കെവിൻ ഡ്യുറന്റ് ഇനി ഇന്ത്യയെന്ന് പോലും മിണ്ടില്ല; പേജിൽ പൊങ്കാലയിട്ട് മലയാളികൾ

ഇന്ത്യയെയും ഇന്ത്യക്കാരെയും അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ബാസ്‌കറ്റ് ബോൾ താരം കെവിൻ ഡ്യൂറന്റിന് സ്ഥിരം ശൈലിയിൽ പണികൊടുത്ത് മലയാളികൾ. കെവിന്റെ ഫേസ്ബുക്ക് പേജിൽ മലയാളി ഫേസ്ബുക്ക് യൂസേർസിന്റെ ചീത്തവിളികളും കമന്റുകളും നിറഞ്ഞു. ഡൊണാൾഡ് ട്രംപിനെയും മരിയ ഷെറപ്പോവയെയും വെറുതെ വിട്ടിട്ടില്ലാത്ത മലയാളികൾ കെവിൻ ഡ്യൂറന്റിനെയും വെറുതെ വിട്ടില്ല.
മമ്മൂട്ടിയുടെ ദി കിംഗിലെ ‘അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യ അല്ല…’ എന്ന ഡയലോഗടക്കം ചീത്ത വിളികളും പരിഹാസവുമെല്ലാമുണ്ട് ഓരോ പോസ്റ്റിനുതാഴെയുള്ള കമന്റുകളിൽ. ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ചാൽ കളി പഠിപ്പിക്കുമെന്നതടക്കം നിറയുന്നു കമന്റുകൾ.
അതേസമയം ഇന്ത്യൻ തെരുവുകളിൽ പശുക്കൾ അലഞ്ഞ് തിരിയുന്നു എന്ന കെവിന്റെ പരാമർശം ഗോ സംരക്ഷകരെ കളിയാക്കാനും ചിലർ ഉപയോഗപ്പെടുത്തി.പശുക്കൾ ഇന്ത്യക്കാരുടെ ഗോമാതാവാണ്. അതിനെ എങ്ങനെ വെറും പശുവായി കാണാൻ കഴിഞ്ഞു. വേറെ ഏത് രാജ്യത്തിനുണ്ട് തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് ക്ഷേമം അന്വേഷിക്കുന്ന മാതാവ്. തുടങ്ങിയ പരിഹാസങ്ങളുമുണ്ട്. കെവിനെ കുറ്റപ്പെടുത്താനാകില്ലെന്നും ഗുജറാത്തോ ഉത്തർപ്രദേശിലോ ആയിരിക്കും കെവിൻ പോയിരിക്കുക എന്നിങ്ങനെയും നീളുന്നു പരിഹാസ കമന്റുകൾ.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയെ കുറിച്ച് കെവിൻ ഡ്യുറന്റ് വിവാദ പരാമർശങ്ങൾ നടത്തിയത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചതിനെ കുറിച്ചായിരുന്നു കെവിന്റെ പരാമർശം. അനുഭവത്തിന്റെയും അറിവിന്റെയും കാര്യത്തിൽ ഇന്ത്യ 20 വർഷം പിന്നിലാണ്. അവിടുത്തെ തെരുവുകളിൽ എപ്പോഴും പശുക്കളും തെരുവു നായകളും അലഞ്ഞുതിരിയുന്നത് കാണാം. കുരങ്ങൻമാർ എല്ലായിടത്തും ഓടിനടക്കുന്നുണ്ടാകും. പാതയോരത്ത് നൂറുകണക്കിനാളുകൾ എപ്പോഴും തിങ്ങിനിൽക്കുന്നുണ്ടാകും. പാതി പൂർത്തിയായ വീടുകളിൽ താമസിക്കുന്ന ആളുകളും വാതിലും ജനാലകളുമില്ലാത്ത വീടുകളും കാണാമെന്നുമെല്ലാം പരിഹാസത്തോടെ കെവിൻ ഡ്യുറന്റ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here