എന്‍ഫീല്‍ഡ് ബുള്ളറ്റ് ദൈവം; സമ്മതിക്കണം

ആരെ കിട്ടിയാലും ആരാധിക്കാൻ നമ്മൾ തയ്യാറാണ്. എന്ത് കുന്തവും അന്ധവിശ്വാസത്തിൽ പൊതിഞ്ഞു തന്നാൽ വാങ്ങുകയും ചെയ്യും. ബാബാമാരും , ആസാമികളും , ദിവ്യന്മാരും , അമ്മമാരും ഒക്കെ കൂടി നമ്മുടെ ബുദ്ധി മുഴുവൻ കവർന്നിരിക്കുകയാണ്. അങ്ങനെ ദൈവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടിൽ കല്ലും, മരവുമടക്കം പലതിലും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവർ പഴയ ആളുകൾ മാത്രമല്ല; ചെറുപ്പക്കാരും ഉണ്ട്. അതൊക്കെ കടന്ന് ഒരു കടും കൈ നടക്കുകയാണ് രാജസ്ഥാനിൽ. ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ദൈവത്തെ പറ്റിയാണ് ഇനി അങ്ങോട്ട് പറയുന്നത്. രാജസ്ഥാനിലെ പാലി ജോധ്‌പൂർ ഹൈവേയിലാണ് അങ്ങനെയും ഒരു ദൈവമുള്ളത്. ഒരു തുരുമ്പെടുത്ത 350 സി.സി. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇവിടെയിതാ ദൈവവമായിരിക്കുന്നു. ഗുർമീത് ദൈവം ഉയർത്തിയ ചിരി അടങ്ങും മുൻപ് ഈ കഥ കൂടി ആസ്വദിച്ചാട്ടെ.
ബുള്ളറ്റ് ബാബ
രാജസ്ഥാനിലെ ബുള്ളറ്റ് ബാബ ക്ഷേത്രം ഒരു ശരാശരി ബുദ്ധിയുള്ളവരെ ഞെട്ടിക്കും. ഇവിടുത്തെ പ്രതിഷ്ഠ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കാണ്. ജോധ്‌പൂരിൽ നിന്നും 40 കിലോമീറ്റര്‍ ഉള്ളിലായുള്ള ബന്‍ഡായി ഗ്രാമത്തിലാണ് 26 വര്‍ഷം പഴക്കമുള്ള ബുള്ളറ്റ് ബാബ ക്ഷേത്രം. പ്രാർത്ഥനയുടെ ഉദ്ദേശം സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയെന്നാണ് പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ പറയുന്നത്. ഇന്ന് ബാബ ക്ഷേത്രവും ആരാധനാലയവും രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. ബുള്ളറ്റിന് ഗ്ളാസ് കൊണ്ട് ഒരു സംരക്ഷണ കവചവും ഒരുക്കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും പൂജകളും പ്രാർത്ഥനകളും ഇവിടെ നടക്കുന്നു.
ഒരുഗ്രൻ ഐതീഹ്യവും ഉണ്ട്
യാഥാർത്ഥ്യ ബോധത്തിന് ഉൾക്കൊള്ളാനോ വിശ്വസിക്കാനോ പറ്റാത്ത കെട്ടുകഥകൾ പക്ഷേ ഒരു സമൂഹത്തിന്റെ ഏറ്റവും മഹത്തായ വിശ്വാസങ്ങളിൽ ഒന്നായിരിക്കും. ഇത്തരം വിശ്വാസങ്ങളിൽ ഒന്നാണ് ബുള്ളറ്റ് ബാബ ക്ഷേത്രം.
കഥയിതാണ്. ഓം ബന്ന എന്ന ഗ്രാമവാസി ബൈക്ക് അപകടത്തില്‍ മരിച്ചു. അതിന് ശേഷം തന്റെ വിധി മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാന്‍ ജനങ്ങളെ അപകടങ്ങളില്‍ നിന്ന് കാത്തു രക്ഷിക്കുന്ന കർമ്മത്തിലാണ് ഓം ഖന്ന എന്നാണ് തദ്ദേശീയരുടെ വിശ്വാസം. ആളില്ലാതെ ബൈക്ക് ഓടിക്കുന്ന ഓം ഖന്നയുടെ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും കഥകള്‍ പരത്തുന്നുണ്ട്. തന്റെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഓം സിംഗ് റാത്തോർ പാലി- ജോധ്‌പൂർ പാതയിലെ റോഹത്ത് എന്ന പ്രദേശത്ത് നിന്നും ബെെക്കിന്റെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ റാത്തോർ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത് നിന്നും അയാളുടെ ബെെക്കും പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പ്രകാരമാണ് അയാളുടെ പേര് ഓം സിംഗ് റാത്തോറാണെന്ന് മനസിലായത്.
അപകടത്തിൽ പെട്ട ബെെക്ക് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് തൊട്ടടുത്ത ദിവസം ബെെക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷമായി അപകടം നടന്ന സ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തി. ആരോ ബെെക്ക് മോഷ്ടിച്ചെന്ന ധാരണയിൽ പൊലീസ് വീണ്ടും ബെെക്ക് സ്റ്റേഷനിൽ കൊണ്ട് വന്നു. തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ബുള്ളറ്റ് ഇനി ആരും കടത്തിക്കൊണ്ടു പോകരുതെന്നു കരുതി അതിലെ പെട്രോൾ മുഴുവൻ ഊറ്റിയ ശേഷം ചങ്ങലയും പൂട്ടും ഇട്ട് ഭദ്രമായി പൂട്ടി വച്ചു. എന്നാൽ അത് കൊണ്ടും ഫലമുണ്ടായില്ല. ബെെക്ക് വീണ്ടും അപ്രത്യക്ഷമാവുകയും അപകടം സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.
അതോടെ ഗ്രാമവാസികളുടെ മനസിൽ ഒരു വിശ്വാസം ജനിക്കുകയായിരുന്നു; റാത്തോറിന്റെ ആത്മാവ് ആ ബെെക്കിലുണ്ടെന്ന വിശ്വാസം. റാത്തോർ അപകടത്തിൽ പെട്ട സ്ഥലത്ത് തന്നെ ഏതാനും നാളുകൾക്കുള്ളിൽ മറ്റൊരാൾ അപകടത്തിൽപെട്ടു. അയാളെ ആരോ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് രക്ഷിച്ച ആളെ കുറിച്ച് ഒന്നും അറിഞ്ഞുമില്ല. അയാൾക്ക് സഹായം ചെയ്തത് റാത്തോർ ആണെന്നുമുള്ള കഥകൾ പടർന്നതോടെ സമീപവാസികളുടെ വിശ്വാസം വർദ്ധിച്ചു. തുടർന്ന് പതിയെ റാത്തോറിന്റെ പേരിൽ അവിടെ ഒരു ക്ഷേത്രമുയർന്നു. ഓം സിംഗ് റാത്തോർ ഓം ബന്ന എന്ന് അറിയപ്പെടാൻ തുടങ്ങി. കൂടാതെ മറ്റു ചിലർ അദ്ദേഹത്തെ ബുള്ളറ്റ് ബാബ എന്നും വിളിച്ചു.
മാറേണ്ട രാഷ്ട്രീയം ഉണ്ടിവിടെ
വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും കുമിഞ്ഞു കൂടിയ നാടാണ് ഇന്ത്യ. ഇന്ത്യയിലെ വിശ്വാസികള്‍ക്ക് ഇതൊക്കെ തീര്‍ത്ഥാടന കേന്ദ്രങ്ങളും അവിശ്വാസികള്‍ക്കും വിദേശികൾക്കും ഇതൊക്കെ ചിരിച്ചു മരിക്കാനുള്ള കാഴ്ചാ കേന്ദ്രങ്ങളും മാത്രമാണ്. ഇതിൽ നിന്നൊക്കെ സാമ്പത്തിക ലാഭമുണ്ടാക്കുന്ന ഒരു വിഭാഗം ഉണ്ടാകും. തദ്ദേശീയരിൽ ഇത്തരം ദൗർബല്യങ്ങൾ വിറ്റും വിളമ്പിയും തങ്ങളുടെ രാഷ്ട്രീയം വളർത്തിയെടുക്കുന്നവർ പക്ഷെ വിതയ്ക്കുന്നത് വിഷമാണ്. തലച്ചോറിന് ചലനാത്മകത ഇല്ലാതാക്കി മാറ്റുന്ന വിധം വിഷം വിതയ്ക്കുന്നവരെ അകറ്റി നിർത്താനുള്ള ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പാണ് ഇനി ചിന്താവിഷയം ആക്കേണ്ടത്. അതിനും കഴിയും വിധം മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട ഒരു രാഷ്ട്രീയം നിർഭാഗ്യവശാൽ ഇവിടെ നിലനിൽക്കുന്നു എന്നാണ് ഗുർമീത് സിംഗ് എന്ന ക്രിമിനൽ ദൈവവും അയാൾക്കുള്ള പിന്തുണയും തെളിയിക്കുന്നത്. ബുള്ളറ്റ് ബാബയൊക്കെ നമുക്ക് മാത്രമാണ് കോമഡി.
A Motorbike God? Villagers in Rajasthan Worship Royal Enfield
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here