ഇത്തരത്തിൽ ഒരു മെസ്സേജ് വന്നിട്ടുണ്ടോ ? എങ്കിൽ സൂക്ഷിക്കുക; വൻ ചതിയിലേക്കുള്ള തുടക്കമാണ് ഇത്

ഓൺലൈൻ ബാങ്കിങ്ങുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. ലോകത്തെവിടെയിരുന്ന് കൊണ്ടും ഞൊടിയിടയിൽ ആർക്കും പണം അയക്കാനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. എന്നാൽ ഇതിന് നല്ല വശവും ചീത്ത വശവുമുണ്ട്.
പെട്ടെന്ന് പണം കൈമാറാം എന്നതാണ് ഏറ്റവും വലിയ ഗുണമെങ്കിലും
നിരവധി ചതിക്കുഴികൾ നിറഞ്ഞതാണ് ഓരോ ഓൺലൈൻ ട്രാൻസാക്ഷനുകളും. ചതികളിൽ പെട്ട് നിരവധി പേരുടെ പണം നഷ്ടപ്പെട്ട വാർത്തകൾ വന്നതോടെ ജനം പതിവിലും ജാഗരൂഗരായാണ് പണമിടപാടുകൾ നടത്തുന്നത്. എന്നാൽ പുത്തൻ പദ്ധതികളുമായി മോഷ്ടാക്കൾ എത്തി കഴിഞ്ഞു.
എന്താണ് ആ പുതിയ തന്ത്രം എന്ന് ഒരു വീട്ടമ്മയ്ക്കുണ്ടായ അനുഭവം പറഞ്ഞ് തരും.
കഥ തുടങ്ങുന്നു :
രണ്ട് മാസം മുമ്പാണ് പവിത്ര ഒഎൽഎക്സിൽ പ്രാം വിൽപ്പനയ്ക്ക് എന്ന് പറഞ്ഞ് പരസ്യം നൽകുന്നത്. എന്നാൽ പവിത്ര പറഞ്ഞ വിലയ്ക്ക് പ്രാം വാങ്ങാൻ ആരെയും കിട്ടിയില്ല. ശേഷം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രാം വാങ്ങാൻ താൽപര്യം പ്രകടിപിച്ച് പവിത്രയ്ക്ക് ഒരു മെസേജ് വരുന്നത്.
വിശാൽ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ ശേഷം അയാൾ പറഞ്ഞ് തുടങ്ങി. താൻ മുംബൈ സ്വദേശിയാണെന്നും, പൂനെയിലുള്ള സഹോദരിയുടെ
കുഞ്ഞിന് വേണ്ടിയാണ് പ്രാം വാങ്ങുന്നത് എന്നും പറഞ്ഞു.
പ്രാമിന്റെ വിലയായ 3,500 രൂപ ഓൺലൈനായി തരാമെന്ന് പറഞ്ഞ അയാൾ വാട്സാപ്പ് വഴി അക്കൗണ്ട് വിവരങ്ങൾ തരാൻ ആവശ്യപ്പെട്ടു. ശേഷം വെറും 3 മിനിറ്റിൽ ഒരു അഞ്ചക്ക ഫോൺ നമ്പറിൽ (ഉദാ: 59444) നിന്നും 13,500 രൂപ ക്രെഡിറ്റായി എന്ന മെസ്സേജ് പവിത്രയുടെ ഫോണിൽ വന്നു. എന്നാൽ പവിത്രയ്ക്ക് ലഭിക്കേണ്ട തുക 3,500 മാത്രമാണ്. മെസ്സേജ് കണ്ട് അമ്പരന്ന് പോയ പവിത്ര വിശാലിനോട് കാര്യ തിരക്കി…
തട്ടിപ്പിനുള്ള ഏറ്റവും വലിയ ആയുധം – സെന്റിമൻസ്
ആശുപത്രിയിൽ പണത്തിനായി കാത്ത് നിൽക്കുന്ന തന്റെ അമ്മയ്ക്കാണ് താൻ പണം അയച്ചതെന്നും അറിയാതെ പവിത്രയുടെ അക്കൗണ്ടിലേക്ക് മാറിപ്പോയതാണെന്നും വിശാൽ പറഞ്ഞു. അമ്മ ആശുപത്രി കൗണ്ടറിൽ പണത്തിനായി കാത്ത് നിൽക്കുകയാണെന്നും, അമ്മയുടെ പെടിഎമിലേക്ക് ഉടൻ 10,000 രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുക്കാനും വിശാൽ ആവശ്യപ്പെട്ടു. അതിനായി അമ്മയുടെ മൊബൈൽ നമ്പറും വിശാൽ പവിത്രയ്ക്ക് മെസ്സേജ് ചെയ്തു.
എന്നാൽ സംഭവത്തിൽ അസ്വാഭാവികത തോന്നിയ പവിത്ര ഉടൻ തന്നെ ഓൺലൈനായി തന്റെ അക്കൗണ്ടിൽ കയറി. തന്റെ അക്കൗണ്ടിലേക്ക് പണമൊന്നും വന്നിട്ടില്ലെന്ന് പവിത്രയ്ക്ക് മനസ്സിലായി. വിശാലിനോട് പവിത്ര ഇക്കാര്യം പറഞ്ഞു. എന്നാൽ വിശാൽ പണം ആവശ്യപ്പെടുകയായിരുന്നു.
സംശയം തെറ്റിയില്ല
തന്റെ സംശയം ഊട്ടിയുറപ്പിക്കാൻ ബാങ്കിന്റെ കസ്റ്റമർ കെയറിലേക്ക് പവിത്ര വിളിക്കുകയും, 3 മിനിറ്റിൽ ഒരാൾക്ക് ബാങ്ക് വഴി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ എന്നും ചോദിച്ചു.
ഒരാൾക്ക് ഒരിക്കലും മിനിറ്റുകൾക്കുള്ളിൽ ബാങ്ക് വഴി പണം കൈമാറാൻ സാധിക്കില്ല. കാരണം ഓൺലൈനായി ബെനിഫിഷ്യറി ആഡ് ചെയ്താൽ , ബെനിഫിഷ്യറി അപ്രൂവ് ആകാൻ സമയം വേണം. മാത്രമല്ല ഐഎംപിഎസ്, എൻഇഎഫ്ടി തുടങ്ങി ഏത് മാർഗം തന്നെയാണെങ്കിലും പണം ക്രെഡിറ്റാകാൻ കുറഞ്ഞത് 2 മണിക്കൂർ എടുക്കും.
ഇതിനിടയ്ക്ക് വിശാൽ പണം ആവശ്യപ്പെട്ട് മെസ്സേജുകൾ അയച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. എന്നാൽ ഇന്റർനെറ്റ് പ്രശ്നമാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതരിൽ നിന്ന് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ് അത് തട്ടിപ്പായിരുന്നു എന്ന് ഉറപ്പ് വരുത്തി.
താൻ വഞ്ചിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കിയ പവിത്ര ഞെട്ടിപ്പോയി. സഹോദരിയുടെ കുഞ്ഞിനായി പ്രാം വാങ്ങുന്ന, ആശുപത്രിയിൽ മരുന്നിനായി നിൽക്കുന്ന അമ്മയ്ക്ക് പണം അയക്കുന്ന നല്ലവനെന്ന് കരുതിയ യുവാവിന്റെ
പൊയ്മുഖം പതിയെ അഴിഞ്ഞ് വീഴുന്നത് പവിത്രയ്ക്ക് കാണാൻ കഴിഞ്ഞു.
+91 9967957477, പെടിഎം- +918948413565 ഈ നമ്പറുകളാണ് തട്ടിപ്പിനായി വിശാൽ ഉപയോഗിച്ചത്.
സംഭവത്തിൽ അമർഷവും സങ്കടവും, ഭീതിയും ഒരേപോലെ തോന്നിയ പവിത്ര വിശാലിന് അവസമാനമായി അയച്ചത് ഈ ഒരറ്റ മെസ്സേജ് മാത്രം :
“എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമൊന്നും വന്നിട്ടില്ല. ഇനിയെങ്കിലും ഈ തട്ടിപ്പ് നിങ്ങൾ അവസാനിപ്പിക്കുമെന്ന് ആശിക്കുന്നു. നിങ്ങൾക്ക് ശരിക്കും ഒരു സഹോദരി ഉണ്ടെന്നും സഹോദരിയുടെ കുഞ്ഞിനായി പ്രാം വാങ്ങണമെന്ന കഥയും സത്യമായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. ഒപ്പം, നിങ്ങളുടെ അമ്മയ്ക്ക് അസുഖമൊന്നും ഇല്ലാതെ ഹോസ്പിറ്റൽ ക്യൂവിൽ നിങ്ങൾ അയച്ച് കൊടുക്കുന്ന 10,000 രൂപയ്ക്കായി കാത്തിരിക്കുകയാണെന്ന കഥയും സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു…”
Online Fraudsters Found New Way To Rob People
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here