കേരളത്തിൽ വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി

കേരളത്തിൽ വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. ജി എസ് ടി വന്നപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാൽ പലവ്യഞ്ജനങ്ങളുടെ വില കുറഞ്ഞു. അരിവില കുറയ്ക്കാൻ സർക്കാർ ഇടപെട്ടെന്നും അടിയന്തര പ്രമേയത്തിനു മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
വിലക്കയറ്റത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ടി വി ഇബ്രാഹിം എം എൽ എയാണ് നോട്ടിസ് നൽകിയത്. ജി എസ് ടി നിലവിൽ വന്നതോടെ വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് പ്രതിപക്ഷം സഭയിൽ പരിഹസിച്ചു.
പച്ചക്കറിക്കു മാത്രമാണ് അൽപം വിലകൂടിയത്. ഓണത്തിന് 1470 ഓണച്ചന്തകളും 2000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ല. വില നിയന്ത്രിക്കാൻ സർക്കാർ മുൻകരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here