ഗുർമീതിനെ പിന്തുണച്ച സാക്ഷി മഹാരാജ് സ്ത്രീത്വത്തെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി

ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് വ്യക്തമായിട്ടും ബിജെപി നേതാക്കളെടുക്കുന്ന നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി.
ബലാൽസംഗ കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഗുർമീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് ‘ഇന്ത്യൻ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇപ്പോൾ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് കോടതിയാണ് ഉത്തരവാദിയെന്നു’മാണ് ബി ജെ പി പാർലമെന്റംഗം സാക്ഷി മഹാരാജ് പ്രതികരിച്ചത്. ഈ പ്രസ്താവനയെ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് അപലപിച്ചത്.
കോടിക്കണക്കിന് ജനങ്ങൾ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെൺകുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണെന്നും ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനൽ കുറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാ മസ്ജിദ് തലവൻ ഷാഹി ഇമാമിനെ ഈ വിധത്തിൽ ശിക്ഷിക്കാൻ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിനു അതീതരാണ് എന്നാണ് ഈ എം പി പ്രഖ്യാപിക്കുന്നത്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്‌നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ്.
ഗോഡ്‌സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകൾ നടത്തുകയും അനേകം ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനാവുകയും ചെയ്ത സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവാണ്. സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് അത് കൊണ്ട് തന്നെ സംഘ പരിവാറിന്റെ നയമാണ്. സാക്ഷിയെ തള്ളിപ്പറയാൻ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കം ഉള്ള ബിജെപി-ആർ എസ് എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നൽകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here