളുന്ന തമാശയില്‍ പൊതിഞ്ഞ രാഷ്ട്രീയക്കാരന്‍

July 23, 2017
Google News 1 minute Read
uzhavur vijayan

ഉഴവൂര്‍ വിജയന്‍ യാത്രയാകുമ്പോള്‍ രാഷ്ട്രീയ ലോകത്തിന് കൈമോശം സംഭവിക്കുന്നത്, ഉറച്ച നിലപാടുകളുമായി സാധാരണക്കാരോട് ചേര്‍ന്ന് നിന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ്. തന്റെ ഉറച്ച നിലപാടുകളെ തമാശ കലര്‍ത്തി അണികളുടെ മനസിലേക്ക് എത്തിച്ച ഈ നേതാവാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ  സ്ഥാനാര്‍ത്ഥികള്‍ക്കായി നിരവധി വേദികളില്‍ നര്‍മ്മത്തിന്റെ ചാട്ടുളിവീശി കേരളത്തില്‍ ഓടിനടന്ന് പ്രചാരണം നടത്തിയതും. തമാശയുടെ മുന വച്ച് ഇദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികളെ പോലും ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്തു.

കോട്ടയം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ബിരുദ വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെയായിരുന്നു ഉഴവൂർ വിജയന്റെ രാഷ്ട്രീയ പ്രവേശനം. യൂത്ത് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചുവട് ഉറപ്പിച്ച ഇദ്ദേഹം കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനോടൊപ്പം നിന്നു. പിന്നീട് എന്‍സിപിയിലെെത്തി.

2001ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിയ്ക്കെതിരെ മത്സരിച്ചെങ്കിലും തോല്‍വിയുടെ കയ്പ്പറിഞ്ഞ ഇദ്ദേഹം പിന്നീട് ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുണ്ടായില്ല.

നാലുസിനിമകളില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച് വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍.  1999മുതല്‍ വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു. നിലവില്‍ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി ഉഴവൂരിന്റെ വിയോഗം സംഭവിച്ചത്. നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ 12 മണിയ്ക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

uzhavur vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here