മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമനന്മാർ ഇവിടെയുണ്ട്

സവർണ്ണ-അവർണ്ണ, ആര്യ-ദ്രാവിഡ യുദ്ധങ്ങൾക്ക് മനുഷ്യ കുലത്തോളം പ്രായമുണ്ട്. അടിച്ചമർത്തലുകളിൽ ഇര അവർണ്ണ വിഭാഗവും നേട്ടം കൊയ്യുന്നവർ സവർണ്ണരുമാകുന്നത് ഇന്നും തുടർക്കാഴ്ചയാണ്. രോഹിത് വെമുലയും നജീബും അഖ്‌ലാഖും ദളിത ന്യൂനപക്ഷം തന്നെ. ഉന പ്രക്ഷോഭം നടന്നതും സവർണ്ണ മേധാവിത്വത്തിന്റെ അടിച്ചമർത്തലുകളിൽ സഹികെട്ടാണ്.
ഇനി കാഴ്ചകൾ കേരളത്തിലേക്ക് തിരിച്ചാൽ ശരീര ഭാഷ നിശ്ചയിക്കുന്നതാണ് ഇവിടെ അവർണ്ണ സവർണ്ണ വ്യത്യാസങ്ങൾ. താടി വളർത്തിയവർ, മുടി നീട്ടി വളർത്തിയവർ കാതിൽ കമ്മലിട്ടവർ, ക്രിമിനലുകളാണെന്ന് ഒറ്റ നോട്ടത്തിൽ വിലയിരുത്തപ്പെടുന്നു. വിനായകൻ ഒരു ദളിതനായിരുന്നു. മലയാള സിനിമകളിലേക്കെത്തിയാലും കഥ വ്യത്യസ്തമല്ല, ആക്രമിയും കൊലപാതകിയും ക്രൂരമായ എന്തെല്ലാം കഥാപാത്രങ്ങളുണ്ടോ അതെല്ലാം അവർണ്ണ കഥാപാത്രങ്ങളായിരിക്കും… കലാഭവൻ മണി എന്ന നടന്റെ കഥാപാത്രങ്ങളെ മാത്രമെടുത്താൽ മതി സിനിമയുടെ രാഷ്ട്രീയം വ്യക്തമാകാൻ.
നായകനെ വെട്ടി കെട്ടിയിറക്കുന്ന വാമനന്മാർ
ഐതീഹ്യങ്ങളിലും സ്ഥിതി മറിച്ചല്ല. തകർത്തഭിനയിച്ച് വിയർത്ത് കുളിച്ച് നിൽക്കുന്ന നായക കഥാപാത്രം ക്ലൈമാക്‌സിൽ എത്തുമ്പോൾ സഹനടനാകുന്ന സിനിമകൾ എത്രയോ നമ്മൾ കണ്ടിട്ടുണ്ട്. സാധാരണക്കാരനായ നായകനെ വെട്ടി കയറി വരുന്ന സവർണനായ കഥാപാത്രങ്ങളാണ് മിക്കവയും. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെയും സമ്മർ ഇൻ ബത്‌ലഹേമിലെയുമെല്ലാം മോഹൻലാൽ കഥാപാത്രങ്ങൾതന്നെ ഉദാഹരണം.
ഇത് തന്നെയാണ് ഐതീഹ്യങ്ങളിലെ മഹാബലിയും വാമനനും. അന്നുവരെ സമ്പൽ സമൃദ്ധമായ ഒരു രാജ്യം കെട്ടിപ്പടുത്ത്, അഴിമതി രഹിത ഭരണം നടത്തിപ്പോന്നിരുന്ന രാജാവെന്ന നായകനെ പെട്ടന്നൊരു ദിവസം എവിടെ നിന്നോ വന്ന അവതാരം (അതിഥി കഥാപാത്രം) ഓവർ ടേക്ക് ചെയ്ത് കഥയുടെ മൊത്തം കയ്യടിയും വാങ്ങി പോകുന്നു. ഒടുവിലൊരു സാരോപദേശ കഥയും. പിന്നെ ഒരു ‘വര’വും നൽകും. അതോടെ അതുവരെ കൊണ്ടുവന്നെത്തിച്ച മഹാബലിയുടെ എല്ലാ ഹീറോയിസവും വാമനനിലേക്ക്. അയാൾ പിന്നീടങ്ങോട്ട് നൽകിയ ഔദാര്യമെന്നോണം മഹാബലിയുടെ ജീവിതം പിന്നെയും ബാക്കി. വാമനനും മോഹൻലാലും തമ്മിലൊന്നുമില്ല. എന്നാൽ സവർണ കഥാപാത്രങ്ങളെ കൊണ്ടുവന്ന് കഥയുടെ കയ്യടി അവർക്ക് വാങ്ങിക്കൊടുത്താൽ മാത്രമേ കഥാകാരന്മാർക്ക് തൃപ്തിയാകൂ… അത് സിനിമകളിൽ മാത്രമല്ല, അങ്ങ് ഐതീഹ്യകാലം മുതലുള്ളതാണെന്ന് സാരം.
അസുര ചക്രവർത്തിയായ മഹാബലിയെ നിഗ്രഹിക്കാനെത്തുന്ന സവർണ്ണ, ബ്രാഹ്മണനായ വാമനനിൽ തുടങ്ങുന്നു ഐതീഹ്യങ്ങളിലെ അടിച്ചമർത്തലുകളുടെ സ്പഷ്ട മാതൃകകൾ. (അതിന് മുമ്പ് വന്ന നാല് വൈഷ്ണവാവദാരങ്ങളും ഇതിൽ ഒട്ടും പുറകിലല്ല). പിന്നീട് രാവണൻ, താടക, പൂതന… ഇങ്ങനെ നീളുന്നു ബ്രാഹ്മണ അവതാരങ്ങൾ കൊന്നൊടുക്കിയ അസുരർ.
അസുര മഹാബലിയെ ചവിട്ടി താഴ്ത്തിയ ബ്രാഹ്മണ വാമനൻ
നിരവധി മിത്തുകളും ഐതീഹ്യങ്ങളും ഓണവുമായും മഹാബലിയുമായും ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഇതിൽ പ്രമുഖവും ഏറെ പ്രചാരമുള്ളതുമാണ് പ്രചാവത്സലനായ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നത്. മഹാബലിയ്ക്ക് ഇടക്കാലത്ത് സ്വന്തം ഭരണത്തെ കുറിച്ചും കഴിവിലുമുണ്ടായ അഹങ്കാരമാണ് ഇതിന് കാരണമായി പറയുന്നത്.
ഐതീഹ്യങ്ങളെല്ലാം ശ്രദ്ധിച്ചാലറിയാം അഹങ്കാരികളായും ചതിയന്മാരായും കള്ളന്മാരായുമെല്ലാം മുദ്രകുത്തപ്പെടുന്നത് അസുരന്മാരാണ്. എല്ലാത്തിൽനിന്നും അവരെ ശിക്ഷിച്ച് മോക്ഷം നൽകാനെത്തുന്നവരാണ് ദേവന്മാർ അഥവാ ബ്രാഹ്മണർ. ഈ ഐതീഹ്യത്തിന് പിന്നിലും ഒളിച്ചിരിക്കുന്ന യാഥാർത്ഥ്യം അതുതന്നെയാണ്.
ഇതിനിടയിൽ പൂണോലീടിച്ച് സർവ്വാഭരണ വിഭൂഷിതനാക്കി, വെള്ളച്ചായം പുരട്ടി, കുടവയർ കുലുക്കി ഇറക്കുന്ന മഹാബലി രൂപം. കണ്ടാൽ സവർണ്ണനെന്ന് വ്യക്തമാക്കുന്നതിലൂടെ മഹാബലി എന്ന ദ്രാവിഡ രാജാവിനെ ബ്രാഹ്മണ ആലയിലേക്ക് കെട്ടാനുള്ള ശ്രമമാണ് അറിഞ്ഞോ അറിയാതെയോ നമ്മൾ നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളനാട് ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്നു മഹാബലിയെന്നാണല്ലോ വിശ്വസിച്ച് പോരുന്നത്. അന്ന് അസുരഗണങ്ങൾ ജീവിച്ചിരുന്ന, ചരിത്രത്തിൽ ദ്രാവിഡരായ കേരള ജനതയോട് ഇന്ന് ആര്യ വംശജരായ ഉത്തരേന്ത്യക്കാർക്കുള്ളത് ‘വാമന കോപ്ലക്‌സ്’ ആണെന്നത് സ്പഷ്ടമായ സത്യം. ഇങ്ങ് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ളത് ‘സാലേ മദ്രാസി’കളെന്ന് പറയാതെ പറയുന്നവർ. ഭരിച്ച് പഠിപ്പിക്കാൻ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടുന്നതും പണ്ട് മഹാബലി ഭരണത്തിൽ ആശങ്ക പൂണ്ട ദേവന്മാർ മഹാവിഷ്ണുവിനെ ചെന്ന് കണ്ട് പരാതി പറഞ്ഞതിന് തുല്യമല്ലേ…
ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന അഭിനവ വാമനന്മാർ തെക്കേ ഇന്ത്യയെ ആകെ വിഴുങ്ങാനുള്ള ശ്രമത്തിലാണെന്നും അതിനുള്ള കഠിന പ്രയത്‌നത്തിലാണെന്നും തമിഴ്‌നാട്ടിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തം. 2016ലെ ഓണത്തിന് വാമന ജയന്ത്രി ആശംസിച്ച ബിജെപി ദേശീയ നേതാവ് അമിത് ഷാ ഉയർത്തുന്ന സവർണ്ണ രാഷ്ട്രീയവും ഇതിന്റെയെല്ലാം ഭാഗം തന്നെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here