ഹിമാലയത്തിലെ കശ്മലൻമാരെ ഒതുക്കുന്ന കശ്മലൻമാർ

himalayathile kashmalan not given major show times in theaters

സൂപ്പർ സ്റ്റാറുകളുടെ സിനിമകൾക്ക് ഏത് ഷോ വേണമെങ്കിലും നൽകാൻ എക്‌സിബിറ്റേഴ്‌സ് തയ്യാറാണ്. എന്നാൽ പുതുമുഖങ്ങളെവെച്ച് ചെയ്ത കുഞ്ഞു സിനിമകളെ തീയറ്ററുകളിൽ ഒരാഴ്ച തികയ്ക്കാൻ സമ്മതിക്കാതെ പറഞ്ഞ് വിടുന്ന വില്ലന്മാരാണ് ഇവർ്. ഹിമാലയത്തിലെ കശ്മലൻമാർക്ക് ഈ ഗതി വന്നതോടെ ഇവരുടെ ഈ തിരക്കഥ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

സിനിമാ ചരിത്രത്തിൽ ഇത് ആദ്യമല്ല. മുമ്പും, വലിയ സിനിമകൾക്ക് വേണ്ടി ഒത്തിരി യുവത്വങ്ങളുടെ സിനിമാ സ്വപ്‌നങ്ങൾ എക്‌സിബിറ്റേഴ്‌സ് തച്ചുടച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സുരഭി ലക്ഷ്മിയ്ക്ക് ഉർവശി പട്ടം വാങ്ങിക്കൊടുത്ത, രാജ്യം അംഗീകരിച്ച ചിത്രം തീയറ്ററിൽ നിന്ന് മറഞ്ഞത്. അവാർഡ് ചിത്രങ്ങൾക്ക് അതാണ് വിധി എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞാലും, ചിത്രം കാണാനെത്തിയ പ്രേക്ഷകരോട് ആളില്ല ചിത്രം പ്രദർശിപ്പിക്കില്ല എന്ന ഉത്തരവിട്ട തീയറ്റർ ഉടമകളും കൂടി വാഴുന്ന സംഘമാണ് സിനിമ എന്ന ഒറ്റ സ്വപ്നത്തിൽ ജീവിച്ച് വരുന്ന യുവാക്കളുടെ സ്വപ്നങ്ങൾക്ക് തിരശ്ശീല ഇടുന്നതെന്ന് ഇതിനോട് ചേർത്ത് വായിക്കണം. ഇതുപോലെ എത്രയെത്ര ചിത്രങ്ങൾ…സ്വപ്‌നങ്ങൾ…

എന്നാൽ ഇന്ന് ഈ ദുർവിധി നേരിടേണ്ടി വന്നിരിക്കുന്നത് ഹിമാലയത്തിലെ കശ്മലൻ എന്ന ചിത്രത്തിനാണ്. അഭിരാം സുരേഷ് ഉണ്ണിത്താൻ 52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉത്സവ മേളം, മുഖ ചിത്രം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുരേഷ് ഉണ്ണിത്താന്റെ മകനാണ് അഭിരാം സുരേഷ് ഉണ്ണിത്താൻ.

ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ചവരെല്ലാം സിനിമ സ്വപ്‌നമവുമായി നടക്കുന്ന ഒരു കൂട്ടം യുവാക്കൾ. വലിയ സിനിമാ താരങ്ങളുടെ ആൾബലമോ, വിലയ നിർമ്മാതാക്കളുടെ പിൻബലമോ ഇല്ലാത്തതുകൊണ്ട് തന്നെ ഹിമാലയത്തിലെ കശ്മലൻമാർക്ക് തിയറ്ററുകളിൽ അനുവദിച്ചിരിക്കുന്നത് മോർണിങ്ങ്, മാറ്റിനി ഷോകൾ മാത്രമാണ്. ബാക്കി വലിയ സിനിമകൾക്കാണ് മറ്റ് ഷോകൾ. വിലയ സിനിമകളിൽ എട്ട് നിലയിൽ പൊട്ടിക്കൊണ്ടിരിക്കുന്ന റോൾമോഡൽസും ഉണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണെങ്കിൽ പ്രതിസന്ധികളെ അവ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പറയുമ്പോഴും, ജനങ്ങളിലേക്കെത്തിക്കാൻ ഒരു അവസരം പോലും ലഭിക്കാതെ എങ്ങനെയാണ് ചിത്രത്തിന്റെ ജനപ്രീതി  തിരിച്ചറിയുക ?

ചിത്രത്തിനായി ഫസ്റ്റ് ഷോ, സെക്കൻഡ് ഷോ എന്നിങ്ങനെ ജനങ്ങൾ തള്ളി കയറുന്ന സമയങ്ങൾ ചോദിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എക്‌സിബിറ്റേഴ്‌സിന് മുന്നിലേക്ക് തള്ളി വിട്ടു. എന്നാൽ കൊച്ചു സിനിമകൾക്ക് തരാൻ സമയമില്ലെന്ന് ചൂണ്ടിക്കാട്ടി എക്‌സിബിറ്റേഴ്‌സ് ഹിമാലയത്തിലെ കശ്മലൻമാരെ കൈയ്യൊഴിഞ്ഞു. ഇതിനെല്ലാം പുറമേ, വെള്ളിയാഴ്ച്ചയോടെ ചിത്രം തിയറ്ററുകളിൽ നിന്ന് പുറത്താവുകയാണ്. എന്നാൽ ഹോൾഡ് ഓവറുകൾ ബാധകമല്ലാത്ത റോൾമോഡൽസ് തുടരും.

ഹിമാലയത്തിലെ കശ്മലൻ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന ചിത്രമാണെന്നതിന്റെ തെളിവാണ് കൈരളി ശ്രീയിലെ ഹൗസ്ഫുൾ ഷോകൾ. ആദ്യം ഒറ്റ ഷോയിൽ തുടങ്ങിയ ചിത്രം കളക്ഷനുണ്ടെന്ന് കണ്ട് കൈരളി ശ്രീയിൽ ഇപ്പോൾ മൂന്ന് ഷോകളിലാണ് കളിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ മലർവാടി ആർട്ട്‌സ് ക്‌ളബ്, ആനന്ദം എന്നിങ്ങനെയുള്ള ചിത്രങ്ങൾ പ്രേക്ഷകരുടെ കൈയ്യടി നേടിയ ഈ കാലഘട്ടത്തിൽ തന്നെയാണ് ഹിമാലയത്തിലെ കശ്മലനെ കൊല്ലാൻ ഒരു കൂട്ടം കശ്മലൻമാർ തയ്യാറെടുക്കുന്നത്.

എന്തിനേറെ സ്റ്റാർഡം ഉള്ള അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, സൈറാ ബാനു എന്നീ ചിത്രങ്ങൾ പോലും സിനിമ മേഖലയിലെ ‘ലോബി’ കാരണം മുങ്ങി പോയിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകൾ, സിനിമയിലെ പ്രമുഖരുടെ ‘ഇഷ്ടക്കാർ’ , തുടങ്ങിയവരുടെ ചിത്രങ്ങൾ മാത്രമേ ജനങ്ങളിലേക്കെത്തിക്കൂ എന്ന് ഇവർ കച്ചകെട്ടിയിറങ്ങിയാൽ ഒരുപിടി നല്ല കഥകളും, കലാകാരന്മാരും, സിനിമകളുമാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്.

himalayathile kashmalan not given major show times in theaters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top