ദിലീപിന് ഇനി എന്ത് സംഭവിക്കും ?

അരവിന്ദ് വി
ഹൈക്കോടതിയിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിലീപിന് ഇനിയെന്ത് സംഭവിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ജൂലൈ 25 നാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ഭാവി എന്താകും? ചോദ്യങ്ങൾ നിരവധിയാണ് …
1 . റിമാൻഡ് കാലാവധി കഴിയുന്ന ജൂലൈ 25 ന് എന്ത് സംഭവിക്കും ?
ജൂലൈ 10 നു അറസ്റ്റിലായി ജൂലൈ 11 നു അങ്കമാലി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ദിലീപ് എന്നറിയപ്പെടുന്ന പി ഗോപാലകൃഷ്ണൻ എന്ന പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിന്നീട് റിമാന്റിലിരിക്കെ പൊലീസിന് കസ്റ്റഡി നൽകി. ഒടുവിൽ വീണ്ടും ജയിലിലേക്ക്. 25 നു റിമാൻഡ് അവസാനിക്കുമ്പോൾ ദിലീപിനെ കോടതിയിൽ ഹാജരാക്കും. സാധാരണ നടപടി ക്രമത്തിൽ പ്രതിയെ മജിസ്‌ട്രേറ്റ് കണ്ടു ബോധ്യപ്പെട്ടായിരിക്കും അനന്തര നടപടിയിലേക്ക് കടക്കുന്നത്. അതെ സമയം ദിലീപിന്റെ പ്രശസ്തിയും ദിലീപിനെ കാണാനെത്തുന്ന ജനക്കൂട്ടവും കൂക്കുവിളിയും പൊലീസിന് തലവേദനയാണ്. ഇക്കാര്യം ഏറെക്കുറെ കോടതിയ്ക്കും ബോധ്യമുള്ളതാണ്. ഇക്കാര്യം കോടതിയിൽ പൊലീസിന് ധരിപ്പിക്കാൻ കഴിഞ്ഞാൽ നേരിട്ട് ഹാജരാക്കാതെയും ഇരിക്കാം.
2 . റിമാൻഡ് നീട്ടുമോ ?
ജാമ്യ വാദം കേട്ട ഹൈക്കോടതി bail appli No . 5098 of 2017 എന്ന അപേക്ഷയിൽ വിധി പറഞ്ഞു. ജാമ്യം നൽകാനുള്ള അവസ്ഥയിലല്ല കേസ് എന്നായിരുന്നു അപേക്ഷ നിഷേധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതിയായ പി ഗോപാലകൃഷ്ണൻ ചലച്ചിത്ര മേഖലയിൽ ശക്തനാണ്. കേസിലെ പല സാക്ഷികളും തെളിവുകളും ചലച്ചിത്ര മേഖലയിൽ ആണ്. പ്രതി പുറത്തു വരുന്നത് കേസിനെ അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കപ്പെടാനും കാരണമാകും. ജാമ്യം നിഷേധിച്ചു കൊണ്ട് നൽകിയ 11 പേജുള്ള വിധി ന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയ്ക്കും ഏറെ താഴെയുള്ള മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ഈ വിധിയ്ക്ക് മുകളിലേക്ക് കടക്കാൻ സാധ്യമല്ല. നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയ ജാമ്യ അപേക്ഷ ഹൈക്കോടതിയിൽ കൂടി തള്ളിയ സ്ഥിതിയിൽ ഇനി വീണ്ടും മജിസ്‌ട്രേറ്റ് കോടതിയിൽ അതിന് സാധ്യതയില്ല. അതുകൊണ്ടു തന്നെ ദിലീപിന് ഒരു 14 ദിവസം കൂടി റിമാൻഡ് നീട്ടുക എന്ന വിധിയാകും നാളെ അങ്കമാലി മജിസ്‌ട്രേറ്റ് നൽകാൻ പോകുന്നത്.
3 . പോലീസ് നാളെ എന്ത് നിലപാടെടുക്കും ?
സംഭവം ചിത്രീകരിച്ച ഫോൺ കണ്ടെടുക്കുക , മെമ്മറി കാർഡും യഥാർത്ഥ ദൃശ്യങ്ങളും കണ്ടെത്തുക , ഒളിവിലുള്ള കേസിലെ നിർണായക വ്യക്തി ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ടെത്തുക തുടങ്ങി അന്വേഷണത്തിലെ നിർണായകമായ ജോലികൾ പൊലീസിന് ബാക്കിയാണ് എന്ന കാര്യം ഹൈക്കോടതി തന്നെ അംഗീകരിച്ചു. ഇത് നാളെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ആവർത്തിക്കും. നാളെ പോലീസ് കോടതിയിൽ റിമാൻഡ് എക്സ്റ്റൻഷൻ അപേക്ഷ സമർപ്പിക്കും.
4. ദിലീപിന് ഇനി ജാമ്യഅപേക്ഷ നല്കാനാകുമോ ?
ദിലീപിന് ജാമ്യാപേക്ഷ നൽകാൻ ഇനി രണ്ടു മാർഗ്ഗങ്ങളാണുള്ളത്. ഹൈക്കോടതിയിൽ തന്നെ വീണ്ടും അപേക്ഷ നൽകാം എന്നതാണ് ഒരു മാർഗ്ഗം. മറ്റൊന്ന് നേരിട്ട് സുപ്രീം കോടതി.
(എ ) ഹൈക്കോടതിയിൽ വീണ്ടും …
ഹൈക്കോടതി നിഷേധിച്ച ജാമ്യത്തിനായി വീണ്ടും അതെ കോടതിയിൽ ദിലീപിന് ജാമ്യഅപേക്ഷ നൽകാം. പക്ഷെ അതിനു ചില സാങ്കേതികമായ കടമ്പകൾ ഉണ്ട്. സാഹചര്യങ്ങളിൽ കാതലായ മാറ്റങ്ങൾ കാണിക്കാൻ കഴിഞ്ഞാലേ അപേക്ഷ അതെ കോടതി വീണ്ടും പരിഗണിക്കൂ. ചേഞ്ച് ഓഫ് സർക്കംസ്റ്റൻസ്സസ്സ് (change of circumstances) ഇക്കാര്യത്തിൽ ഉണ്ടാവണമെങ്കിൽ കുറഞ്ഞത് അപ്പുണ്ണിയെങ്കിലും പിടിയിലാവണം. അതിനുള്ള സാധ്യത ഉണ്ടെങ്കിലും അപ്പുണ്ണിയിൽ നിന്നും ഫോണും ദൃശ്യങ്ങളും കിട്ടിയില്ലെങ്കിൽ വീണ്ടും ദിലീപ് അകത്തു തന്നെ കിടന്നേക്കും.
(ബി) സുപ്രീം കോടതി
നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഇത് ഒരു അന്വേഷണ കാലയളവാണ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തു വിചാരണ തടവുകാരനാക്കുന്നതിനുള്ള കാലയളവ് 90 ദിവസത്തിൽ കൂടരുതെന്ന് ഒരു പൊതു തത്വമായി സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതായത് അന്വേഷണ കാലയളവിൽ ഒരു പ്രതിയെ തുറന്നു വിടരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടാൽ 90 ദിവസത്തേക്ക് കോടതികളൊന്നും അതിലേക്ക് ഇടപെടില്ല. മദനിയെ 90 ദിവസം കടന്നു വർഷങ്ങളോളം ഇട്ടിരുന്ന കാര്യം കൂടി ഓർക്കണം. നടിയെ ആക്രമിച്ച കേസ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായതാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി വിധിയിലെ ശക്തമായ നിരീക്ഷണങ്ങൾ സുപ്രീം കോടതി കാണാതെ പോകില്ല. അതായത് സാഹചര്യത്തിൽ കാര്യമായ മാറ്റമില്ലാതെയും പുതിയൊരു അടിസ്ഥാന വാദമില്ലാതെയും പി ഗോപാലകൃഷ്ണന് സുപ്രീംകോടതിയിൽ പോയാലും ജാമ്യത്തിനുള്ള സാധ്യതയില്ല. എന്നാൽ സുപ്രീം കോടതിയിൽ ബി ജെ പി അഭിഭാഷകൻ റാം ജെത് മലാനി ദിലീപിനായി ജാമ്യഅപേക്ഷ നീക്കുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ബി ജെ പി അഭിഭാഷകൻ രാം കുമാർ ആയിരുന്നു ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.
Dileep’s next legal step ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here