‘ഫാൾസ്സസ്സ് ഇൻ യൂനോ ഫാൾസ്സസ്സ് ഇൻ ഓംനി ബസ്’ അഥവാ ഒരു ലോക തള്ളിന്റെ അന്ത്യം !

അരവിന്ദ് വി

കാര്യം ഇത്രയേ ഉള്ളൂ. ‘ഒന്ന് തള്ളാണെന്നു തെളിഞ്ഞാൽ ഒക്കെ തള്ള് തന്നെ !’ ലോകമാകമാനം കോടതികളിൽ തെളിവ് നിയമത്തിലെ തത്വശാസ്ത്രത്തിന്റെ ആധാര ശിലകളിൽ ഒന്നാണ് ഈ ലാറ്റിൻ ഫ്രെയ്‌സ്. Falsus in uno, falsus in omnibus. മൈക്ക് കിട്ടുന്നിടത്തെല്ലാം വെറുതെ കയറി പ്രതികരിക്കുന്ന പി.സി.ജോർജ്ജ് എന്ന നിയമസഭാ സാമാജികന് ഈ ഫ്രെയ്‌സ് കേട്ട് പരിചയം ഇല്ലെങ്കിലും ദിലീപുമായി കച്ചവട ബന്ധം ഉണ്ടെന്നൊക്കെ ആരോപണം വന്ന നിയമം പഠിച്ച മകൻ ഷോൺ ജോർജിനോട് ചോദിച്ചാൽ പഴയ പുസ്തകത്തിനിടയിൽ നിന്നാണെങ്കിലും അത് വായിച്ച് അർഥം പറഞ്ഞു തരും.

അർഥം അറിഞ്ഞാലും ഇല്ലങ്കിലും ജോർജിന്റെ അസത്യ പ്രസ്താവനകളെ മാരകമായി പ്രഹരിച്ചാണ് ഇന്നലെ രാത്രി നടന്ന ഒരു ടെലിവിഷൻ ചർച്ച പൂർത്തിയായത്. എന്തിനും ഏതിനും താൻ ആണ് പിന്നിൽ എന്ന് ആവർത്തിച്ച് അവകാശമുന്നയിക്കുന്ന ഏക നേതാവാണ് പി സി ജോർജ്. പി സി ജോർജിന്റെ ഇത്തരം അവകാശ വാദങ്ങളുടെ പൊള്ളത്തരം അമ്പേ തകർന്നടിഞ്ഞു പോയ രാത്രിയാണ് കടന്നു പോയത്.

ജോർജ് ഒരിക്കലും മറക്കാത്ത രാത്രി

ഇന്നലെ രാത്രി ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിൽ ദിലീപിന്റെ തീയറ്റർ സംബന്ധിച്ച ചർച്ചയിൽ മറ്റുള്ളവരേയും വിഷയത്തേയും കടന്നാക്രമിച്ച് തന്റെ ഭാഗം ന്യായീകരിക്കാൻ പി സി ജോർജ്ജ് അത്യുച്ചത്തിൽ മാധ്യമങ്ങൾ അച്ചാരം പറ്റിയെന്നാരോപിച്ചു. മാധ്യമങ്ങൾ കള്ളം പറയുകയാണെന്ന് നിരന്തരം ആരോപണം ഉന്നയിച്ച് ശബ്ദമുയർത്തിക്കൊണ്ടേയിരുന്നു. ഇതോടെ അവതാരകൻ വിനു വി ജോൺ ഇടപെട്ടു. കള്ളം പറയുന്നത് മാധ്യമങ്ങൾ അല്ല ആരാണെന്ന് കാണാമെന്നും വിനു അറിയിച്ചു. തുടർന്ന് ആലപ്പുഴയിൽ പി സി ജോർജ് നടത്തിയ വിവാദ വാർത്താ സമ്മേളനത്തിലെ ചില ഭാഗങ്ങൾ കാണിച്ചു. അതിൽ പി സി ജോർജിന്റെ വാചകങ്ങൾ ഇങ്ങനെ – ”ഉമ്മന്‍‌ചാണ്ടിയോട് ഞാന്‍ പറഞ്ഞു ചേട്ടാ, മാന്യത കാണിക്കണം. പോക്രിത്തരം കാണിച്ചത് ചേട്ടനാ. നമ്പി നാരായണനെ നാല് വര്‍ഷം ഈ തെണ്ടികള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് ആ മനുഷ്യന്റെ കണ്ണിലെ കണ്ണീരു കണ്ടത് ഞാനാ. സുപ്രീംകോടതി 1 കോടി രൂപ നഷ്ട പരിഹാരം വിധിച്ചു. ഞാന്‍ നമ്പി നാരായണനോട് സംസാരിച്ച് അദ്ദേഹത്തിന് 10 ലക്ഷം കൊടുക്കാന്‍ ധാരണയായി. 10 ലക്ഷം എന്നാ പി സി തന്നെ കൊണ്ടുപോയി കൊടുക്കാന്‍ ഉമ്മന്‍‌ചാണ്ടി പറഞ്ഞു. 10 ലക്ഷത്തിന്റെ ചെക്ക് നമ്പി നാരായണന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നത് ഞാനാ …” ഇതൊക്കെയാണ് കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജ് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ ന്യൂസ് ക്ലിപ്പിംഗ് കാണിക്കുമ്പോൾ അതെ അത് ഞാൻ തന്നെ എന്ന് ജോർജ് ലൈവിൽ ഇരുന്ന് പറയുന്നുമുണ്ട്.

വിനുവിന്റെ കടുംവെട്ട് – നമ്പി നാരായണൻ സ്പീക്കിങ്

ഈ ദൃശ്യങ്ങൾ കാട്ടിയ ശേഷം നമ്പീ നാരായണനെ ഫോണിൽ കണക്ട് ചെയ്തു. താൻ നാല് കൊല്ലം ജയിലിൽ കിടന്നില്ലെന്നും 50 ദിവസമാണ് കിടന്നതെന്നും നമ്പി നാരായണൻ പറഞ്ഞു. അതിന് ശേഷം സുപ്രീംകോടതി 1 കോടി രൂപ വിധിച്ചിട്ടുണ്ടോ എന്നായി വിനുവിന്റെ ചോദ്യം. നമ്പി നാരായണന്റെ മറുപടി ഏതാണ്ട് ഇങ്ങനാണ്. കോടതി ചെലവിന് വേണ്ടി ഒരു ലക്ഷം രൂപ ആറു പേർക്കും കൊടുക്കാൻ കോടതി വിധിച്ചു. അത് കോടതി ചെലവാണ്. ഒരു കോടി രൂപയുടെ കോമ്പസേഷൻ കേസ് തിരുവനന്തപുരം സബ് കോടതിയിൽ നിലവിലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് പത്ത് ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടത്. അത് പന്ത്രണ്ട് കൊല്ലത്തിന് ശേഷം കിട്ടി. പത്തുകൊല്ലത്തിന് ശേഷം തന്റെ അഭിഭാഷകൻ കഷ്ടപ്പെട്ടിട്ടാണ്. പിസി ജോർജ് ഈ കാശ് വീട്ടിൽ കൊണ്ടു വന്നതെന്ന വാദത്തെ തള്ളിയാണ് നമ്പീനാരായണൻ മറുപടി പറഞ്ഞത്. അഡ്വക്കേറ്റ് ഉണ്ണികൃഷ്ണനോട് മാത്രമാണ് ഇക്കാര്യത്തിൽ നന്ദി. പൊലീസ് കോൺസ്റ്റബിളാണ് കാശ് തന്റെ വീട്ടിൽ കൊണ്ടു വന്നതെന്നും നമ്പീ നാരായണൻ പറഞ്ഞു. ഇതിന് ശേഷം നമ്പീനാരായണനോട് കാര്യങ്ങൾ വീണ്ടും വിനു വി ജോൺ വിശദീകരിച്ചു. അതാണ് ശരിയെന്ന് നമ്പീ നാരായണൻ പറഞ്ഞു. പിന്നീട് വീണ്ടും ആലപ്പുഴയിലെ പത്രസമ്മേളനത്തിന്റെ ക്ലിപ്പിലേക്ക്. അതോടെ പി.സി.ജോർജ്ജ് എന്ന വ്യാജമുഖം അവിടെ തകർന്നു വീണു.

പിസി ജോർജല്ല കോൺസ്റ്റബിളാണ് നമ്പി നാരായണന് പണം നൽകിയതെന്ന് ഉറപ്പിച്ചു പറഞ്ഞ ശേഷം ‘പി സി’ എന്നാൽ ‘പോലീസ് കോൺസ്റ്റബിൾ’ ആണോ എന്ന ചോദ്യം പ്രേക്ഷകനിൽ അവശേഷിപ്പിച്ചാണ് വിനു ചർച്ചയുടെ ഈ ഭാഗത്തിന് ഇടവേള പറഞ്ഞത്.

‘ഫാൾസ്സസ്സ് ഇൻ യൂനോ ഫാൾസ്സസ്സ് ഇൻ ഓംനി ബസ്’ (Falsus in uno, falsus in omnibus)

ഒരാൾ ഒരു മാധ്യമത്തിലൂടെ ലോകം മുഴുവൻ കേൾക്കെ വിളിച്ചു പറയുന്ന കള്ളം; അത് കള്ളമാണെന്ന് സംശയമില്ലാതെ തെളിയുന്നതോടെ അയാളെ വിശ്വസിക്കരുതെന്നുള്ള ; അയാളുടെ വാക്കുകളെ ഒരിക്കലും വിലകല്പിക്കരുതെന്ന തെളിവ് നിയമത്തിലെ തത്വമാണ് ഇവിടെ ഒരിക്കൽ കൂടി വായിക്കേണ്ടത്. ‘ഫാൾസ്സസ്സ് ഇൻ യൂനോ ഫാൾസ്സസ്സ് ഇൻ ഓംനി ബസ്’ (Falsus in uno, falsus in omnibus). ജോർജിന്റെ കാര്യത്തിൽ ഈ തത്വം മനസിലാക്കാൻ കൂടുതലെളുപ്പം ഇങ്ങനെ പറയുന്നതാവും – ഒരാൾ തള്ള് ആണെന്ന് ഒരിക്കൽ തെളിഞ്ഞാൽ പിന്നെ അയാളെ ലോക തള്ളാണെന്നു തന്നെ കണക്കാക്കേണ്ടി വരും.

ഒരു ക്രിമിനൽ ഗൂഢാലോചന ഒത്തു തീർക്കാൻ ലക്ഷങ്ങൾ…

മാത്രമല്ല, ജോസ് തെറ്റയിൽ ഉൾപ്പെട്ട ഒരു സ്ത്രീ വിവാദത്തിൽ ഇടനിലക്കാരനായി നിന്ന് ആ കേസിൽ ഗൂഡാലോചനയിൽ പങ്കെടുത്ത മൂന്ന് കോൺഗ്രസ് എം എൽ എമാരിൽ നിന്ന് മുപ്പത്തി ഒന്ന് ലക്ഷം രൂപ പരാതിക്കാരിയായ സ്ത്രീയ്ക്ക് വാങ്ങി നൽകി ഒത്തു തീർപ്പാക്കി എന്നും പി സി ജോർജ്ജ് അവകാശപ്പെടുന്നുണ്ട്. അതായത് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഒരു വിവാദം ഒരു ഗൂഢാലോചന ആയിരുന്നുവെന്നും അതിനായി വലിയ പണമിടപാടുകൾ നടന്നുവെന്നുമുള്ള ഏറ്റു പറച്ചിൽ ആണ് പി സി ജോർജ് ചെയ്തത്.

ചർച്ചകളിൽ ഒച്ച ഉയർത്തി തന്റെ ഭാഗം പറയുന്ന ജോർജ്ജ് പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന് സ്ഥാപിക്കാൻ പോന്നതാണ് ഇന്നലെ നടന്ന ചർച്ച. മാത്രമല്ല ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ മാനത്തെ വീണ്ടും വീണ്ടും അപമാനിച്ചു സംസാരിക്കുകയും ചെയ്യുന്നുണ്ട് ജോർജ്. ഒരു സ്ത്രീയെയും അവളുടെ മാനത്തെയും ഇത്രയും വിലകുറച്ചു കാണുന്ന ഒരു ജനപ്രതിനിധി ഭാരതത്തിൽ നിലവിലുള്ള നിയമത്തിന്റെ ചൂട് നല്ലവണ്ണം അറിയണം എന്ന ആവശ്യമാണ് ഉയരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top