വിട വാങ്ങിയത് രാഷ്ട്രത്തെ മരണം വരെ ആരാധിച്ച ഗാന്ധിയന്‍

മുതിര്‍ന്ന സ്വാതന്ത്ര സമരസേനാനി കെ ഇ മാമ്മന്റെ വിയോഗത്തോടെ ഇന്ത്യയ്ക്ക് നഷ്ടമായത് സ്വാതന്ത്ര്യ സമര സേനാനിയെ മാത്രമല്ല, രാഷ്ട്രത്തെ കുറിച്ച് ഏതു നിമിഷവും ആശങ്കയിലാണ്ട, കറകളഞ്ഞ രാജ്യ സ്നേഹിയെ കൂടിയാണ്. പല സന്ദര്‍ഭങ്ങളിലും സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരേണ്ട പ്രശ്നങ്ങളില്‍ ഒറ്റയാള്‍ പോരാട്ടവുമായി ഇദ്ദേഹം സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയതും കേരളം കണ്ടു.  വാര്‍ദ്ധക്യ സഹജമായ അസുഖകളാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം കഴിഞ്ഞ ദിവസം മുതല്‍ അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ മരണം അല്‍പം മുമ്പാണ് സ്ഥിരീകരിച്ചത്.

1921 ജൂലായ് 31നാണ് കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായാണ് കെ.ഇ.മാമ്മന്‍ ജനിച്ചത്. രാജ്യത്തിന് വേണ്ടി വിവാഹം വരെ വേണ്ടെന്ന് വച്ചയാളാണ് ഇദ്ദേഹം. സ്വാതന്ത്രസമര സേനാനി പെന്‍ഷന്റെ വകയായി ലഭിക്കുന്ന തുക ആരോരുമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഇദ്ദേഹം  ചെലവഴിച്ചത്.

അവശതയിലായിരുന്ന സമയത്തും തന്നെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തുന്നവരോട് പോരാട്ട വീര്യത്തോടെ സമരകാല കഥകള്‍ വിശദീകരിച്ചിരുന്നു ഇദ്ദേഹം. ഗാന്ധിജിയെ നേരില്‍ കണ്ടതിന്റെയും ഗാന്ധിജിയെ തൊട്ടതിന്റെയും ഓര്‍മകളും സ ര്‍ സി.പി യാല്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ ആയതിന്‍റെയും ഓര്‍മ്മകളും തെളിമയോടെ മാമ്മന്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. യുവാക്കള്‍ രാഷ്ട്ര സ്നേഹികളായി വളരണം എന്നായിരുന്നു ഈ ഗാന്ധിയന്റെ ആഗ്രഹം. കുട്ടികളടക്കം നിരവധി പേരാണ് ഇദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നത്.

01tvtv-mammen
എങ്കിലും പലപ്പോഴും രാജ്യത്തിന്റെ ചില വലിയ മാറ്റങ്ങളില്‍ മാമ്മന്‍ ആശങ്ക പങ്കുവച്ചു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള സമയമായിരുന്നു ഹാപ്പിയസ്റ്റ് ഡേയ്സ് എന്നാണ് പലപ്പോഴും അദ്ദേഹം പറഞ്ഞത്. അന്ന് ത്യാഗികള്‍ ഉണ്ടായിരുന്നു എന്നാണ് ഇതിന് കാരണമായി അദ്ദേഹം വ്യക്തമാക്കിയത്. സ്വന്തം ജീവിതം കൊണ്ട്‌ പോരാടുന്നവരെ കണ്ടാണ്‌ ഞങ്ങളുടെ തലമുറ വളര്‍ന്നത്. രാഷ്ട്രീയത്തില്‍ എന്നല്ല എങ്ങും ത്യാഗികളെ കാണാനില്ല. രാഷ്‌‌ട്രീയത്തില്‍ വരുന്നത്‌ മന്ത്രിയാകാനും എം എല്‍ എ ആകാനും ആണ്‌. ആര്‍ക്കും രാജ്യത്തെ വേണ്ട. നാടിന്‍റെ ഭാവിയെ കുറിച്ചോര്‍ത്ത്‌ വേദനപ്പെടുന്ന എത്ര രാഷ്ട്രീയക്കാരുണ്ട്‌‌? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മദ്യ വിരുദ്ധ സമിതിയുടെ മുന്നണി പോരാളിയായിരുന്നു മാമ്മന്‍. കോട്ടയം ഗാന്ധി എന്നും ഇദ്ദേഹം അറിയപ്പെട്ടു.
പ്രസംഗവേദികളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഗാന്ധിയന്മാരേയും മാമ്മന്‍ വിമര്‍ശിച്ചു. ഗാന്ധിയന്മാര്‍ പോലും ഉറങ്ങുകയാണ്‌. മഹാത്മാഗാന്ധി അവസാനം നിമിഷം വരെ കര്‍മ്മനിരതനായിരുന്നു. എന്നാല്‍ നമ്മുടെ ഗാന്ധിയന്മാര്‍ ഇപ്പോള്‍ വീട്ടിലിരിക്കുകയാണ്‌. സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ മാത്രമുള്ളതായി ഗാന്ധിസം. ഞാന്‍ നിരാശനാണ്‌, ദു:ഖിതനാണ് എന്ന് പറഞ്ഞ മാമ്മന്‍ എന്ന മാര്‍ഗ്ഗദര്‍ശി ഓര്‍മ്മകളിലേക്ക് മടങ്ങുമ്പോള്‍ നഷ്ടമാകുന്നത് മരണം വരെ രാഷ്ട്രത്തെ മനസില്‍ ആരാധിച്ച, ഗാന്ധി ദര്‍ശനങ്ങളെ മുറുകെ പിടിച്ച ഒരു മനുഷ്യ സ്നേഹിയെ കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top